കൊച്ചി: കൊച്ചിയില്‍ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട എമിറേറ്റ്‌സ് വിമാനം ദുബൈ വിമാനത്താവളം അടച്ചതിനെ തുടര്‍ന്ന് കൊച്ചിയിലേക്ക് തന്നെ മടങ്ങി. ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് ഇന്ധന ടാങ്കിനടുത്തുണ്ടായ തീപിടിത്തത്തിന് പിന്നാലെയാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം അടച്ചത്.
ഇന്നലെ പുലര്‍ച്ചെ 4.30 ന് പുറപ്പെട്ട എമിറേറ്റ്‌സിന്റെ ഇകെ 533 വിമാനമാണ് ദുബൈയില്‍ ഇറങ്ങാതെ രാവിലെ 8.30ന് തിരിച്ചെത്തിയത്. യാത്രക്കാരെ വീടുകളിലേക്ക് അയച്ചു. മുന്നറിയിപ്പില്ലാതെയാണ് സുരക്ഷാ കാരണങ്ങളാല്‍ ദുബൈ വിമാനത്താവളം അടച്ചത്.
ഇന്ധന ടാങ്കിനടുത്ത് ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് ഓടിയെത്തിയ ദുബൈ സിവില്‍ ഡിഫന്‍സ് സംഘം തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. സുരക്ഷാ മുന്‍കരുതലായാണ് ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വിമാനത്താവളത്തിലെ വിമാന സര്‍വിസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്.
തിപിടിത്തമുണ്ടായത് മൂലം വിമാനത്താവളം അടച്ചതായി പൈലറ്റിന് സന്ദേശം ലഭിക്കുകയും വിമാനം കൊച്ചിയിലേക്ക് മടങ്ങുകയുമായിരുന്നു. വിമാനം ദുബൈയിലിറങ്ങാന്‍ ഒരു മണിക്കൂര്‍ മാത്രം ശേഷിക്കേ ആണ് മടക്കം. രാവിലെ എട്ടരയോടെ വിമാനം കൊച്ചിയിലിറങ്ങി. അരമണിക്കൂറോളം യാത്രക്കാരെ വിമാനത്തില്‍ തന്നെ ഇരുത്തിയെങ്കിലും സാഹചര്യം അനുകൂലമല്ലെന്ന് കണ്ടതിനെ തുടര്‍ന്ന് യാത്ര റദ്ദാക്കി.
യാത്രക്കാര്‍ തങ്ങളുടെ വിമാന സര്‍വിസുകളുടെ ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി ബന്ധപ്പെട്ട എയര്‍ലൈന്‍സുകളുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗിക ചാനലുകളിലൂടെ ഉടന്‍ അറിയിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates