തിരുവനന്തപുരം : സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോരാട്ടച്ചിത്രം തെളിഞ്ഞു. 140 മണ്ഡലത്തിലായി 957 പേരാണ് മത്സരരംഗത്തുള്ളത്. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാനദിനമായ ഇന്നലെ 104 പേരാണ് പത്രിക പിൻവലിച്ചത്. ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ളത് മലപ്പുറം ജില്ലയിലാണ്; 111 പേർ. കുറവ് വയനാട്ടിൽ– 18 പേർ.
കാസർകോട് 38, കണ്ണൂർ 75, കോഴിക്കോട് 96, പാലക്കാട് 73, തൃശൂർ 77, എറണാകുളം 99, ഇടുക്കി 27, കോട്ടയം 66, പത്തനംതിട്ട 39, ആലപ്പുഴ 60, കൊല്ലം 79, തിരുവനന്തപുരം 99 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ ജനവിധി തേടുന്നവരുടെ എണ്ണം. ഇടുക്കിയിലെ ദേവികുളം മണ്ഡലത്തിൽ മൂന്ന് സ്ഥാനാർഥികൾമാത്രം.
സംസ്ഥാനത്തെ ഏഴ് മണ്ഡലത്തിൽ 11 സ്ഥാനാർഥികൾ വീതമുണ്ട്. കാഞ്ഞങ്ങാട്, പേരാവൂർ, മണ്ണാർക്കാട്, തൃത്താല, കൊടുവള്ളി, പാലാ, നേമം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ പേർ ജനവിധി തേടുന്നത്. ആകെ ലഭിച്ചത് 2180 പത്രികയാണ്. ശനിയാഴ്‌ച സൂക്ഷ്‌മപരിശോധനയ്‌ക്കുശേഷം 1061 സ്ഥാനാർഥികളായി കുറഞ്ഞിരുന്നു.
തലശേരി, ഗുരുവായൂർ, ദേവികുളം മണ്ഡലങ്ങളിൽ എൻഡിഎ സ്ഥാനാർഥികളുടെ നാമനിർദേശപത്രിക സൂക്ഷ്‌മപരിശോധനയിൽ തള്ളിയിരുന്നു. ജില്ലകളിൽനിന്ന് സ്ഥാനാർഥിപ്പട്ടിക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് ഇ-മെയിലായും രേഖാമൂലവും എത്തിക്കും. ചൊവ്വാഴ്‌ച ബാലറ്റുപേപ്പർ അച്ചടിക്കുള്ള നടപടികൾക്ക് തുടക്കമാകും. 1,41,62,025 സ്‌ത്രീകളും 1,32,83,724 പുരുഷന്മാരും 290 ട്രാൻസ്‌ജെൻഡർമാരുമടക്കം 2,74,46,039 വോട്ടർമാരാണ് ഏപ്രിൽ ആറിന് പോളിങ് ബൂത്തിലെത്തുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates