

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഒരു കോക്കസുണ്ടെന്ന് നിക്ഷേപ തട്ടിപ്പിനിരയായ തൃശൂര്‍ മാപ്രാണം സ്വദേശി ജോഷി. ജനുവരി 30ന് നമ്മുടെ രാഷ്ട്രപിതാവിനെ ഒരു സംഘത്തിന്റെ പ്രതിനിധി ആണ് കൊന്ന് തള്ളിയത്. അദ്ദേഹത്തിനെ കൊന്നുതള്ളിയ ദിവസം എന്നേക്കൂടി കൊല്ലൂ എന്നാണ് തനിക്ക് പറയാനുള്ളതെന്നും ജോഷി പറഞ്ഞു. സമകാലിക മലയാളത്തോട് പ്രതികരിക്കുകയായിരുന്നു ജോഷി.
കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകരെ സഹകരണ വകുപ്പ് മന്ത്രി ഇതുവരെ നിക്ഷേപകരെ കണ്ടിട്ടുണ്ടോ. ഒരു സ്റ്റുഡിയോയില്‍ കയറിയിരുന്ന് പ്രശ്‌നം തീര്‍ത്തെന്ന് പറയുന്ന വാസവന്റെ പോഴത്തം ഉണ്ടല്ലോ, അത് വേണ്ട. വെള്ള ഷര്‍ട്ടും ഇട്ട് കക്ഷത്ത് മച്ചിങ്ങ വെച്ച് വേണ്ടാതീനം വിളിച്ചു പറയുകയല്ല വേണ്ടതെന്നും ജോഷി പറഞ്ഞു. കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപ തട്ടിപ്പിനിരയായ ജോഷി തനിക്ക് ദയാവധം അനുവദിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിക്ക് കത്തെഴുതിയിരിക്കുകയാണ്.
എനിക്ക് പൈസ തന്നിട്ടുണ്ടെങ്കില്‍ ഞാനെന്തിന് ഇപ്പോള്‍ സംസാരിക്കണം. എനിക്ക് ഇപ്പോള്‍ വിശ്വാസമില്ല. ഒരു കോക്കസിലും ഇല്ലാത്തവരുടേയും പണം മാത്രമാണ് അവിടെയുള്ളത്. പാര്‍ട്ടി ബന്ധത്തിന്റെ പിന്‍ബലത്തില്‍ പണം ഒരുമിച്ച് പിന്‍വലിച്ചവരാണ് ബാങ്കിനെ തകര്‍ത്തത്. എനിക്ക് വെറുത്തിരിക്കുന്നു. സിസ്റ്റം അപ്പാടെ അഴുക്കാണ്. ആ സിസ്റ്റത്തിനോടുള്ള പ്രതിഷേധമാണ് പറയുന്നത്. എന്നെ ഭയപ്പെടുത്താനാവില്ല. ഇവിടെ ജീവിക്കാന്‍ കഴിയില്ല. ജനുവരി 30ന് നമ്മുടെ രാഷ്ട്രപിതാവിനെ ഒരു സംഘത്തിന്റെ പ്രതിനിധി ആണ് കൊന്ന് തള്ളിയത്. അദ്ദേഹത്തിനെ കൊന്നുതള്ളിയ ദിവസം എന്നേക്കൂടി കൊല്ലൂ എന്നാണ് ഞാന്‍ പറഞ്ഞത്. കോടതി എനിക്ക് നീതി നിഷേധിച്ചാല്‍ സ്വയം വിധിക്കാന്‍ ഞാന്‍ തയ്യാറാണ്. എല്ലാവരോടും ആത്മഹത്യ ചെയ്യണമെന്നോ ഞാന്‍ പറഞ്ഞിട്ടില്ല. പൊതുനീതിബോധം ഉണ്ടാക്കാന്‍ അത് സഹായകമെങ്കില്‍ ഞാനത് ചെയ്യും. ഞാന്‍ കഴുവേറാന്‍ തയ്യാറാണ്.
ഇതില്‍ ഒരു കോക്കസ് ഉണ്ട്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്നത് 95 ശതമാനം മാര്‍ക്‌സിസ്റ്റുകളും അഞ്ച് ശതമാനം കവര്‍ച്ചക്കാരുമാണ്. നിര്‍ഭാഗ്യവശാല്‍ അവരുടെ കൈയിലാണ് അധികാരം. ഒരു മാര്‍ക്‌സിസ്റ്റുകാരനെ സംബന്ധിച്ച് ഭയം എന്നൊന്നില്ല നിഘണ്ടുവില്‍. പരമ സാത്വികനാണ്. പരമ സംശുക്തനാണ്. 150 കോടി രൂപയിലധികം വഴിവിട്ട വായ്പകള്‍ക്ക് ശുപാര്‍ശ ചെയ്ത അന്നത്തെ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി. പിന്നീട് സഹകരണ മന്ത്രിയായിരുന്ന ആള്‍. സഖാവെന്നാണ് എല്ലാവരും വിളിക്കുന്നത്. ഞാന്‍ പക്ഷേ അങ്ങനെ വിളിക്കില്ല. സ്ഥാനങ്ങളിലിരുന്നുകൊണ്ട് അധികാര ദുര്‍വിനിയോഗം വളരെ മോശമായിട്ട് ചെയ്തത് എ സി മൊയ്തീനാണ്. ഇഡിയുടേയും മറ്റ് അന്വേഷണ ഏജന്‍സികളുടേയും റിപ്പോര്‍ട്ട് പ്രകാരം മൊയ്തീന്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
24 ആം വയസിലാണ് കാട്ടൂര് നിന്ന് മാപ്രാണത്തേക്ക് ഭൂമി വിറ്റാണ് വരുന്നത്. പുതിയ സ്ഥലത്ത് എത്തിയപ്പോള്‍ നമ്മുടെ ആളുകള്‍ എന്ന തോന്നലുണ്ടായി. സഹകരണ ബാങ്കിലെ ജീവനക്കാര്‍ മുഴുവന്‍ സഖാക്കന്‍മാരാണ്. അതാണ് വിശ്വാസം ഉണ്ടാകാന്‍ കാരണം. രണ്ട് തവണ ആക്‌സിഡന്റുണ്ടായി. ദാരിദ്ര്യം എന്റെ മുകളില്‍ കുടിലുകെട്ടി പാര്‍ത്തിട്ടുണ്ട്. ആ സമയത്ത് ഞാന്‍ നിര്‍ബന്ധിച്ചിട്ടാണ് പണം നിക്ഷേപിച്ചത്. കുറച്ചു പുഴുക്കുത്തുകള്‍ കൂടിയിട്ടാണ് കൊള്ള നടത്തിയത്. ഭാര്യയുടെ സ്വര്‍ണം വിറ്റ തുകയും നിക്ഷേപിച്ചു. എന്റെ സഹോദരിയും അഞ്ച് ലക്ഷം നിക്ഷേപിച്ചു. ഞാന്‍ പറഞ്ഞിട്ടാണ് അവളും അതിന് തയ്യാറായത്. കൂടാതെ കുറിയില്‍ നിന്ന് പിന്‍വലിച്ച തുക അഞ്ച് ലക്ഷം രൂപയും അതിനൊപ്പം നിക്ഷേപിച്ചു. ട്യൂമറായതിന് ശേഷം 12 ലക്ഷം രൂപ ബാങ്ക് തിരികെ തന്നു.
പേന തൊട്ട് മുടിനാരിഴയ്ക്ക് വരെ ബില്ല് കൊടുത്ത് വാങ്ങുകയാണ്. സര്‍ക്കാരിന്റെ കയ്യില്‍ കാശില്ലെന്ന് പറയുന്നു. ഖജനാവില്‍ നിന്ന് കാശെടുത്തിട്ട് വേണോ ഈ സാധനങ്ങള്‍ വാങ്ങിക്കാന്‍. 365 ദിവസവും സകല നാട്ടിലും പേറിനും പെറപ്പിനും അടിയന്തരത്തിനും ഉദ്ഘാടനത്തിനും കൊട്ടിഘോഷിച്ച് നടക്കുന്ന മന്ത്രി എവിടെയാണ് ഫയല്‍ കാണുന്നത്. സകുടുംബം ശ്യാമള സിനിമയിലെ പോലെ മറിച്ച് നോക്കി ഒപ്പിടുന്നവരാണ് എന്നും മന്ത്രിമാര്‍. സ്വന്തം വകുപ്പിലെ ഫയല്‍ പഠിക്കുന്ന മന്ത്രിമാര്‍ വളരെ വിരളം. ഇപ്പോള്‍ കുറെ പിഎച്ച്ഡിക്കാരുടെ നിലവാരം പുറത്തുവന്നു. ഏത് കോത്തായനും പിഎച്ച്ഡി കിട്ടും. സകല പിഎച്ച്ഡിക്കാരെയല്ല അധിക്ഷേപിക്കുന്നത്. എനിക്കും തരാമെന്ന് പറഞ്ഞു പിഎച്ച്ഡി. എനിക്കത് വേണ്ട. എനിക്ക് ഒരു ഒറ്റമുണ്ട് മതി.
ഞാന്‍ ഒരു മാര്‍ക്‌സിസ്റ്റ് ആണ്. കലാപം വരുമ്പോള്‍ കാക്കി നിക്കര്‍ അര്‍ധരാത്രിയില്‍ പുറത്ത് കാണിക്കും. പകല്‍ അതിന്റെ മുകളില്‍ മുണ്ട് ഉടുക്കും. ഞാനത് ചെയ്യില്ല. പാര്‍ട്ടി തിരുത്താന്‍ തയ്യാറാകണം. ഇതുവരെ എന്നെ കാണാനായിട്ട് ഒരു പാര്‍ട്ടി നേതാവും വന്നിട്ടില്ല. ആകെ വന്നത് ഒരു കള്ളനാണ്. എംഎല്‍എ ഹോസ്റ്റലിലെ പീഡനക്കേസിലെ പ്രതിയാണ് അയാള്‍.
മന്ത്രി ആര്‍ ബിന്ദുവിന് എന്നെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അവരെന്നെ മറന്നു പോയിരുന്നു. ഞാനെന്തിനാണ് അവരെ ഓര്‍മപ്പെടുത്തിയതെന്ന കുറ്റബോധമാണുള്ളത്. പഴയ എസ്എഫ്‌ഐക്കാരുടെ പലരുടേയും പേര് പറയേണ്ടി വന്നു എന്നെ ഓര്‍മിക്കാന്‍.
ഒന്നര വര്‍ഷം ഹൈക്കോടതിയില്‍ കേസ് നടത്തി. ഈ ഭരണം കഴിയട്ടെ അതുകഴിയുന്നവരെ മിണ്ടാതിരുന്നോണം എന്ന തീട്ടൂരം എങ്ങനെ പറ്റും. പാര്‍ട്ടിയില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. എല്ലാ നേതാക്കന്‍മാര്‍ക്കും അറിയാം. കാശ് ഇപ്പോഴും കിട്ടില്ല എന്നാണ് പറയുന്നത്. കസേര സ്വപ്‌നം കണ്ടാണ് അവര്‍ ജീവിക്കുന്നത്. എനിക്ക് വലിയ സ്വപ്‌നങ്ങള്‍ ഒന്നും ഇല്ല. ഞാനെന്റെ അമ്മയെ മാത്രമാണ് സ്വപ്‌നം കാണാറ്.
കോണ്‍ഗ്രസിന്റേയും ബിജെപിയുടെയും ഐക്യദാര്‍ഢ്യമാകാം. അല്ലാത്തപക്ഷം ഞാന്‍ നില്‍ക്കുന്ന സ്ഥലത്ത് മറ്റൊരു കൊടി പിടിക്കാന്‍ സമ്മതിക്കില്ല. ബിജെപിയുടെ രാഷ്ട്രീയം പറഞ്ഞ് വീട്ടില്‍ വരാന്‍ കഴിയില്ല. അതിന് ഞാന്‍ മരിച്ച് കഴിഞ്ഞിട്ട് വന്നാല്‍ മതി. എനിക്ക് അര്‍ഹമായത് നീതി പീഠം തന്നേ പറ്റൂ. അതെന്റെ അവകാശമാണ്. കരുവന്നൂരില്‍ ബാങ്കില്‍ നിക്ഷേപിച്ച ഫിലോമിന ചേച്ചി മരിച്ചപ്പോള്‍ സ്ഥലം എംഎല്‍എയും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു 22 ലക്ഷം രൂപ കൊടുത്തു. അതിന് മുമ്പ് കൊടുക്കാമായിരുന്നില്ലേയെന്നും ജോഷി പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates