

ആലപ്പുഴ: ആലപ്പുഴ നഗരസഭയിലെ പ്രതിഷേധത്തില്‍ ജി സുധാകരന്റെ വിമര്‍ശനത്തിന് മറുപടിയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേരളത്തിന്റെ പൊതു ജീവിതത്തില്‍ ജനങ്ങള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന നേതാവാണ് ജി സുധാകരന്‍. അതുകൊണ്ടാണ് സ്വതന്ത്രനായി മത്സരിച്ചിട്ടും വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കാന്‍ കഴിഞ്ഞത്. ആ ജനവിധി നമ്മള്‍ മാനിക്കണം. അദ്ദേഹത്തെ ആക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തില്‍ വളരെ കളങ്കരഹിതനായി പ്രവര്‍ത്തിച്ച നേതാവാണ് ജി സുധാകരന്‍. രണ്ടു തവണ മന്ത്രിയായിട്ടും, പ്രത്യേകിച്ച് പൊതുമരാമത്ത് വകുപ്പു പോലുള്ളവ കൈകാര്യം ചെയ്തിട്ടും അഴിമതി തൊട്ടുതീണ്ടിയിട്ടില്ലാത്ത വ്യക്തിയാണ്. ജനങ്ങള്‍ക്ക് മാതൃകാപരമായി ചൂണ്ടിക്കാട്ടാന്‍ കഴിയുന്ന നേതാവാണ് ജി സുധാകരന്‍. തെരഞ്ഞെടുക്കപ്പെട്ടാല്‍ ആ ജനവിധി മാനിക്കാന്‍ നമുക്കെല്ലാം കഴിയണം. അതിനോട് അസ്വസ്ഥത കാണിച്ചിട്ട് കാര്യമില്ല.
ജി സുധാകരന്‍ നിഷ്‌കളങ്കനായ വ്യക്തിയാണ്. മുന്നില്‍ ഒന്നു വെച്ചിട്ട് വേറൊന്നു പറയുന്ന ആളല്ല. അതുകൊണ്ടാണ് അദ്ദേഹം ഇതൊക്കെ തുറന്നു പറഞ്ഞത്. തീര്‍ച്ചയായും എല്ലാവിധ പിന്തുണയും ഞങ്ങളുടെ എല്ലാവരുടേയും ഭാഗത്തു നിന്നും ഉണ്ടാകുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ജി സുധാകരനെ ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന നടപടിയില്‍ നിന്നും സിപിഎം പിന്തിരിയണം. അത്തരം ഒരു നടപടിയേയും പിന്തുണയ്ക്കുന്ന പ്രശ്‌നമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തനിക്കെതിരെ സിപിഎം- കോണ്‍ഗ്രസ് കൂട്ടുകെട്ടുണ്ടെന്നായിരുന്നു ജി സുധാകരന്‍ എംഎല്‍എ ആരോപിച്ചത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വേദിയിലിരുത്തിയാണ് സുധാകരന്റെ വിമര്‍ശനം. രമേശ് ചെന്നിത്തലയുടെ പാര്‍ട്ടി ആലപ്പുഴയില്‍ സിപിഎമ്മിലെ ചിലരുമായുള്ള കൂട്ടു കച്ചവടം അവസാനിപ്പിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു. ആലപ്പുഴ നഗരസഭയിലെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തി. നഗരസഭയില്‍ തനിക്കു നേരെ പ്രതിഷേധം ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും പൊലീസ് തന്നെ വിവരം അറിയിച്ചില്ലെന്നും ജി സുധാകരന്‍ കുറ്റപ്പെടുത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates