

ഈ വർഷം അവസാനം നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്താൻ ബിജെപി, പുതിയ സംസ്ഥാന നേതൃത്വത്തിന് കീഴിൽ, സംഘടനാപരമായ തന്ത്രങ്ങൾ നടപ്പാക്കാൻ ഒരുങ്ങുകയാണ്. പ്രാരംഭമായി , തിരുവനന്തപുരം, തൃശൂർ, കൊല്ലം എന്നീ മൂന്ന് നഗര കോർപ്പറേഷനുകളിൽ വിജയം ലക്ഷ്യമിട്ടാണ് കരുനീക്കം. തന്ത്രപരമായി നിർണായകമായ ചില പോക്കറ്റുകളിൽ വിജയസാധ്യതകൾ മനസ്സിലാക്കി, കോൺഗ്രസ്, എൻഎസ്എസ്, ക്രിസ്ത്യൻ ശക്തികേന്ദ്രങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നിലവിൽ യു.ഡി.എഫിനൊപ്പം നിൽക്കുന്ന സീറ്റുകൾ പിടിച്ചെടുക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വർഷത്തിൽ താഴെ മാത്രം ശേഷിക്കെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്താനാണ് ബിജെപി തീരുമാനം. പഞ്ചായത്തുകൾക്കായി വിപുലമായ തന്ത്രപരമായ ചട്ടക്കൂടിന് അന്തിമരൂപം നൽകുന്ന പ്രക്രിയയിലാണ് പാർട്ടി. നിലവിലുള്ള സീറ്റുകൾ നിലനിർത്തുക എന്നതാണ് മുൻഗണന. സംഘടനാപരമായി ശക്തമായ പ്രദേശങ്ങളിൽ സീറ്റുകൾ നേടിക്കൊണ്ടോ നിർണായക പങ്ക് വഹിച്ചോ തങ്ങളുടെ സാന്നിധ്യം അറിയിക്കാനും ബിജെപി ആലോചിക്കുന്നു.
സംസ്ഥാനത്തെ 19 ഗ്രാമപഞ്ചായത്തുകൾക്ക് പുറമേ, ബിജെപി നേതൃത്വത്തിലുള്ള നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് (എൻഡിഎ) പാലക്കാട്, പന്തളം എന്നീ രണ്ട് മുനിസിപ്പാലിറ്റികളും ഭരിക്കുന്നു.
നിലവിൽ, എൻ ഡി എയ്ക്ക് സംസ്ഥാനത്തുടനീളം വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി 1,600 ഓളം വാർഡ് അംഗങ്ങളുണ്ട് - അത് വർദ്ധിപ്പിക്കാനുള്ള പദ്ധതികളും ആലോചിക്കുന്നു. സാധാരണ രീതിക്ക് വിരുദ്ധമായി, പഞ്ചായത്ത് തെരഞ്ഞെടുപ്പിനായി പാർട്ടി ഒരു പുതിയ സംഘടനാ സംവിധാനം കൊണ്ടുവന്നിട്ടുണ്ടെന്ന് ഒരു മുതിർന്ന നേതാവ് പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ സൂക്ഷ്മതല ആസൂത്രണത്തിന്റെ ഭാഗമാണ്. തെരഞ്ഞെടുപ്പിനായി തയ്യാറെടുക്കുന്നതിനായി ഓരോ വാർഡിലും അഞ്ച് അംഗ കോർ ടീമുകൾക്ക് പാർട്ടി രൂപം നൽകിയിട്ടുണ്ട്.
ഓരോ പഞ്ചായത്തിനും സംസ്ഥാന നേതൃത്വം ലക്ഷ്യങ്ങൾ നിശ്ചയിച്ചു; തുടർന്ന് കൺവെൻഷനുകൾ നടത്തി, ഒടുവിൽ മെയ് മുതൽ നവംബർ വരെയുള്ള സമയത്തേക്കുള്ള ഒരു രൂപരേഖ അവതരിപ്പിക്കും. പഞ്ചായത്തുകളുടെ ചുമതലയുള്ളവരെ പിന്നീട് തീരുമാനിക്കും.
പ്രൊഫഷണലായും, സമയബന്ധിതമായും, വ്യവസ്ഥാപിതമായും കാര്യങ്ങൾ ചെയ്യുന്നത്. "വാർഡ് തരംതിരിച്ചതു പോലും വ്യക്തമായ, തന്ത്രപരമായ രൂപരേഖയുടെ അടിസ്ഥാനത്തിലാണ്. കോൺഗ്രസ് മേഖലയിലേക്ക് കടന്നുചെല്ലുക എന്നതാണ് പ്രാഥമിക ലക്ഷ്യം. രണ്ടാം ഘട്ടത്തിൽ, സിപിഎമ്മിന് ശക്തമായ സാന്നിധ്യമുള്ള പ്രദേശങ്ങളിൽ, പ്രത്യേകിച്ച് ഈഴവ, ഒബിസി, പട്ടികജാതി, ഗോത്ര വിഭാഗങ്ങൾ തുടങ്ങിയ സമുദായങ്ങളുടെ ഗണ്യമായ സാന്നിധ്യമുള്ള വാർഡുകളിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കും," മറ്റൊരു മുതിർന്ന നേതാവ് പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 2020 ലെ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ വോട്ട് വിഹിതം 15% ആയിരുന്നു ഇത്തവണ ഇത്തവണ കുറഞ്ഞത് 20% ആക്കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് വിഹിതം 19.23% ആയി ഉയർത്താൻ എൻഡിഎയ്ക്ക് കഴിഞ്ഞു. പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് വിഹിതം 16.68% ആയിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ ഫലം 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തീർച്ചയായും നിർണ്ണായകമാകുമെന്ന് നേതൃത്വം കരുതുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
