മകള്‍ വഴി പിണറായി വിജയന്‍ പണം വാങ്ങിയതിന് തെളിവ്, വീണയ്ക്കും റിയാസിനുമെതിരെയും കേസെടുക്കാം; ഡിജിപിയുടെ നിയമോപദേശം

മകള്‍ വീണ വഴി 3.28 കോടി രൂപയുടെ സാമ്പത്തിക നേട്ടം പിണറായി വിജയന്‍ കൈവരിച്ചതായി സംശയലേശമന്യേ തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് നിയമോപദേശം
Pinarayi Vijayan
പിണറായി വിജയന്‍ ചിത്രം: ടിപി സൂരജ്/ ന്യൂ ഇന്ത്യൻ എക്സ്പ്രസ്
Edited By:
Updated on
2 min read

കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ സമ്മര്‍ദ്ദത്തിലാക്കി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൈമാറിയ കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും പരിശോധിച്ചതില്‍ നിന്ന്, 2017 മാര്‍ച്ച് 4-നും 2019 മെയ് 18-നും ഇടയില്‍ വ്യാജ കരാറിന്റെ മറവില്‍ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡില്‍ (CMRL) നിന്ന് മകള്‍ ടി. വീണ വഴി 3.28 കോടി രൂപയുടെ സാമ്പത്തിക നേട്ടം പിണറായി വിജയന്‍ കൈവരിച്ചതായി സംശയലേശമന്യേ തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന്, ഡിജിപി ടി ആസിഫലി നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു.

Pinarayi Vijayan
മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ മരണം അഞ്ചായി; സംസ്ഥാനത്ത് മഴക്കെടുതിയില്‍ 9 മരണം

ഈ തുക പിണറായി വിജയന്റെ അറിയപ്പെടുന്ന വരുമാന സ്രോതസ്സുകള്‍ക്ക് ആനുപാതികമല്ലെന്ന് നിയമോപദേശത്തില്‍ പറയുന്നു. കൂടാതെ, 1988-ലെ അഴിമതി നിരോധന നിയമത്തിലെ (PC Act) സെക്ഷന്‍ 13(1)(b) പ്രകാരം പിണറായിയും വീണയും വിചാരണ നേരിടാന്‍ ബാധ്യസ്ഥരാണെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു. കൃത്യം നടന്ന കാലയളവ് അഴിമതി നിരോധന നിയമത്തിലെ ഭേദഗതി നടന്ന 2018 ജൂലൈ 26-ന് മുമ്പും ശേഷവും ആയതിനാല്‍, ഭേദഗതിക്ക് മുമ്പും ശേഷവും ബാധകമായ ശിക്ഷാ വ്യവസ്ഥകള്‍ ഉചിതമായി പ്രയോഗിക്കാവുന്നതാണെന്നും നിയമോപദേശത്തില്‍ പറയുന്നു.

അന്ന് മുഖ്യമന്ത്രിയായിരുന്ന പിതാവിന് വേണ്ടി വീണ കൈക്കൂലിയോ നിയമവിരുദ്ധമായ പ്രതിഫലമോ കൈപ്പറ്റി എന്നത് ശക്തമായ വാക്കാലുള്ള മൊഴിയാല്‍ പ്രഥമദൃഷ്ട്യാ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. രേഖാമൂലവും, ഡിജിറ്റല്‍ തെളിവുകളും ഇടക്കാല സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലുകളെ ശക്തിപ്പെടുത്തുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍, അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 20 പ്രകാരം, കൈക്കൂലിപ്പണം വീണ തന്റെ പിതാവിന് വേണ്ടി, അദ്ദേഹത്തിന്റെ പ്രതിനിധിയായി നിയമവിരുദ്ധമായി കൈപ്പറ്റിയതാണെന്ന് അനുമാനിക്കാവുന്നതാണ്. നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു.

നിയമപരമായി തനിക്ക് ലഭിക്കാന്‍ അര്‍ഹതയില്ലാത്ത 3,28,01,000 രൂപ വീണ സിഎംആര്‍എല്ലില്‍ (CMRL) നിന്ന് കൈപ്പറ്റി എന്നത് വസ്തുതയാണ്. ഇതു കൈക്കൂലിയല്ലെന്ന് ഖണ്ഡിക്കാന്‍ അവ്യക്തമായ വിശദീകരണങ്ങള്‍ മതിയാകുന്നതല്ലെന്നും ഡിജിപി നിയമോപദേശത്തില്‍ സൂചിപ്പിക്കുന്നു.

റിയാസിനെതിരെയും നിയമനടപടി സ്വീകരിക്കാം

സിഎംആര്‍എല്‍ കേസില്‍ മുന്‍മന്ത്രിയും വീണയുടെ ഭര്‍ത്താവുമായ മുഹമ്മദ് റിയാസിനെതിരെയും നിയമനടപടി സ്വീകരിക്കാവുന്നതാണെന്ന് ഡിജിപി നിയമോപദേശത്തില്‍ വ്യക്തമാക്കി. 2019 ജനുവരി 26-ന് ആദായനികുതി നിയമത്തിലെ 132(4)ാം വകുപ്പ് പ്രകാരം രേഖപ്പെടുത്തിയ സിഎംആര്‍എല്‍ (CMRL) എംഡി എസ് എന്‍ ശശിധരന്‍ കര്‍ത്തയുടെ മൊഴി ഈ നിഗമനത്തെ സാധൂകരിക്കുന്നതായി ഡിജിപി പറയുന്നു.

'കരാര്‍ പ്രകാരമുള്ള സേവനദാതാക്കള്‍ ഞങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്തുള്ള ജോലിയോ സേവനമോ, സോഫ്റ്റ്വെയര്‍ പരിപാലനമോ, കണ്‍സള്‍ട്ടന്‍സിയോ മറ്റേതെങ്കിലും തരത്തിലുള്ള സേവനമോ ഇതുവരെ നല്‍കിയിട്ടില്ല. എന്നിരുന്നാലും, കരാര്‍ പ്രകാരമുള്ള പ്രതിമാസ പണം നല്‍കിവരുന്നുണ്ട്.' എന്നാണ് ശശിധരന്‍ കര്‍ത്തയുടെ മൊഴിയെന്ന് ഡിജിപി ചൂണ്ടിക്കാട്ടുന്നു.

ശശിധരന്‍ കര്‍ത്തയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍, അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിതാവ് വഴി ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ ക്രമക്കേട് വരുത്തുന്നതിനായി വീണ കൈക്കൂലിത്തുക കൈപ്പറ്റി എന്ന് അനുമാനിക്കാവുന്നതാണ്. ഒരു പൊതുപ്രവര്‍ത്തകന്‍ മൂന്നാമതൊരാളിലൂടെയാണ് കൈക്കൂലി വാങ്ങിയതെങ്കില്‍ പോലും, ആ പൊതുപ്രവര്‍ത്തകന്‍ വിചാരണ നേരിടാന്‍ ബാധ്യസ്ഥനാണെന്നും നിയമോപദേശത്തില്‍ ഡിജിപി വ്യക്തമാക്കുന്നു.

ഒരു പൊതുപ്രവര്‍ത്തകന് കൈക്കൂലി നല്‍കിയെന്നാരോപിക്കപ്പെടുന്ന സാഹചര്യത്തില്‍, കമ്പനീസ് നിയമപ്രകാരം രൂപീകരിച്ച സിഎംആര്‍എല്‍ (CMRL) കമ്പനിയും നിയമനടപടിക്ക് വിധേയമാകാന്‍ ബാധ്യസ്ഥമാണ്. 2018-ലെ 16-ാം നിയമപ്രകാരം ഭേദഗതി വരുത്തിയ 1988-ലെ അഴിമതി നിരോധന നിയമത്തിലെ 13(1)(b) വകുപ്പ് പ്രകാരം, വീണയുടെ ഭര്‍ത്താവും അന്നത്തെ മന്ത്രിയുമായിരുന്ന പി എ മുഹമ്മദ് റിയാസിനെതിരെയും നടപടിയെടുക്കാം. വരുമാന സ്രോതസ്സുകള്‍ക്ക് ആനുപാതികമല്ലാത്ത സാമ്പത്തിക ആസ്തി കൈവശം വെച്ചെന്നാരോപിച്ച് റിയാസിനെതിരെ നിയമനടപടി സ്വീകരിക്കാവുന്നതാണ്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു.

Pinarayi Vijayan
ലൈസന്‍സ് ബന്ധിപ്പിച്ചിട്ടുണ്ടോ? 60 സേവനങ്ങള്‍ക്ക് ഇന്ന് മുതല്‍ ആധാര്‍ നിര്‍ബന്ധം
Pinarayi Vijayan
മഴ സാഹചര്യം മണിക്കൂർ അടിസ്ഥാനത്തിൽ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം; എസ്എംഎസ് അലർട്ടുകൾ
Pinarayi Vijayan
1 ടിന്‍ അരവണ, 3 കവര്‍ അപ്പം; ശബരിമലയില്‍ നിയന്ത്രണം
Summary

Proof Pinarayi Vijayan got money via daughter: Legal opinion

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com