

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ട് ബലാത്സംഗ കേസുകളിൽ കരട് കുറ്റപത്രം തയ്യാറാക്കി പൊലീസ്. ബലാത്സംഗം, ഗർഭഛിദ്രം നടത്താൻ നിർബന്ധിക്കൽ, ഭീഷണിപ്പെടുത്തൽ, വഞ്ചന, ശാരീരിക ഉപദ്രവം തുടങ്ങിയ വിവിധ വകുപ്പുകൾ ചുമത്തിയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കുറ്റപത്രം. കേസിൽ ഇനി പൊലീസിന് നിയമോപദേശം ലഭിക്കേണ്ടതുണ്ട്. ഇത് ലഭിച്ച ശേഷമാകും അന്വേഷണ സംഘം തുടർന്നുള്ള നിയമ നടപടികളിലേക്ക് കടക്കുക.
മുൻ കോൺഗ്രസ് നേതാവായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആകെ മൂന്ന് ബലാത്സംഗ കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. ഇതിൽ അവസാനം രജിസ്റ്റർ ചെയ്ത തിരുവല്ലയിലെ ഹോട്ടലിൽ വച്ച് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പൊലീസ് നേരത്തെ തന്നെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ മറ്റു രണ്ട് കേസുകളിലെ അന്വേഷണം പൂർത്തിയാക്കാൻ പൊലീസ് മാസങ്ങളോളം സമയമെടുത്തു.
യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും തുടർന്ന് ഭ്രൂണഹത്യ നടത്തുവാൻ നിർബന്ധിക്കുകയും ചെയ്തു എന്നതാണ് രാഹുലിനെതിരെയുള്ള ആദ്യത്തെ കേസ്. ഈ കേസിലെ കരട് കുറ്റപത്രത്തിൽ ബലാത്സംഗം, ഭ്രൂണഹത്യ, ഭീഷണി, ശാരീരികമായി ഉപദ്രവിക്കൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് പൊലീസ് ചുമത്തിയിട്ടുള്ളത്.
ഇതര സംസ്ഥാനത്ത് പഠിക്കുന്ന യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി ആളൊഴിഞ്ഞ വില്ലയിൽ എത്തിച്ച് പീഡിപ്പിച്ചു എന്നതാണ് രണ്ടാമത്തെ കേസ്. ഈ കേസിൽ ബലാത്സംഗത്തിന് പുറമേ വഞ്ചനക്കുറ്റവും ശാരീരിക ഉപദ്രവം ഏൽപ്പിച്ചതിനുള്ള വകുപ്പുകളും ചേർത്താണ് കരട് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.
എസ്പിജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസുകൾ അന്വേഷിച്ചത്. അവർ സിബിഐയിലേക്ക് ഡെപ്യൂട്ടേഷൻ ലഭിച്ചതോടെ കേസിന്റെ ചുമതല ഒഴിയേണ്ടി വന്നു. ഡെപ്യൂട്ടേഷനിൽ പോകുന്നതിന് തൊട്ടുമുൻപ് അവർ കരട് കുറ്റപത്രം പരിശോധിച്ച് അംഗീകരിക്കുകയും തുടർ നിയമോപദേശത്തിനായി ക്രൈം ബ്രാഞ്ച് ലീഗൽ ഓഫീസർക്ക് കൈമാറുകയും ചെയ്തു. നിയമോപദേശം ലഭിച്ച ശേഷമായിരിക്കും കേസിന്റെ വകുപ്പുകളിലും പ്രതിപ്പട്ടികയിലും അന്തിമ തീരുമാനമെടുക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates