

തിരുവനന്തപുരം: കേരള വനം വകുപ്പിന്റെ തോട്ടങ്ങളില്‍ യൂക്കാലിപ്റ്റസ് മരങ്ങള്‍ നട്ടുവളര്‍ത്താന്‍ തീരുമാനിച്ചത് വനംമന്ത്രി എകെ ശശീന്ദ്രന്‍ പങ്കെടുത്ത യോഗത്തില്‍. സര്‍ക്കാര്‍ നയത്തിനു വിരുദ്ധമായി കെഎഫ്ഡിസിയുടെ പ്ലാന്റേഷനുകളില്‍ യൂക്കാലി നടാന്‍ തീരുമാനിച്ചത് ഉദ്യോഗസ്ഥ തല ഗൂഢാലോചനയുടെ ഭാഗമാണെന്ന വാദം തെറ്റാണെന്ന് ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. വനംമന്ത്രി ശശീന്ദ്രന്‍ പങ്കെടുത്ത 2023 സെപ്റ്റംബര്‍ 19 ലെ യോഗത്തിലാണ് യൂക്കാലി നടാന്‍ തീരുമാനിച്ചത്.
കേരള വനംവികസന വകുപ്പ് കോര്‍പ്പറേഷന്റെ പ്ലാന്റേഷനുകളില്‍ 2024-25 കാലയളവില്‍ യൂക്കാലി നടന്‍ അനുമതി നല്‍കി മെയ് ഏഴിന് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ പുറത്തിറക്കിയ ഉത്തരവാണ് വിവാദമായത്. യൂക്കാലി നടുന്നത് സംബന്ധിച്ചു സര്‍ക്കാരിന്റെയും ഇടതു മുന്നണിയുടെയും നയങ്ങള്‍ക്കു വിരുദ്ധമായ നിലപാടാണ് വനം വകുപ്പ് സ്വീകരിച്ചതെന്ന വിമര്‍ശനമുയര്‍ന്നത് സര്‍ക്കാരിനെയും വനം വകുപ്പിനെയും വെട്ടിലാക്കിയിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ജലം വലിച്ചെടുക്കുന്നവയും പരിസ്ഥിതിക്കു ദോഷമുണ്ടാക്കുന്നവയുമാണെന്ന വിലയിരുത്തലിനെത്തുടര്‍ന്ന് യൂക്കാലി, അക്കേഷ്യ എന്നിവ നടുന്നത് വിലക്കി 2017ല്‍ സംസ്ഥാന വനം വകുപ്പ് ഉത്തരവിറക്കിയിരുന്നു. യൂക്കാലി മരം നടാനുള്ള തീരുമാനമെടുത്ത യോഗത്തില്‍ മന്ത്രിക്കു പുറമെ, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി ജയപ്രസാദ്, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍, കെഎഫ്ഡിസി എംഡി ജോര്‍ജി പി മാത്തച്ചന്‍ എന്നിവരും പങ്കെടുത്തിരുന്നു.
തീരുമാനം വിവാദമായതോടെ, വിവാദ ഉത്തരവിന്റെ പഴി മുഴുവന്‍ ഉദ്യോഗസ്ഥരുടെ തലയില്‍ ചുമത്തി രക്ഷപ്പെടാനായിരുന്നു രാഷ്ട്രീയ നേതാക്കള്‍ ശ്രമിച്ചിരുന്നത്. കെഎഫ്ഡിസി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വഴി കണ്ടെത്തുക ലക്ഷ്യമിട്ടാണ് യോഗം ചേര്‍ന്നത്. ഈ യോഗത്തിലാണ് സാമ്പത്തിക പ്രയാസം നേരിടാന്‍ പ്ലാന്റേഷന്റെ ഭൂമിയില്‍, വരുമാനദായകമായ യൂക്കാലി, അക്കേഷ്യ മരങ്ങള്‍ വെച്ചു പിടിപ്പിക്കാന്‍ തീരുമാനിച്ചത്.
കെഎഫ്ഡിസിയുടെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് അത്തരമൊരു തീരുമാനമെടുത്തതെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. കെഎഫ്ഡിസി മികച്ച ലാഭത്തോടെ പ്രവര്‍ത്തിക്കുന്നു എന്നുറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. പ്ലാനിങ് ബോര്‍ഡ് യൂക്കാലി മരങ്ങള്‍ നട്ടുവളര്‍ത്തുന്നതിന് അനുമതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി ശശീന്ദ്രന്‍ പറയുന്നു.
വീണ്ടും യൂക്കാലി നടാനുള്ള തീരുമാനത്തിനെതിരെ വയനാട് പ്രകൃതിസംരക്ഷണ സമിതി ഉള്‍പ്പെടെ നിരവധി സംഘടനകള്‍ രംഗത്തെത്തിയിരുന്നു. പശ്ചിമഘട്ട കര്‍ഷക ഗ്രാമങ്ങളില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന മനുഷ്യ വന്യജീവി സംഘര്‍ഷത്തിനും തീരാത്ത ദുരിതത്തിനും പ്രധാന കാരണമായി ഇതുമാറുമെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. വിവാദമായതോടെ യൂക്കാലി മരങ്ങള്‍ നടാനുള്ള ഉത്തരവ് മെയ് 20 ന് വനംവകുപ്പ് പിന്‍വലിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates