ആലപ്പുഴ: ആലപ്പുഴയില്‍ കൊല്ലപ്പെട്ട ബിജെപി നേതാവ് രണ്‍ജിത്ത് ശ്രീനിവാസന്റെ വീട്ടില്‍ മന്ത്രി സജി ചെറിയാന്‍ സന്ദര്‍ശനം നടത്തി. കേരളത്തില്‍ ഭീകരസംഘടനകള്‍ പ്രവര്‍ത്തിക്കുകയാണെന്ന്, സന്ദര്‍ശനത്തിന് ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഭീകരപ്രവര്‍ത്തനം നടത്താന്‍ വേണ്ടി സാമൂഹികപരമായ ഉത്തരവാദിത്തങ്ങള്‍ മാറ്റിവെച്ച് വര്‍ഗീയമായ ചേരിതിരിവ് സൃഷ്ടിക്കാനായി ആസൂത്രിത അക്രമങ്ങള്‍ നടത്തുകയാണെന്ന് മന്ത്രി ആരോപിച്ചു.
ഇക്കാര്യങ്ങളെല്ലാം ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നിട്ടുണ്ട്. ഈ തീവ്രവാദ-വര്‍ഗീയ പ്രസ്ഥാനങ്ങളെ വേരോടെ പിഴുതെറിയാന്‍ ജനങ്ങള്‍ ഒന്നിക്കണം. കേരളത്തിലെ 99 ശതമാനം ജനങ്ങളും ഇതിനെതിരല്ലെന്ന് മന്ത്രി പറഞ്ഞു. ആലപ്പുഴയില്‍ മണിക്കൂറുകളുടെ ഇടവേളയില്‍ പൊലീസിന് വീഴ്ച വന്നു എന്ന ആരോപണം മന്ത്രി തള്ളിക്കളഞ്ഞു.
പൊലീസിന് വീഴ്ച വന്നിട്ടില്ല. അങ്ങനെ പറയുന്നത് ശരിയല്ല. പൊലീസ് ആ നിമിഷം മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മരിച്ച സഹോദരന്‍ രണ്‍ജിത്തിന് യാതൊരു വിധ ശത്രുക്കളുമുള്ളതായി അറിവില്ല. അദ്ദേഹം ഒരു പെറ്റി കേസില്‍ പോലും പ്രതിയല്ല. പൊലീസിന് പിന്നെയെങ്ങനെ വീഴ്ച വരും. പൊലീസിന് വീഴ്ച സംഭവിച്ചതായി കുറച്ച് ആളുകള്‍ പ്രചരിപ്പിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.
പൊലീസിനെ കുറ്റം പറഞ്ഞിട്ടു കാര്യമുണ്ടോ?
ആദ്യസംഭവമുണ്ടായപ്പോള്‍ മുതല്‍ പൊലീസ് ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു കേസില്‍പ്പോലും പ്രതിയല്ലാത്ത ഒരാളെ, ഇത്രയും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തുവെച്ച് കൊലപ്പെടുത്തുമെന്ന് എങ്ങനെ വിചാരിക്കും. ഞാനും ഒരു രാഷ്ട്രീയപ്രവര്‍ത്തകനാണ്. നാളെ മുതല്‍ 24 മണിക്കൂറും പൊലീസ് വീട്ടിൽ വന്നിരിക്കുമോ?. മന്ത്രിയാണെങ്കില്‍പ്പോലും. കൊല്ലാന്‍ തീരുമാനിച്ചാല്‍ ആളുകള്‍ വന്നു കൊന്നിട്ടുപോകും. അതിന് പൊലീസിനെ കുറ്റം പറഞ്ഞിട്ടു കാര്യമുണ്ടോയെന്നും മന്ത്രി ചോദിച്ചു.
കള്ളപ്രചാരണങ്ങള്‍ യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്താൻ
സര്‍വകക്ഷിയോഗത്തില്‍ എസ്ഡിപിഐ ഉന്നയിച്ച ആരോപണം പച്ചക്കള്ളമാണ്. കേരള പൊലീസ് ഏതെങ്കിലും ഒരു സംഘടനയ്ക്കു വേണ്ടി നില്‍ക്കുന്നതാണോ ?. നിഷ്പക്ഷവും നീതിപൂര്‍വകവുമായ് അന്വേഷിച്ച് പ്രതികളെ പിടിക്കാനാണ് ശ്രമിക്കുന്നത്. നവമാധ്യമങ്ങളിലൂടെയുള്ള കള്ളപ്രചാരണങ്ങള്‍ യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ്. ഗൂഢാലോചന സംബന്ധിച്ചുള്ള ആരോപണങ്ങളെല്ലാം പൊലീസ് അന്വേഷിക്കട്ടെ.
സിപിഎമ്മിന്റെ എംപി ആരിഫിനെയും എംഎല്‍എ സലാമിനെതിരെയുമുള്ള ബിജെപി ആരോപണങ്ങളും മന്ത്രി തള്ളി. ഇവരിരുവരും പത്തു നാല്‍പ്പതുവര്‍ഷങ്ങളായി കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളാണ്. പാര്‍ട്ടിയിലെ ഉന്നതരായ നേതാക്കളെപ്പറ്റിയുള്ള തോന്ന്യാസങ്ങള്‍ ജനങ്ങള്‍ അംഗീകരിക്കില്ല. ഈ ലോകത്ത് എവിടെപ്പോയി ഒളിച്ചാലും കേസിലെ പ്രതികളെയെല്ലാം പിടികൂടുമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates