

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷ പരിപാടികള്‍ പ്രഖ്യാപിച്ച് ഇടത് മുന്നണി. അസംബ്ലി മണ്ഡലാടിസ്ഥാനത്തില്‍ വിപുലമായ റാലികള്‍ സംഘടിപ്പിക്കും. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ക്കൊപ്പം തന്നെ ഭാവിയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെ സംബന്ധിച്ചും ജനങ്ങള്‍ക്കിടയില്‍ പ്രചരണം നടത്തും. ഏപ്രില്‍ 25 മുതല്‍ മെയ് 20 വരെ എല്ലാ മണ്ഡലം കേന്ദ്രങ്ങളിലും ബഹുജന റാലി സംഘടിപ്പിക്കും. ബഹുജന റാലിയില്‍ എല്‍ഡിഎഫ് നേതാക്കള്‍, മറ്റ് ബഹുജന സംഘടന, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവരെ പങ്കെടുപ്പിക്കും. മെയ് 20-ന് തിരുവനന്തപുരത്ത് എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ 2 വര്‍ഷം പൂര്‍ത്തീകരിക്കുന്ന ആഹ്ലാദ റാലി സംഘടിപ്പിക്കും. മുഖ്യമന്ത്രിയും, മന്ത്രിമാരും എല്‍ഡിഎഫ് നേതാക്കളും പരിപാടിയില്‍ പങ്കെടുക്കും.
ഇതിനുവേണ്ടി ഏപ്രില്‍ 10നകം എല്ലാ എല്‍ഡിഎഫ് ജില്ലാ കമ്മിറ്റികളും യോഗം ചേരും. ഏപ്രില്‍ 15നകം എല്ലാ മണ്ഡലം കമ്മിറ്റികളും യോഗം ചേരും. തുടര്‍ന്ന് ഏപ്രില്‍ 25നകം എല്‍ഡിഎഫിന്റെ ലോക്കല്‍-പഞ്ചായത്ത് തല കമ്മിറ്റികളും ചേര്‍ന്ന് റാലിയുടെ വിശദമായ പരിപാടികള്‍ തയ്യാറാക്കുമെന്നും എല്‍ഡിഎഫ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
മണ്ഡലാടിസ്ഥാനത്തില്‍ റാലി നടക്കുന്നതിന് ഒരാഴ്ച മുമ്പ് എല്‍ഡിഎഫ് തയ്യാറാക്കുന്ന ലഘുലേഖ ഇടതുപക്ഷ ഗവണ്‍മെന്റിന്റെ ഭരണ നേട്ടങ്ങള്‍, ഭാവിയില്‍ നടപ്പിലാക്കാന്‍ വേണ്ടിപ്പോകുന്ന പദ്ധതികള്‍, ജനക്ഷേമ കേരളം കെട്ടിപ്പടുക്കാനുള്ള പദ്ധതികളെല്ലാം വിശദീകരിക്കുക.യും, ആര്‍എസ്എസും യുഡിഎഫും നടത്തുന്ന ജനവിരുദ്ധ നടപടികള്‍ തുറന്നുകാണിക്കുന്ന ലഘുലേഖ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വീട് വീടാന്തരം കയറി വിതരണം ചെയ്യും.
സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെയാകെ തകിടം മറിക്കുന്നവിധമുള്ള നിലപാടുകളാണ് യുഡിഎഫും, കേന്ദ്ര സര്‍ക്കാരും സ്വീകരിക്കുന്നത്. കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണന തുറന്നു കാട്ടുന്നതുമായിരിക്കും വാര്‍ഷികാഘോഷ പരിപാടികള്‍. ബിജെപിയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് നടത്തിക്കൊണ്ടിരിക്കുന്ന തെറ്റായ പ്രചരണ വേലകളെ തുറന്നുകാട്ടും. ജനവിരുദ്ധ സാമ്പത്തിക നയത്തെ പിന്തുണച്ചുകൊണ്ടും, ഹിന്ദുത്വ വര്‍ഗീയതക്കെതിരെ ചാഞ്ചാട്ട നിലപാടും സ്വീകരിക്കുന്ന യുഡിഎഫിന്റെ നയങ്ങളേയും തുറന്നുകാട്ടുന്ന പരിപാടി കൂടിയായിരിക്കും ഇത്-എല്‍ഡിഎഫ് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ സംസ്ഥാനത്ത് അസ്വസ്ഥതകള്‍ പരത്താനുള്ള പലവിധ ഗൂഢശ്രമങ്ങള്‍ നടക്കുകയാണ്. ഇവക്കെതിരെ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും എല്‍ഡിഎഫ് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates