തിരുവനന്തപുരം: ഭാരത് ജോഡോ യാത്ര വിജയകരമായി പൂര്‍ത്തിയാക്കിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് സിപിഎം നേതാവ് എം എ ബേബി. പതിറ്റാണ്ടുകള്‍ക്കു ശേഷം കോണ്‍ഗ്രസ് ഇന്ത്യയില്‍ നടത്തിയ ഒരു രാഷ്ട്രീയപ്രവര്‍ത്തനമാണിതെന്ന് എം എ ബേബി ഫെയ്സ്ബുക്കില്‍ കുറിച്ചു.
'അധികാരത്തിന്റെ ഉപജാപങ്ങള്‍ അല്ലാതെ മറ്റൊരു പ്രവര്‍ത്തനവും ഇല്ലാതെ കോണ്‍ഗ്രസ് ജീര്‍ണിച്ചു കടപുഴകി വീണിരിക്കുകയായിരുന്നു. ആര്‍എസ്എസിന്റെ രാഷ്ട്രീയ പാര്‍ട്ടി അഴിച്ചു വിട്ട മതരാഷ്ട്രീയ ആക്രമണത്തില്‍ കോണ്‍ഗ്രസ് അടിപതറുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ആര്‍എസ്എസിന്റെ ആശയാടിത്തറയെ തന്നെ ചോദ്യം ചെയ്തും ദേശീയ ഐക്യത്തിന്റെ സന്ദേശം നല്കിയും രാഹുല്‍ ഗാന്ധി കന്യാകുമാരി മുതല്‍ ശ്രീനഗര്‍ വരെ നടത്തിയ കാല്‍നട ആത്മാര്‍ത്ഥമായ അഭിനന്ദനം അര്‍ഹിക്കുന്നു. ആര്‍എസ്എസ് രാജ്യത്ത് പടര്‍ത്തിക്കൊണ്ടിരിക്കുന്ന വെറുപ്പിന്റെ ഇരുള്‍ നീക്കാന്‍ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം അദ്ദേഹം ഇന്ത്യ മുഴുവനും പറഞ്ഞു.'- രാഹുലിനെ പുകഴ്ത്തി കൊണ്ടുള്ള എം എ ബേബിയുടെ വാക്കുകള്‍.
കുറിപ്പ്:
ഭാരത് ജോഡോ യാത്ര വിജയകരമായി പൂര്‍ത്തിയാക്കിയ രാഹുല്‍ ഗാന്ധിക്ക് എന്റെ അഭിനന്ദനങ്ങള്‍. പതിറ്റാണ്ടുകള്‍ക്കു ശേഷം കോണ്‍ഗ്രസ് ഇന്ത്യയില്‍ നടത്തിയ ഒരു രാഷ്ട്രീയപ്രവര്‍ത്തനമാണിത്. അധികാരത്തിന്റെ ഉപജാപങ്ങള്‍ അല്ലാതെ മറ്റൊരു പ്രവര്‍ത്തനവും ഇല്ലാതെ കോണ്‍ഗ്രസ് ജീര്‍ണിച്ചു കടപുഴകി വീണിരിക്കുകയായിരുന്നു. ആര്‍എസ്എസിന്റെ രാഷ്ട്രീയ പാര്‍ട്ടി അഴിച്ചു വിട്ട മതരാഷ്ട്രീയ ആക്രമണത്തില്‍ കോണ്‍ഗ്രസ് അടിപതറുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ആര്‍എസ്എസിന്റെ ആശയാടിത്തറയെത്തന്നെ ചോദ്യം ചെയ്തും ദേശീയ ഐക്യത്തിന്റെ സന്ദേശം നല്കിയും രാഹുല്‍ ഗാന്ധി കന്യാകുമാരി മുതല്‍ ശ്രീനഗര്‍ വരെ നടത്തിയ കാല്‍നട ആത്മാര്‍ത്ഥമായ അഭിനന്ദനം അര്‍ഹിക്കുന്നു. ആര്‍എസ്എസ് രാജ്യത്ത് പടര്‍ത്തിക്കൊണ്ടിരിക്കുന്ന വെറുപ്പിന്റെ ഇരുള്‍ നീക്കാന്‍ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം അദ്ദേഹം ഇന്ത്യ മുഴുവനും പറഞ്ഞു.
പക്ഷേ, കോണ്‍ഗ്രസ് അതിന്റെ നയങ്ങളില്‍ അടിസ്ഥാനപരമായ പുനരാലോചന നടത്താതെ ഈ രാഷ്ട്രീയത്തെ മുന്നോട്ട് കൊണ്ടുപോകാം എന്നു കരുതുന്നത് യാഥാര്‍ത്ഥ്യബോധത്തോടെയുള്ള കാര്യമല്ല. കോണ്‍ഗ്രസില്‍ നിന്ന് പഴുത്ത കുലയില്‍ നിന്ന് പഴങ്ങള്‍ ഉതിര്‍ന്നു വീഴും പോലെ നേതാക്കള്‍ ബിജെപിയില്‍ ചേരുന്നത് എന്തുകൊണ്ടാണ്? നേതാക്കളുടെ സ്വാര്‍ത്ഥത എന്നുമാത്രം അതിനെ എഴുതിത്തള്ളാനാവില്ല. കോണ്‍ഗ്രസും ബിജെപിയും ഒരേ പുത്തന്‍ മുതലാളിത്ത- ഫ്യൂഡല്‍ രാഷ്ട്രീയ -സാമൂഹ്യ വീക്ഷണം പുലര്‍ത്തുന്നു എന്നതാണ് അതിനു കാരണം. അദാനി അംബാനിമാരുടെ നടത്തിപ്പുകാര്‍ എന്ന കാര്യത്തിലോ മേല്‍ജാതി മേധാവിത്വത്തിന്റെ സംസ്ഥാപകര്‍ എന്ന കാര്യത്തിലോ ഇന്ത്യയാകെ ആര്‍എസ്എസ് ശാഖകളില്‍ പോകുന്നവര്‍ക്കും കോണ്‍ഗ്രസ് ഓഫീസില്‍ പോകുന്നവര്‍ക്കും തമ്മില്‍ വലിയവ്യത്യാസം ഒന്നുമില്ല. അതുകൊണ്ടാണ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കും പട്യാല രാജാവ് അമരീന്ദര്‍ സിങിനും ഒരു ദിവസം കോണ്‍ഗ്രസ് ഓഫീസില്‍ നിന്ന് ഇറങ്ങി പിറ്റേന്ന് ബിജെപി മന്ത്രിമാരാകാന്‍ കഴിയുന്നത്. കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരനും സമാനമനസ്‌ക്കരായ കോണ്‍ഗ്രസ്സ് നേതാക്കളും ബിജെപി ഒരു സാധ്യതയായി നിലനിറുത്താന്‍ ശ്രമിക്കുന്നതും ഇതുകൊണ്ടു തന്നെയാണ്. കേന്ദ്രവും മഹാഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്ന പാര്‍ട്ടിയെന്നനിലയില്‍ പലപാര്‍ട്ടികളില്‍നിന്നും , സാമദാനഭേദദണ്ഡമുറകള്‍ ഉപയോഗിച്ച് ചിലരെ ബിജെപി കൈവശപ്പെടുത്തുന്നുണ്ട് എന്നു നമുക്കറിയാം. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ കാര്യം അതല്ലല്ലോ. ഇപ്പോള്‍ പാര്‍ലമെന്റിലെ ബി ജെ പി അംഗങ്ങളില്‍ 100 ല്‍ അധികം പേര്‍ മുന്‍കോണ്‍ഗ്രസ്സ് നേതാക്കളോ കോണ്‍ഗ്രസ്സിന്റെ ജനപ്രതിനിധികളായിരുന്നവരോ ആണ് എന്ന വസ്തുത നല്‍കുന്ന സന്ദേശം എന്താണ്?
കോണ്‍ഗ്രസിനെ ഈ മുതലാളി പ്രീണന- ജാതി മേധാവിത്വ കക്ഷി എന്നതില്‍ നിന്ന് പരിഷ്‌കരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയുമോ എന്നതാണ് വെല്ലുവിളി. അതിനാവുന്നില്ല എങ്കില്‍ ഭാരത് ജോഡോ യാത്ര, കുറച്ചു സാഹസികമായ ഒരു ഉല്ലാസയാത്രയായോ അതല്ലെങ്കില്‍ ഒരു വൃഥാവ്യായാമമായോ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates