

തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളെയും ക്രമസമാധാനനില തകര്‍ച്ചയെയും ചൂണ്ടിക്കാട്ടിയുള്ള അടിയന്തര പ്രമേയ ചര്‍ച്ചക്കിടെ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും തമ്മില്‍ വാക്‌പോര്. കേരളം ഗുണ്ടകളുടെ ഇടനാഴിയായി. തലസ്ഥാനം ഗുണ്ടകളുടെ തലസ്ഥാനമായെന്നും പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചു. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗിലെ എന്‍ ഷംസുദ്ദീന്‍ എംഎല്‍എയാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്.
തലശ്ശേരിയിലും കിഴക്കമ്പലത്തും കഴിഞ്ഞദിവസങ്ങളിലുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളും, സംസ്ഥാനത്ത് ആവര്‍ത്തിക്കുന്ന ഗുണ്ടാ ആക്രമണങ്ങളും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ജനങ്ങള്‍ ഭയപ്പാടിലാണ്. മുഖ്യമന്ത്രിക്ക് പൊലീസിന് മേല്‍ നിയന്ത്രണം നഷ്ടപ്പെട്ടു. ക്രമസമാധാനനില പുനഃസ്ഥാപിക്കുന്നതിന് നടപടികള്‍ ഉണ്ടാകുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കഴിയാത്ത സര്‍ക്കാരായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.എല്ലാം ഒറ്റപ്പെട്ട സംഭവം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. ഇത്തരം 'ഒറ്റപ്പെട്ട സംഭവം' പതിവായി. കാപ്പനിയമം നോക്കുകുത്തിയായെന്നും സിപിഎം ജില്ലാ സെക്രട്ടറിമാര്‍ ജില്ലാ പൊലീസ് മേധാവികളെ നിയന്ത്രിക്കുന്നതാണ് കുഴപ്പങ്ങള്‍ക്കു കാരണമെന്നും സതീശന്‍ പറഞ്ഞു.
താങ്കള്‍ പോയി നോക്കിയോ എന്നായിരുന്നു സതീശനോട് മുഖ്യമന്ത്രിയുടെ മറുചോദ്യം. പരിഹസിക്കേണ്ടെന്ന് വിഡി സതീശനും തിരിച്ചടിച്ചു. രാജ്യത്താകെ വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. എന്നാല്‍ വര്‍ഗീയ സംഘര്‍മില്ലാത്ത സംസ്ഥാനമായി നമ്മുടെ നാട് നിലനില്‍ക്കുന്നതില്‍ പൊലീസിന്റെ ഇടപെടലിന്റെ പങ്ക് വിസ്മരിക്കരുത്. കോവിഡ് കാലത്ത് ക്രിയാത്മകമായി ഇടപെടല്‍ നടത്തിയ പൊലീസ് സേനയിലെ 16 പേരാണ് രോഗം ബാധിച്ച് മരിച്ചത്. അത്തരമൊരു സേനയെ അവഹേളിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അക്രമങ്ങള്‍ക്ക് പരസ്യമായി ആഹ്വാനം ചെയ്യുന്ന, അക്രമങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരു നേതൃത്വമല്ലേ നിങ്ങള്‍ക്കുള്ളതെന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തോട് ചോദിച്ചു. സമൂഹത്തിലുണ്ടാകുന്ന എല്ലാ തിന്മകളോടും ശക്തമായ നിലപാടാണ് പൊലീസ് സ്വീകരിച്ചത്. 2021 ഡിസംബര്‍ 18 മുതല്‍ 20 ഫെബ്രുവരി 15 വരെ ഓപ്പറേഷന്‍ കാവല്‍ പദ്ധതി പ്രകാരം 904 ഗുണ്ടകള്‍ക്കെതിരെ കേസെടുത്തു. 63 പേര്‍ക്കെതിരെ കാപ്പ നിയമപ്രകാരവും നടപടിയെടുത്തു.
പണ്ട് തെറ്റായി ഇടപെട്ടവര്‍ക്ക് പൊലീസിന്റെ ഈ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കാന്‍ വിഷമമുണ്ടാകും. അവരാണ് തുടര്‍ച്ചയായി പൊലീസിനെതിരെ രംഗത്തു വരുന്നത്. പ്രതിപക്ഷത്തിന്റെത് ചീറ്റിപ്പോയ അടിയന്തരപ്രമേയമാണ്. കൊലക്കത്തി എടുത്തവര്‍ താഴെ വച്ചാല്‍ പ്രശ്‌നം അവസാനിക്കുമെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates