

തിരുവനന്തപുരം : നിയമസഭ കയ്യാങ്കളിക്കേസില്‍ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി വിധിച്ച സാഹചര്യത്തില്‍ മന്ത്രി വി ശിവന്‍കുട്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നും നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ചോദ്യോത്തര വേള തുടങ്ങുമ്പോള്‍ തന്നെ പ്രതിപക്ഷം വിഷയം ഉന്നയിച്ചു. എന്നാല്‍ ചോദ്യോത്തരവേളയുമായി മുന്നോട്ടുപോകാന്‍ സ്പീക്കര്‍ തീരുമാനിച്ചു.
ഇതോടെ പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി രംഗത്തെത്തി. പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. ഇതേത്തുടര്‍ന്ന് പ്രതിപക്ഷ നേതാവിന് സംസാരിക്കാന്‍ അനുവാദം നല്‍കി. സുപ്രീംകോടതി വിധിയെ മുഖ്യമന്ത്രി നിയമസഭയില്‍ അവഹേളിച്ചതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
നിയമസഭകളിലെ അക്രമങ്ങളെല്ലാം സഭയില്‍ തന്നെ തീര്‍ത്തു എന്നു പറഞ്ഞത് തെറ്റ്. കേരളത്തിന് പുറമെ, പഞ്ചാബ് നിയമസഭയില്‍ നടന്ന സംഭവങ്ങളിലും പൊലീസ് കേസായിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സുപ്രീംകോടതിയുടെ അന്തസത്തയെ ചോദ്യംചെയ്ത നിലപാടാണ് മുഖ്യമന്ത്രി ഇന്നലെ സഭയില്‍ സ്വീകരിച്ചത്. മന്ത്രി ശിവന്‍കുട്ടി രാജിവെക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും പ്രതിപക്ഷം വ്യക്തമാക്കി.
എന്നാല്‍ സുപ്രീംകോടതി വിധിയെ അവഹേളിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേസിനെ നിയമപരമായി നേരിടും. ഇതിന്റെ പേരില്‍ ശിവന്‍കുട്ടി രാജിവെക്കുന്ന പ്രശ്‌നം ഉദിക്കുന്നേയില്ല. കേസില്‍ പ്രതിയായതുകൊണ്ട് മന്ത്രിയാകാന്‍ പാടില്ലെന്ന വാദം ആശ്ചര്യമുളവാക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ നടന്ന പ്രതിഷേധത്തില്‍ പൊലീസ് കേസെടുത്തതുകൊണ്ടാണ് ഇത്തരമൊരു സ്ഥിതിയുണ്ടായത്. യുഡിഎഫ് സര്‍ക്കാര്‍ തെറ്റായ കീഴ്‌വഴക്കമാണ് കാട്ടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. മുഖ്യമന്ത്രിക്ക് നിഷേധാത്മക നിലപാടാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. എഫ്‌ഐആറില്‍ പേരു വന്നതിന് കെ എം മാണിക്കെതിരെ സമരം നടത്തിയവരാണ് സിപിഎമ്മും ഇടതുപക്ഷവും. എഫ്‌ഐആറിന്റെ പേരില്‍ മാണിയുടെ രാജി ആവശ്യപ്പെട്ടവരാണ് ശിവന്‍കുട്ടിയെ സംരക്ഷിക്കുന്നത്.
മാണിയുടെ രാജിക്കായി നടത്തിയ പ്രതിഷേധങ്ങളുടെ ഭാഗമായാണ് കേസിന് ആസ്പദമായ നിയമസഭയിലെ കയ്യാങ്കളി നടന്നത്. മുമ്പ് മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍ അടക്കം രാജിവെച്ചത് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലല്ല. കോടതി പരാമര്‍ശത്തിന്റെ പേരിലാണ് മുന്‍കാലങ്ങളില്‍ പലരും രാജിവെച്ചത് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates