

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് സുഹൃത്തിനെ കൊലപ്പെടുത്തി ഒഴിഞ്ഞ പറമ്പില്‍ കുഴിച്ചിട്ട സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍. പ്രതി ഫിറോസ് വിദേശത്തേക്ക് പോകാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പുറത്തു വരുന്ന വിവരം. നിരവധി കഞ്ചാവു കേസുകളിലെ പ്രതികളാണ് പ്രതി ഫിറോസും കൊല്ലപ്പെട്ട ആഷിഖും. ഇരുവരും വര്‍ഷങ്ങളായി സുഹൃത്തുക്കളുമാണ്.
ഖത്തറിലേക്ക് പോകാന്‍ ഫിറോസിന് വിസ രണ്ടുമാസം മുമ്പ് ലഭിച്ചിരുന്നു. കഴിഞ്ഞ ഡിസംബര്‍ 17 ന് ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ചു. ഇതിനിടെ ഒരുമിച്ചുള്ള കേസുകള്‍ ഒറ്റയ്ക്ക് നടത്താന്‍ കഴിയില്ലെന്ന് ആഷിഖ് പറഞ്ഞു. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി.
തര്‍ക്കത്തിനിടെ ആഷിഖ് ആദ്യം കുത്തിയെന്നും, കത്തി തിരികെ വാങ്ങി തിരിച്ച് ആഷിഖിന്റെ കഴുത്തില്‍ കുത്തുകയായിരുന്നു എന്നുമാണ് ഫിറോസ് പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്. ഇത് സ്ഥിരീകരിക്കുന്നതിനായി ആഷിഖിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ട. റിപ്പോര്‍ട്ട് ഇന്നു ലഭിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്.
കൊലപാതകത്തിന് ഉപയോഗിച്ച ആയുധം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇന്നലെ സ്ഥലത്ത് പ്രതിയെ എത്തിച്ച് നടത്തിയ തെളിവെടുപ്പിലും പ്രതി കുത്താനുപയോഗിച്ചെന്ന് പറയുന്ന കത്തി കണ്ടെടുക്കാനായിട്ടില്ല. ആഷിഖിന്റെ മൃതദേഹം പെട്ടി ഓട്ടോയില്‍ കയറ്റി ചിനക്കത്തൂര്‍ അഴീക്കലപ്പറമ്പിലെ ഒഴിഞ്ഞ പറമ്പില്‍ കുഴിച്ചിടുകയായിരുന്നുവെന്നും ഫിറോസ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
2015ലെ മോഷണക്കേസില്‍ ഈസ്റ്റ് ഒറ്റപ്പാലം സ്വദേശിയായ മുഹമ്മദ് ഫിറോസിനെ പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തറിയുന്നത്. മോഷണക്കേസിലെ കൂട്ടുപ്രതിയായ ലക്കിടി സ്വദേശി ആഷിഖിനെ കണ്ടെത്താനായി നടത്തിയ ചോദ്യംചെയ്യലിലാണ് ഫിറോസ് കൊലപാതകത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
കൊന്ന് കുഴിച്ചിട്ട ശേഷവും ആഷിഖിന്റെ വീട്ടില്‍ എത്തി; തന്ത്രം മെനഞ്ഞ് ഫിറോസ്
ആഷിഖിനെ കൊന്ന് കുഴിച്ചിട്ടതിനു ശേഷം ഒരാള്‍ക്കും സംശയം തോന്നാത്ത മട്ടിലായിരുന്നു ഫിറോസിന്റെ നീക്കങ്ങള്‍. കൊലപാതകത്തിനു ശേഷവും യാതൊന്നും സംഭവിക്കാത്ത മട്ടില്‍ ആഷിഖിനെ അന്വേഷിച്ച് ഫിറോസ് വീട്ടിലെത്തി. ദൂരയാത്ര പോയതാണെന്നും വൈകാതെ മടങ്ങിവരുമെന്നും ഫിറോസ് വീട്ടുകാരെ വിശ്വസിപ്പിച്ചു.
വൈകിയാല്‍ പൊലീസില്‍ പരാതിപ്പെടണമെന്നും ബന്ധുക്കളെ ഉപദേശിച്ചു. അതേസമയം ആഷിഖിന്റെ ബന്ധുക്കളുടെ നീക്കം ഇയാൾ കൃത്യമായി നിരീക്ഷിച്ചുകൊണ്ടിരുന്നു.വ്യത്യസ്ത ഇടങ്ങളില്‍ മാറിത്താമസിച്ചും കൂട്ടുകാരോടു കള്ളം പറഞ്ഞും പരമാവധി പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചു. പലയിടങ്ങളിലായി ഒളിച്ചുകഴിയുന്നതിനിടെ ആഷിഖിന്റെ സഹോദരനെ വിളിച്ച് തിരോധാനത്തെക്കുറിച്ചു മുടങ്ങാതെ അന്വേഷിച്ചതും ഫിറോസിന്റെ തന്ത്രമാണ്.
മകന്റെ മടങ്ങിവരവിനായി കാത്ത് പൊലീസിനെ സമീപിക്കാതിരുന്ന കുടുംബം പല സാഹചര്യങ്ങളിലും ഫിറോസിനെ വിശ്വസിച്ചു. കൊലപാതകമുണ്ടായ ദിവസം രാത്രിയില്‍ ആഷിഖിന്റെ മൊബൈല്‍ ഫോണ്‍ നിശ്ചലമായത് പൊലീസിനു സംശയം വർധിപ്പിച്ചു. ഇതാണ് ആഷിഖിന് അത്യാഹിതം സംഭവിച്ചു എന്ന് പൊലീസിന് സംശയമേറി. കൊലപാതകം മറയ്ക്കാൻ ശ്രമിച്ച ഫിറോസിന്റെ മൊഴികളിലെ പൊരുത്തക്കേടുകളാണ് ക്രൂരകൊലപാതകത്തിന്റെ ചുരുളഴിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates