കോട്ടയം; കോട്ടയത്തുണ്ടായ കനത്ത മഴയിൽ ജില്ലയിൽ വ്യാപക നാശനഷ്ടമാണുണ്ടായത്. മഴ വീണ്ടും ശക്തമാകാനിരിക്കെ ജില്ലയിലെ 33 ഇടങ്ങളിൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇതിൽ കൂടുതൽ സ്ഥലങ്ങളും കൂട്ടിക്കൽ, തീക്കോയി മേഖലകളിലാണ്. പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്ന് നിർദേശമുണ്ട്.
ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റും
കൂട്ടിക്കലിൽ 11 ഇടങ്ങളിൽ മണ്ണിടിച്ചിൽ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. ഈ സ്ഥലങ്ങളിൽ നിന്ന് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റും. കൂട്ടിക്കൽ, മുണ്ടക്കയം മേഖലകളിൽ അതീവ ജാഗ്രത പുലർത്തണമെന്നും നിർദേശിച്ചു. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് എത്തിക്കും. സ്വമേധയാ മാറിയില്ലെങ്കിൽ മാറ്റാൻ നടപടിയെടുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ക്യാമ്പുകളിലേക്ക് ജനങ്ങളെ മാറ്റാൻ കെഎസ്ആർടിസി സൗകര്യമൊരുക്കും. ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയ്യാറാണെന്ന് കോട്ടയം ജില്ലാ കളക്ടർ അറിയിച്ചു. അതിനിടെ, ആവശ്യമെങ്കിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്നതിനുള്ള മത്സ്യ ബന്ധന വള്ളങ്ങൾ ചങ്ങനാശേരി മുനിസിപ്പൽ ഗ്രൗണ്ടിൽ എത്തിച്ചു.
ഇന്നു മുതൽ മഴ ശക്തമാകും
ഇന്നുമുതൽ ഒക്ടോബർ 23 ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായി അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലും നാളെ കണ്ണൂർ, കാസർകോഡ് ജില്ലകൾ ഒഴികെ മുഴുവൻ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates