തിരുവനന്തപുരം: ഇടുക്കിയിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തില്‍ താന്‍ ദുഃഖം രേഖപ്പെടുത്തിയില്ല എന്നു പറയുന്നത് ക്രൂരമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. തന്റെ മനസ്സ് കല്ലോ ഇരുമ്പോ അല്ല. സംഭവത്തിന്റെ പിറ്റേന്ന് കൊല്ലത്തുവെച്ച് ധീരജിന്റെ മരണത്തില്‍ ദുഖമുണ്ടെന്ന് താന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഏതെല്ലാം മാധ്യമങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്തു എന്നറിയില്ല.
ധീരജ് എന്ന ചെറുപ്പക്കാരന്റെ മരണം വേദനാജനകമാണ്. കുടുംബത്തിന്റെ വേദന മനസ്സിലാക്കുന്നു. ധീരജിന്റേത് കോണ്‍ഗ്രസ് കുടുംബമാണ്. ആ കുടുംബത്തെ തള്ളിപ്പറയില്ല. ആ വീട്ടില്‍ പോകണമെന്നുണ്ട്. പക്ഷെ സാധിക്കില്ല. താന്‍ അവിടെ പോയാല്‍ അതിന്റെ ദുരന്തം അനുഭവിക്കേണ്ടി വരിക ധീരജിന്റെ കുടുംബമാണെന്ന് കെ സുധാകരന്‍ പറഞ്ഞു.
ഇത്രയും സങ്കടകരമായ വിവരം കണ്ണൂരില്‍ അറിഞ്ഞപ്പോള്‍, ധീരജിന്റെ ശവകുടീരം കെട്ടിപ്പൊക്കാനുള്ള എട്ടു സെന്റ് സ്ഥലം വാങ്ങാനുള്ള തിരക്കിലായിരുന്നു സിപിഎം. വീട്ടുകാര്‍ സമ്മതിച്ചോ എന്നറിയില്ല, വീട്ടുകാരുടെ അഭിലാഷം വീട്ടുപറമ്പില്‍ വെക്കണമെന്നായിരുന്നു തനിക്ക് കിട്ടിയ വിവരം. പക്ഷെ എവിടെ വെക്കണമെന്ന് തീരുമാനിച്ചത് പാര്‍ട്ടിയാണ്, ധീരജിന്റെ അച്ഛനും അമ്മയുമല്ല. ധീരജ് കോളജ് ക്യാംപസിലൂടെ ഇടതുപക്ഷ രാഷ്ട്രീയത്തിലേക്കു വന്ന ചെറുപ്പക്കാരനാണ്.
വീട്ടുപറമ്പില്‍ വെക്കണമെന്ന് വീട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും എട്ടു സെന്റ് സ്ഥലം വില കൊടുത്തുവാങ്ങി ശവകുടീരം കെട്ടിപ്പൊക്കിയ ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന്റെ മനസ്സ് തിരിച്ചറിയണം. ധീരജിന്റെ രക്തസാക്ഷിത്വം പാര്‍ട്ടി ആഘോഷമാക്കുകയായിരുന്നു. അവിടെ മാത്രമല്ല ആഘോഷമുണ്ടായത്. തിരുവാതിര കളി കൊണ്ട് പിണറായി വിജയനെ ഉയര്‍ത്തിയില്ലേ. പാര്‍ട്ടി അഖിലേന്ത്യാ നേതാവു കൂടി പങ്കെടുത്ത പരിപാടി നാട്ടുകാരല്ല നടത്തിയത്, സിപിഎമ്മുകാരാണ്.
മൃതദേഹത്തിന് മുന്നില്‍ പൊട്ടിച്ചിരിച്ച എംഎം മണി 'ദയാലുവായ മഹാനുഭാവന്‍'
ധീരജിന്‍രെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനായി ഇടുക്കി മെഡിക്കല്‍ കോളജില്‍ കിടത്തിയപ്പോള്‍, മൃതദേഹത്തിന് അരികില്‍ പൊട്ടിച്ചിരിച്ച് ആസ്വദിച്ച് സംസാരിച്ചു നില്‍ക്കുന്ന എംഎം മണിയുടെ ചിത്രം നാമെല്ലാം മാധ്യമങ്ങളിലൂടെ കണ്ടു. ആ ചെറുപ്പക്കാരന്റെ മൃതദേഹത്തിന് മുന്നില്‍ പൊട്ടിച്ചിരിക്കാന്‍ സാധിക്കുന്ന എംഎം മണി 'ദയാലുവായ മഹാനുഭാവന്‍' ആണെന്ന് കെ സുധാകരന്‍ പരിഹസിച്ചു.
ആശങ്കയോ ഭയപ്പാടോ ഇല്ല
സംഭവത്തില്‍ കെപിസിസി പ്രസിഡന്റായ തന്നെ പ്രതിക്കൂട്ടില്‍ കയറ്റാനുള്ള ഗൂഢാലോചന എന്തുദ്ദേശിച്ചാണെന്ന് അറിയില്ല. തനിക്ക് അതില്‍ ആശങ്കയോ ഭയപ്പാടോ ഇല്ല. താനിതൊക്കെ ഒരുപാട് കണ്ട് തഴമ്പിച്ചു വന്ന രാഷ്ട്രീയക്കാരനാണ്. സിപിഎമ്മിന്റെ എല്ലാ കുടില തന്ത്രങ്ങള്‍ക്കുമുമ്പിലും നെഞ്ചുവിരിച്ചുനിന്ന് അതിനെ അതിജീവിച്ചവനാണ്. അഗ്നിപരീക്ഷ കടന്ന്, കടലു കടന്ന്, തിരമാല നീന്തിക്കടന്ന്, അക്രമത്തെയും മരണത്തെയും മുഖാമുഖം കണ്ട്, അതിനെയും മറികടന്ന് ജീവിക്കുന്ന രാഷ്ട്രീയക്കാരനാണ് താനെന്നും കെ സുധാകരന്‍ പറഞ്ഞു.
കെഎസ് യുക്കാര്‍ക്ക് ക്യാംപസില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യം
അക്രമത്തില്‍ പ്രതികളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സുധാകരന്‍ പ്രതിരോധിച്ചു. ഇടുക്കി എഞ്ചിനീയറിങ്ങ് കോളജില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം എത്ര സംഘര്‍ഷങ്ങളാണ് ഉണ്ടായതെന്ന് മാധ്യമങ്ങള്‍ അന്വേഷിച്ചിട്ടുണ്ടോ?. കെഎസ് യുക്കാര്‍ക്ക് ക്യാംപസില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. വനിതാ കെഎസ് യു പ്രവര്‍ത്തകരെ വരെ ഭയപ്പെടുത്തി. ഇതേത്തുടര്‍ന്ന് ക്യാംപസിലെ കെഎസ് യുക്കാരെ സഹായിക്കാനായി പ്രാദേശിക യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വന്നിട്ടുണ്ട് എന്നത് സത്യമാണ്.
അത് കെഎസ് യുവിന്റെ കുട്ടികള്‍ക്ക് സംരക്ഷണം നല്‍കാനാണ്, അല്ലാതെ എസ് എഫ്‌ഐ കുട്ടികളെ തല്ലാനോ കൊല്ലാനോ അല്ല. സംഭവദിവസം കോളജിന് പുറത്തുനിന്ന കെ എസ് യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പുറത്തുനിന്നെത്തിയ ഡിവൈഎഫ്‌ഐക്കാര്‍ തല്ലിയോടിച്ചു. മുഖ്യപ്രതിയായ നിഖില്‍ പൈലിയെ ഏതാണ്ട് 300 മീറ്ററോളം ഓടിച്ചു. ഇക്കാര്യം കൈരളി ചാനല്‍ നല്‍കിയിട്ടുണ്ട്. അവന്‍ ഓടി, ഞങ്ങള്‍ പുറകേ ഓടി. ധീരജ് വീഴുന്നതു കണ്ടു. പക്ഷെ കുത്തുന്നത് കണ്ടില്ല. ഇടി കൊണ്ടു വീണതാണെന്ന് കണ്ടില്ലെന്നാണ് ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ മൊഴി നല്‍കിയത്.
ആര് കുത്തി?
കുത്തിയത് ആരാണെന്ന് ആ കുട്ടികള്‍ക്ക് പോലും പറയാന്‍ പറ്റുന്നില്ല. ആര് കുത്തി?. ധീരജ് മരിച്ചതിന്റെ ഉത്തരവാദിത്തം കെ എസ് യുവിന്റെ, കോണ്‍ഗ്രസിന്റെ പുറത്ത് എങ്ങനെ വന്നുവെന്ന് കെ സുധാകരന്‍ ചോദിച്ചു. ധീരജ് കുത്തുകിട്ടി വീണപ്പോള്‍ പൊലീസ് ആശുപത്രിലെത്തിക്കാന്‍ കൂട്ടാക്കിയില്ല. എന്തുകൊണ്ടാണത്. പൊലീസ് മടുത്തിട്ടാണ്. വിരട്ടാനും തുരത്താനും നിരവധി വട്ടം ശ്രമിച്ചിട്ടും മാറാത്ത എസ്എഫ്‌ഐ പ്രവര്‍ത്തകരോട് പൊലീസുകാരുടെ മനസ്സിലുണ്ടായ ക്ഷോഭമാകാം കാരണമെന്ന് സുധാകരന്‍ പറഞ്ഞു. എന്തായാലും അത് തെറ്റാണ്. താനതിനെ അനുകൂലിക്കില്ലെന്നും കെ സുധാകരന്‍ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates