

പാലക്കാട്: മരിച്ച രണ്ട് വ്യക്തികളുടെ പെൻഷൻ തുക വ്യാജ ഒപ്പിട്ട് കൈപ്പറ്റിയെന്ന പരാതിയെ തുടർന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി. ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിലാണ് സംഭവം. മണ്ണമ്പറ്റയിലെ ഇടപ്പള്ളി ബ്രാഞ്ച് സെക്രട്ടറി സത്യനാരായണനെ പാർട്ടി ചുമതലകളിൽ നിന്ന് നീക്കി. പെൻഷൻ വിതരണത്തിൽ നിന്നും ഇയാളെ വിലക്കിയിട്ടുണ്ട്.
പഞ്ചായത്തിലെ പതിനൊന്നാം വാർഡ് നിവാസികളായ കൃഷ്ണൻകുട്ടി പണിക്കർ, നാരായണ ഗുപ്തൻ എന്നിവരുടെ പേരിലുള്ള പെൻഷൻ തുകയാണ് തട്ടിയെടുത്തതെന്നാണ് പരാതി. കൃഷ്ണൻകുട്ടി പണിക്കർ 2026 ജൂലൈ ആദ്യവാരത്തിലും നാരായണ ഗുപ്തൻ ഓഗസ്റ്റിലുമാണ് മരിച്ചത്. എന്നാൽ ഇരുവരുടെയും പേരിൽ സെപ്റ്റംബർ മാസം വരെയുള്ള പെൻഷൻ വിതരണം ചെയ്തതായി രേഖകളിൽ കാണിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം.
പെൻഷൻ തുക കൈപ്പറ്റിയതായി കാണിക്കുന്ന രേഖകളിൽ വ്യാജ ഒപ്പുകൾ രേഖപ്പെടുത്തിയാണ് പണം തട്ടിയെടുത്തതെന്നാണ് വിവരം. സംഭവം പുറത്തറിഞ്ഞതോടെ സത്യനാരായണനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കാനും പെൻഷൻ വിതരണ ചുമതലയിൽനിന്ന് ഒഴിവാക്കാനും പാർട്ടി നടപടി സ്വീകരിച്ചു.
അതേസമയം, സംഭവത്തിൽ ഇതുവരെ കേസെടുത്തിട്ടില്ല. തട്ടിപ്പിൽ ഉൾപ്പെട്ടയാൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇതേ ആവശ്യമുന്നയിച്ച് പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates