മാത്യു ടി തോമസിന്റെ വാർത്താസമ്മേളനം/ ടിവിദൃശ്യം
മാത്യു ടി തോമസിന്റെ വാർത്താസമ്മേളനം/ ടിവിദൃശ്യം

'ആ പ്രസ്താവന തെറ്റിദ്ധാരണ മൂലം, അല്ലെങ്കില്‍ പ്രായാധിക്യത്തിന്റെ പ്രയാസങ്ങളില്‍ സംഭവിച്ച പിഴവ്'; ദേവഗൗഡയെ തള്ളി മാത്യു ടി തോമസ്

ദേവഗൗഡയും മുഖ്യമന്ത്രിയും തമ്മില്‍ ആശയവിനിമയം നടത്തിയിട്ട് മാസങ്ങള്‍ തന്നെയായി എന്ന് മാത്യു ടി തോമസ് പറഞ്ഞു
Published on

തിരുവനന്തപുരം:  ബിജെപി ബന്ധത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മതം തന്നിരുന്നു എന്ന എച്ച് ഡി ദേവഗൗഡയുടെ പ്രസ്താവന തള്ളി ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ്. ജെഡിഎസ് ദേശീയ കമ്മിറ്റി യോഗത്തില്‍ അവതരിപ്പിച്ച പ്രമേയം ബിജെപിയോട് ശത്രുതാമനോഭാവം പുലര്‍ത്തി, ബിജെപി രാജ്യത്തെ കുട്ടിച്ചോറാക്കുന്നു എന്ന നിലപാടില്‍ അധിഷ്ഠിതമായ പ്രമേയമായിരുന്നു എന്ന് മാത്യു ടി തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

ബിജെപിക്ക് വളരാന്‍ ഇടയാക്കിയ സാഹചര്യം സംജാതമാക്കിയത് കോണ്‍ഗ്രസ് ആയതുകൊണ്ട്, ബിജെപിയെയും കോണ്‍ഗ്രസിനെയും എതിര്‍ക്കുക എന്ന രാഷ്ട്രീയപ്രമേയമാണ് അന്നു സ്വീകരിച്ചത്. അതിനുശേഷം നടന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ആ രാഷ്ട്രീയ പ്രമേയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള നിലപാടാണ് എടുത്തത്. ബിജെപിയോടും കോണ്‍ഗ്രസിനോടും അകലം പാലിച്ചുകൊണ്ട് മത്സരിച്ചു. 

എന്നാല്‍ കാര്യമായ നേട്ടം തെരഞ്ഞെടുപ്പില്‍ ഉണ്ടായില്ല. തെരഞ്ഞെടുപ്പിനുശേഷം ചേര്‍ന്ന ജെഡിഎസ് ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലും ബിജെപിയേയും കോണ്‍ഗ്രസിനേയും എതിര്‍ക്കുക എന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. പിന്നീട് ഒരു ഫോറത്തിലും ചര്‍ച്ച ചെയ്യാതെയാണ് ബിജെപിയോട് ഒപ്പം ചേരുക എന്ന പ്രഖ്യാപനം ജെഡിഎസ് അഖിലേന്ത്യാ അധ്യക്ഷന്‍ പ്രഖ്യാപിച്ചത്. 

എന്നാല്‍ അഖിലേന്ത്യാ അധ്യക്ഷന്റെ പ്രഖ്യാപനം കേരളത്തിലെ ജെഡിഎസ് തള്ളിക്കളഞ്ഞിരുന്നു. ആ പ്രഖ്യാപനം ഒരു സമിതിയിലും ചര്‍ച്ച ചെയ്തിട്ടില്ലെന്നും, അതിനാല്‍ ആ തീരുമാനത്തിനൊപ്പം കേരളത്തിലെ പാര്‍ട്ടി ഇല്ലെന്നും, കേരളത്തിലെ ജെഡിഎസ്  ഇടതു മുന്നണിക്കൊപ്പം ആയിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതിയോടെയാണ് ബിജെപിയോടൊപ്പം ചേര്‍ന്നത് എന്ന ദേവഗൗഡയുടെ ഇപ്പോഴത്തെ പ്രസ്താവന വളരെ രസകരമായ ഒന്നാണ്. 

ഇത് കേരള രാഷ്ട്രീയത്തില്‍ തെറ്റായ ഒട്ടേറെ വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കുന്ന പ്രസ്താവനയാണ്. തെറ്റിദ്ധാരണ മൂലമാണ് അദ്ദേഹം അത് പറഞ്ഞതെന്നാണ് കരുതുന്നത്. അല്ലെങ്കില്‍ പ്രായാധിക്യത്തിന്റെ പ്രയാസങ്ങളില്‍ സംഭവിച്ച പിഴവ് ആയിരിക്കും. ഒരു കാരണവശാലും കേരളത്തിലെ മുഖ്യമന്ത്രി അങ്ങനെ ഒരു അനുമതി നല്‍കാന്‍ ഇടയില്ല. അദ്ദേഹത്തിന്റെ അനുമതി തേടേണ്ട ആവശ്യവുമില്ല. 

ദേവഗൗഡയും മുഖ്യമന്ത്രിയും തമ്മില്‍ ആശയവിനിമയം നടത്തിയിട്ട് മാസങ്ങള്‍ തന്നെയായി. കേരളത്തിലെ പാര്‍ട്ടിയും മന്ത്രി കൃഷ്ണന്‍കുട്ടിയും ബിജെപി സഖ്യത്തിന് പിന്തുണ അറിയിച്ചു എന്നു പറയുന്നത് അടിസ്ഥാന രഹിതമാണ്. ആ തീരുമാനത്തെ കേരളത്തിലെ പാര്‍ട്ടി അര്‍ത്ഥശങ്കയില്ലാതെ തന്നെ നിഷേധിക്കുന്നു. കേരളത്തിലെ ജെഡിഎസ് മന്ത്രിയുടേയോ മുഖ്യമന്ത്രിയുടേയോ അറിവോ അനുവാദമോ ഇക്കാര്യത്തില്‍ ഇല്ലെന്നും മാത്യു ടി തോമസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com