'കര്‍ക്കടകമാസത്തെ സ്വന്തം വിഷം വിതരണം ചെയ്യാനുള്ള വര്‍ഗീയമാസമായി അവര്‍ കാണുന്നു'; കുറിപ്പ്

പക്ഷേ ആര്‍ എസ് എസിന്റെ രാമന്‍ വില്ലുകുലച്ച് യുദ്ധം ചെയ്യാന്‍ നില്‍ക്കുന്ന രാമനും ഹനുമാന്‍ ക്രുദ്ധനായി നില്‍ക്കുന്ന ഹനുമാനുമാണ്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
2 min read

ര്‍ക്കടകമാസത്തെയും ഔഷധമാസമോ രാമായണമാസമോ ആയി കാണാതെ സ്വന്തം വിഷം വിതരണം ചെയ്യാനുള്ള വര്‍ഗീയമാസമായി അവര്‍ കാണുന്നുവെന്ന് സിപിഎം നേതാവ് പി ജയരാജന്‍. ഏറെക്കാലമായി കേരളത്തിലെ വീടുകളില്‍ ഇത് ചെയ്തു വരുന്നെങ്കിലും സമീപകാലത്തുണ്ടായ മാറ്റം ഈ ശീലത്തെ ഹിന്ദുത്വവല്‍ക്കരിച്ച് വര്‍ഗീയത പരത്താനുള്ള സംഘപരിവാര്‍ ശ്രമമാണ്. രാമായണകഥക്ക് നിരവധി പാഠഭേദങ്ങളുണ്ട്. രാമനെ ലോകാഭിരാമനായ രാമനായും ഹനുമാനെ ഭക്ത ഹനുമാനായും ആണ് രാമായണത്തില്‍ വായിക്കുക. പക്ഷേ ആര്‍ എസ് എസിന്റെ രാമന്‍ വില്ലുകുലച്ച് യുദ്ധം ചെയ്യാന്‍ നില്‍ക്കുന്ന രാമനും ഹനുമാന്‍ ക്രുദ്ധനായി നില്‍ക്കുന്ന ഹനുമാനുമാണ്. എല്ലാറ്റിലും ക്രൂരതയും ഹിംസയും ചേര്‍ക്കലാണ് ആര്‍ എസ് എസ് പരിപാടിയെന്നും ജയരാജന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു

കുറിപ്പിന്റെ പൂര്‍ണരൂപം

കര്‍ക്കടകം തുടങ്ങുന്നു. പഞ്ഞമാസമെന്ന് പണ്ട് കര്‍ക്കടകത്തിനൊരു വിളിപ്പേരുണ്ട്. കര്‍ഷകര്‍ ചിങ്ങത്തിലെ വിളവിന് കാത്തിരിക്കുന്ന കാലം. ഇന്ന് കര്‍ക്കടകത്തില്‍ പ്രത്യേകമായൊരു പഞ്ഞമൊന്നുമില്ല. കോവിഡ് കാലത്തു പോലും മലയാളികളെ പട്ടിണി കിടത്താതെ സംരക്ഷിക്കാന്‍ കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ ഉള്ളപ്പോള്‍ കര്‍ക്കടക ദാരിദ്ര്യവുമില്ല. പക്ഷേ മറ്റു രണ്ടു പേരുകള്‍ കൂടി കര്‍ക്കടകത്തിനുണ്ട്. ഒന്ന് ഔഷധ മാസം, രണ്ട് രാമായണമാസം.
മലയാളിയുടെ പഴയ ജീവിതചര്യയില്‍ പ്രധാനമായിരുന്നു കര്‍ക്കടകചികില്‍സ. വറുതിക്കാലത്തെ മലയാളി നേരിട്ടിരുന്നത് നാട്ടിലെ ഔഷധങ്ങള്‍ കൊണ്ടു കൂടിയായിരുന്നു. മഴക്കാലരോഗങ്ങള്‍ക്ക് ഈ ചികില്‍സകള്‍ രോഗപ്രതിരോധശേഷി നല്‍കും. കര്‍ക്കടകക്കഞ്ഞി എന്ന ഔഷധക്കഞ്ഞി ദഹനത്തെയും വര്‍ഷകാലത്തെ ആരോഗ്യത്തെയും മെച്ചപ്പെടുത്തുന്നതാണ്. ചിങ്ങമാസത്തെയും ഓണത്തെയും ആരോഗ്യമുള്ള ശരീരവും മനസ്സുമായി എതിരേല്‍ക്കാനുള്ള തയ്യാറെടുപ്പു കൂടിയാണ് കര്‍ക്കടകത്തിലെ ചികിത്സകള്‍.
കര്‍ക്കടകത്തിന്റെ മറ്റൊരു വിളിപ്പേര് രാമായണമാസം എന്നാണ്. തുഞ്ചത്ത് രാമാനുജനെഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് കര്‍ക്കടകമാസത്തില്‍ പാരായണം ചെയ്യുന്ന പതിവ് മലയാളികള്‍ക്കുണ്ട്. ഏറെക്കാലമായി കേരളത്തിലെ വീടുകളില്‍ ഇത് ചെയ്തു വരുന്നെങ്കിലും സമീപകാലത്തുണ്ടായ മാറ്റം ഈ ശീലത്തെ ഹിന്ദുത്വവല്‍ക്കരിച്ച് വര്‍ഗീയത പരത്താനുള്ള സംഘപരിവാര്‍ ശ്രമമാണ്. രാമായണകഥക്ക് നിരവധി പാഠഭേദങ്ങളുണ്ട്. രാമനെ ലോകാഭിരാമനായ രാമനായും ഹനുമാനെ ഭക്ത ഹനുമാനായും ആണ് രാമായണത്തില്‍ വായിക്കുക. പക്ഷേ ആര്‍ എസ് എസിന്റെ രാമന്‍ വില്ലുകുലച്ച് യുദ്ധം ചെയ്യാന്‍ നില്‍ക്കുന്ന രാമനും ഹനുമാന്‍ ക്രുദ്ധനായി നില്‍ക്കുന്ന ഹനുമാനുമാണ്. എല്ലാറ്റിലും ക്രൂരതയും ഹിംസയും ചേര്‍ക്കലാണ് ആര്‍ എസ് എസ് പരിപാടി. രാമായണപാരായണത്തെയും അവര്‍ കാണുന്നത് അങ്ങനെയാണ്. ഇതേ സമീപനമാണ് കഴിഞ്ഞ ദിവസം പുതിയ പാര്‍ലമെന്റിനു മുന്നിലെ അശോകസ്തംഭത്തിലെ സിംഹങ്ങളെ മാറ്റി ചിത്രീകരിച്ചതിലും കാണാനാവുക. സാരാനാഥിലെ അശോകസ്തംഭമാണ് ഇന്ത്യയുടെ ദേശീയ ചിഹ്നം. അതിലെ സിംഹങ്ങള്‍ക്ക് ശാന്തിയും കരുണയുമാണ് ഭാവം. എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പുതിയ അശോകസ്തംഭത്തിലെ സിംഹങ്ങള്‍ ഗര്‍ജ്ജിക്കുകയാണ്. ദേശീയ ചിഹ്നത്തില്‍ വരെ സ്വന്തം ക്രൗര്യം കുത്തിനിറക്കുകയാണ് സംഘപരിവാര്‍. കര്‍ക്കടകമാസത്തെയും ഔഷധമാസമോ രാമായണമാസമോ ആയി കാണാതെ സ്വന്തം വിഷം വിതരണം ചെയ്യാനുള്ള വര്‍ഗീയമാസമായി അവര്‍ കാണുന്നു. നമ്മുടെ രാഷ്ട്രീയജാഗ്രതയാണ് അവരോടുള്ള പ്രതിരോധം.പാരമ്പര്യത്തിലെ നന്മയെ പിന്തുടരുക , വര്‍ത്തമാന കാലത്തെ തിന്മയെ എതിര്‍ക്കാനുള്ള് കരുത്തു നേടുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com