

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ചയുണ്ടായെന്ന് ബിജെപി നേതാവും നഗരസഭ ചെയര്‍പേഴ്‌സണുമായ പ്രമീള ശശിധരന്‍. ഇത് സത്യമായ കാര്യമാണ്. പലഭാഗത്തും വോട്ടു ചോദിക്കാന്‍ പോയപ്പോള്‍ ജനങ്ങളുടെ പ്രതികരണം വളരെ മോശമായിരുന്നു. തോല്‍വിക്ക് നഗരസഭ ഭരണത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്ത് എന്നു പറഞ്ഞതുപോലെ പറഞ്ഞിട്ടൊന്നും കാര്യമില്ലെന്നും പ്രമീള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിങ്ങള്‍ക്ക് ഒരു സ്ഥാനാര്‍ത്ഥിയേ ഉള്ളോയെന്ന് പലരും ചോദിച്ചു. വ്യത്യസ്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിക്കൂടേയെന്ന് ചോദ്യം ഉയര്‍ന്നിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിലും ഈ ചോദ്യം കേട്ടതാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് മുമ്പേ സ്ഥാനാര്‍ത്ഥിയെ ഒന്നു മാറ്റുന്നത് നല്ലതായിരിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വം കൃഷ്ണകുമാറിനെ തന്നെ പിന്തുണയ്ക്കുകയായിരുന്നു. അതുകൊണ്ട് തോല്‍വിയില്‍ സംസ്ഥാന പ്രസിഡന്റ് അടക്കം എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്.
പാര്‍ട്ടി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിക്കൊപ്പം നഗരസഭ കൗണ്‍സിലര്‍മാര്‍ അടക്കം ജനപ്രതിനിധികളും പ്രവര്‍ത്തകരും ഒറ്റക്കെട്ടായി നിന്നിട്ടുണ്ട്. അതൃപ്തി മാറ്റിവെച്ച് കൃഷ്ണകുമാറിനായി മനസ്സറിഞ്ഞ് പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്ഥാന നേതാക്കളും കൃഷ്ണകുമാറിനായി വോട്ടു ചോദിക്കാന്‍ വന്നിട്ടുണ്ട്. ജനങ്ങളോട് വോട്ടു ചോദിക്കാന്‍ മാത്രമല്ലേ നമുക്ക് പറ്റുകയുള്ളൂ. വോട്ടു ചെയ്യേണ്ടത് ജനങ്ങളാണ്. വാര്‍ഡ് കൗണ്‍സിലര്‍മാര്‍ അവരവരുടെ വാര്‍ഡുകളില്‍ ആറും ഏഴും തവണ വോട്ടു ചോദിച്ച് പോയിട്ടുണ്ട്.
എല്ലാ തെരഞ്ഞെടുപ്പിലും ഒരാള്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുന്നതില്‍ ജനങ്ങള്‍ക്ക് അതൃപ്തിയുണ്ടെന്നാണ് തന്റെ നിഗമനം. സ്ഥാനാര്‍ത്ഥി മാറിയാല്‍ നന്നായിരുന്നു എന്ന് നേതൃത്വത്തെ അറിയിച്ചതാണ്. ആരു വേണമെന്നൊന്നും നിര്‍ദേശിച്ചിട്ടില്ല. ലോക്‌സഭ തെരഞ്ഞെടുപ്പിനേക്കാള്‍ പാലക്കാട് നഗരസഭയില്‍ 1500 ലേറെ വോട്ടുകളാണ് ബിജെപിക്ക് ഇത്തവണ കുറഞ്ഞത്. അത് നോട്ടയ്ക്ക് പോയിട്ടുണ്ട്. സന്ദീപ് വാര്യര്‍ പോയത് നഷ്ടമായിട്ട് തോന്നുന്നില്ല. എന്നാല്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന കുറച്ചുപേരെങ്കിലും ഉണ്ടാകുമല്ലോ. അതും വോട്ടു കുറയാന്‍ ചെറിയ കാരണമായേക്കാം. പാലക്കാട് നഗരസഭ ഭരണത്തില്‍ ഒരു പാളിച്ചയും ഉണ്ടായിട്ടില്ലെന്നും പ്രമീള ശശിധരന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates