

ന്യൂഡൽഹി: സംസ്ഥാനത്തെ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം കൊണ്ടുവരണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി വിശദമായ വാദം കേൾക്കും. ജസ്റ്റിസുമാരായ അജയ് റസ്തോഗി, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം. ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ് എന്ന സംഘടനയാണ് മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും ചീഫ് വിപ്പിന്റെയും പേഴ്സണല്‍ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം വേണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്.
മാറിമാറി അധികാരത്തില്‍ വരുന്ന സർക്കാരുകൾ യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് പേഴ്‌സണല്‍ സ്റ്റാഫ് നിയമനം നടത്തുന്നത്. പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന പ്രത്യേക ചട്ടം ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജിക്കാര്‍ സുപ്രീം കോടതിയില്‍ ആരോപിച്ചു. മറ്റ് സംസ്ഥാനങ്ങളിലും മന്ത്രിമാര്‍ ഇതേരീതിയിലല്ലേ പേഴ്‌സണല്‍ സ്റ്റാഫിനെ നിയമിക്കുന്നതെന്ന് വാദത്തിനിടെ കോടതി ചോദിച്ചു.
ഗുജറാത്തില്‍ മന്ത്രിമാര്‍ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം നടത്തുന്നത് ഇതേ രീതിയില്‍ ആണെന്നും, എന്നാൽ അവർക്ക് ഓണറേറിയം മാത്രമേ നൽകുന്നുള്ളൂവെന്നും ജസ്റ്റിസ് ബേല എം ത്രിവേദി ചൂണ്ടിക്കാട്ടി. കേരളത്തില്‍ പേഴ്സണൽ സ്റ്റാഫുകൽക്ക് പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ ഉണ്ടെന്ന് അപ്പോൾ ഹർജിക്കാരുടെ അഭിഭാഷകര്‍ മറുപടി നല്‍കി. തുടര്‍ന്ന് ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിക്കുകയായിരുന്നു.
നേരത്തെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം വേണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ഹർജി നൽകിയെങ്കിലും, ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇത് തള്ളിക്കളഞ്ഞിരുന്നു. പേഴ്സണല്‍ സ്റ്റാഫ് നിയമന രീതിക്കെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും നേരത്തെ പരസ്യവിമർശനം ഉന്നയിച്ചിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates