

തിരുവനനന്തപുരം: തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് മാസങ്ങളായിട്ടും പരാജയത്തിന്റെ ക്ഷീണം വിട്ടൊഴിയാതെ എല്‍ഡിഎഫ്. മൂന്ന് മാസമായിട്ടും എല്‍ഡിഎഫ് യോഗം വിളിക്കാത്തതില്‍ മുന്നണിയിലെ ഘടകകക്ഷികള്‍ക്കിടയില്‍ അതൃപ്തി പുകയുന്നു. ഉടന്‍ തന്നെ യോഗം വിളിച്ചുചേര്‍ക്കണമെന്നാണ് ഘടകകകക്ഷികളുടെ ആവശ്യം. അതേസമയം യുഡിഎഫ് യോഗം വ്യഴാഴ്ച ചേരും.
മുന്നണിയോഗം ഇത്രയും നീളൂന്നത് ഇതാദ്യമാണ്. പ്രതിപക്ഷ ഉപനേതാവ് പദവിയിലെ ചൊല്ലി സിപിഎം- സിപിഐ കക്ഷികള്‍ തമ്മിലുള്ള തര്‍ക്കമാണ് യോഗം വൈകാന്‍ കാരണമെന്നാണ് വിവരം. യോഗം വൈകുന്നത് ഇടതുപാര്‍ട്ടികളുടെ സംയുക്ത പ്രക്ഷോഭങ്ങളെ ബാധിച്ചതായി ഘടകകക്ഷി നേതാക്കള്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് ആര്‍ജെഡി നേതാവ് ജോര്‍ജ് വര്‍ഗീസ് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണനെ സമീപിച്ചിരുന്നു.
കഴിഞ്ഞ ദിവസം നടന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിന് ശേഷം എല്‍ഡിഎഫ് യോഗം വിളിച്ചുചേര്‍ക്കുമെന്നായിരുന്നു മുന്നണിയിലെ ചെറിയ പാര്‍ട്ടികള്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പ്രതിപക്ഷ ഉപനേതാവ് വിഷയത്തില്‍ സിപിഎം- സിപിഐ പാര്‍ട്ടികള്‍ തമ്മില്‍ തീരുമാനത്തിലെത്താതോടെ യോഗം നീളുകയാണ്. എല്‍ഡിഎഫ് ചേരാത്ത സാഹചര്യത്തില്‍ വിലക്കയറ്റം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ സംയുക്ത പ്രക്ഷോഭം ഏറ്റെടുക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞിട്ടില്ലെന്ന് മുതിര്‍ന്ന എല്‍ഡിഎഫ് നേതാവ് പറഞ്ഞു. സിപിഎം- സിപിഐ നേതാക്കളുമായി ഈ വിഷയത്തില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഇരുകൂട്ടരും തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ച് വികസനപ്രവര്‍ത്തനം സ്തംഭിപ്പിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ 30-ന് എല്‍ഡിഎഫ് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും. ആഗസ്ത് ഒന്ന്, മൂന്ന് തീയതികളില്‍ തദ്ദേശസ്ഥാപനങ്ങളിലേക്ക് ബഹുജനമാര്‍ച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്. സംയുക്ത പ്രക്ഷോഭം ഇടതുപാര്‍ട്ടികളെ ഒന്നിച്ചുകൊണ്ടുവരുമെന്നും പ്രതിപക്ഷ ഉപനേതാവ് വിഷയത്തില്‍ ഉടന്‍ തീരുമാനമാകുമെന്ന് മറ്റൊരു മുതിര്‍ന്ന നേതാവ് പറഞ്ഞു.
എല്‍ഡിഎഫ് യോഗം ഉടന്‍ ചേരുമെന്ന് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ പറഞ്ഞു. ഘടകകക്ഷികളുമായി ആലോചിച്ച ശേഷമാണ് തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറയ്ക്കലിനെതിരെ സമരം നടത്താന്‍ തീരുമാനിച്ചത്. സംയുക്ത പ്രക്ഷോഭങ്ങള്‍ നടത്തുന്നതിനെ കുറിച്ച്് ഘടകകക്ഷികളുമായി കൂടിയാലോചനകള്‍ തുടരുകയാണെന്നും അദ്ദേഹം ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates