

തിരുവനന്തപുരം: സമകാലീന ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണി വര്ഗീയതയായിട്ടും അതിനെ നേരിടുന്നതില് ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം പിന്നോട്ടടി ഉണ്ടായിരിക്കുകയാണെന്ന് മുന്മന്ത്രിയും സിപിഎം പോളിറ്റ്ബ്യൂറോ അംഗവുമായ എം എ ബേബി. 'ജാതിഭേദം മതദ്വേഷം' എന്ന ശ്ലോകം ഉരുവിട്ട ശ്രീനാരായണഗുരുവിന്റെ കേരളത്തില് ചില പ്രദേശങ്ങളില് അമ്പരിപ്പിക്കുംവിധം വലിയതോതില് ജനവിഭാഗങ്ങളെ കഴിഞ്ഞ തെരഞ്ഞെടുപ്പില് അണിനിരത്താന് വര്ഗീയശക്തികള്ക്ക് കഴിഞ്ഞു. മതംപറഞ്ഞ് രാഷ്ട്രത്തെയും സമൂഹത്തെയും മനുഷ്യനെയും ഇല്ലാതാക്കുന്നത് ദേശദ്രോഹമാണെന്നും അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം വാരിക പത്രാധിപ സമിതി അംഗം പി എസ് റംഷാദ് രചിച്ച 'വര്ത്തമാനത്തിന്റെ ഭാവി എന്ന കേരള മീഡിയ അക്കാദമിയുടെ പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന് ഡിജിപി എ. ഹേമചന്ദ്രന് പുസ്തകം സ്വീകരിച്ചു.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
ജൂണ് നാലിന് തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം പശുവിന്റെ പേരില് ഉത്തരേന്ത്യയിലും മറ്റും നിരവധി കൊലപാതകങ്ങള് നടന്നു. പക്ഷേ, ഗോവധത്തിന്റെ പേരിലെ സംരക്ഷണക്കൊലപാതകങ്ങളില് സിപിഎം ഒഴികെ മറ്റൊരു രാഷ്ട്രീയപാര്ട്ടിയും ദേശീയതലത്തില് ഒരു പ്രസ്താവനയും പുറപ്പെടുവിച്ചില്ല. വര്ഗീയത ഉപയോഗിച്ച് ഭരണം പിടിച്ചെങ്കിലും വര്ഗീയശക്തികളുടെ സ്വാധീനം വലിയതോതില് ഇടിഞ്ഞുവെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കി. പക്ഷേ, വര്ഗീയത തീവ്രമാക്കി നഷ്ടപ്പെട്ട സ്വാധീനം വീണ്ടെടുക്കാനാണ് ശ്രമം.
വര്ഗീയവിപത്തിനെ നേരിടാന് രാഷ്ട്രീയതലത്തിലും സാംസ്കാരിക തലത്തിലും സംഘടിതപ്രവര്ത്തനം ആവശ്യമാണ്. ഇക്കാര്യങ്ങള് ശക്തമായി ചൂണ്ടിക്കാട്ടുന്നതാണ് റംഷാദിന്റെ പുസ്തകത്തിലെ ഡോ കെ എന് പണിക്കരുടെ അഭിമുഖം. ആര് എസ് എസ് ഹിന്ദുരാഷ്ട്രത്തിന് വേണ്ടിയാണെങ്കില് തന്റെ പ്രസ്ഥാനം ഹിന്ദുരാജ്യത്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് വര്ഗീയതയ്ക്കെതിരായ സമരത്തില് വലിയ സംഭാവന നല്കുന്ന ഒരു സംഘടനയുടെ നേതാവ് ആവര്ത്തിച്ചുപറഞ്ഞു. ആര്എസ്എസിനെ നേരിടാനുള്ള വഴി ഇതല്ല. ആര് എസ് എസ് ഈ രാജ്യത്തിന് എത്രവലിയ ഭീഷണിയാണെന്ന് ഈ രാജ്യം മനസ്സിലാക്കിയിട്ടില്ലായെന്ന ഡോ കെ എന് പണിക്കരുടെ ജാഗ്രതപ്പെടുത്തല് പ്രധാനമാണെന്നും ബേബി ചൂണ്ടിക്കാട്ടി.
മാധ്യമപ്രവര്ത്തനത്തിന്റെ പ്രത്യേക ശാഖ തന്നെയാണ് അഭിമുഖ ജേര്ണലിസമെന്നും അത് കഠിനമായൊരു ജോലിയാണെന്നും ചടങ്ങില് മുഖ്യപ്രഭാഷണം നിര്വ്വഹിച്ച മുന് എംഎല്എ ഷാനിമോള് ഉസ്മാന് പറഞ്ഞു. പി എസ് റംഷാദിന്റെ പുസ്തകം അഭിമുഖ ജേര്ണലിസത്തിന് മുതല്ക്കൂട്ടാണെന്നും അവര് കൂട്ടിച്ചേര്ത്തു. അഭിമുഖങ്ങള്ക്കപ്പുറം മനുഷ്യാവകാശങ്ങളെക്കുറിച്ച് കേരളത്തില് വ്യാപകമായി എഴുതിയിട്ടുള്ള മാധ്യമപ്രവര്ത്തകനാണ് പി എസ് റംഷാദ് എന്ന് മുന് ഡിജിപി ഹേമചന്ദ്രന് പുസ്തകം സ്വീകരിച്ചുകൊണ്ട് പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയചരിത്രത്തിലെ വലിയൊരു ഏടാണ് ഈ പുസ്തകമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തൈക്കാട് ഭാരത് ഭവനില് നടന്ന സമ്മേളനത്തില് കേരള മീഡിയ അക്കാദമി ചെയര്മാന് ആര് എസ് ബാബു അധ്യക്ഷനായിരുന്നു. അക്കാദമി പ്രസിദ്ധീകരിച്ച 61-ാമത്തെ പുസ്തകമാണ് വര്ത്തമാനത്തിന്റെ ഭാവിയെന്ന് അദ്ദേഹം പറഞ്ഞു. വി കെ പ്രശാന്ത് എംഎല്എ മുഖ്യാതിഥിയായി. മീഡിയ അക്കാദമി സെക്രട്ടറി അനില് ഭാസ്കര് നന്ദിയും അസിസ്റ്റന്റ് സെക്രട്ടറി പി കെ വേലായുധന് സ്വാഗതവും പറഞ്ഞു. കേരള നോളജ് ഇക്കോണമി മിഷന് ഡയറക്ടര് ഡോ. പി എസ് ശ്രീകല, ദി ന്യൂ ഇന്ത്യന് എക്സ്പ്രസ് ബ്യൂറോ ചീഫ് അനില് എസ്, കെ.യു.ഡബ്ല്യു.ജെ ജില്ലാ സെക്രട്ടറി അനുപമ ജി നായര്, തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറി പി ആര് പ്രവീണ് എന്നിവര് സംസാരിച്ചു. പി എസ് റംഷാദ് മറുപടി പ്രസംഗം നടത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates