

കൊച്ചി: രണ്ടര വയസ്സുകാരിക്ക് ക്രൂരമര്‍ദ്ദനമേറ്റ കേസില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ അമ്മയും അമ്മൂമ്മയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈഞരമ്പു മുറിച്ച നിലയില്‍ ഇന്നലെ പുലര്‍ച്ചെ ആശുപത്രിയിലെ ശുചിമുറിയില്‍ അമ്മയെയും, തീവ്രപരിചരണ വിഭാഗത്തിന് പുറത്ത് അമ്മൂമ്മയെയും കണ്ടെത്തുകായയിരുന്നു. ഇരു കൈകളിലെയും ഞരമ്പ് മുറിച്ച നിലയിലാണ് ജീവനക്കാര്‍ ഇവരെ കണ്ടെത്തിയത്.
ശൗചാലയത്തില്‍ നിന്നും അരമണിക്കൂര്‍ കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ അറിയിച്ചതനുസരിച്ച് പരിശോധന നടത്തുകയായിരുന്നു. രണ്ട് കൈയുടേയും ഞരമ്പ് മുറിച്ച് രക്തം വാര്‍ന്ന നിലയിലായിരുന്നു കുട്ടിയുടെ അമ്മ. ഇവരെ കാഷ്വാലിറ്റിയില്‍ എത്തിച്ചശേഷം വിവരം അറിയിക്കാന്‍ അമ്മൂമ്മയെ തിരഞ്ഞപ്പോഴാണ്, വിശ്രമസ്ഥലത്ത് ഇവരെയും കൈ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തിയത്.
ഇവരുടെ കഴുത്തിലും ചെറിയ മുറിവുണ്ടായിരുന്നു. ഇരുവര്‍ക്കും അടിയന്തര ചികിത്സ നല്‍കി. അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന ഇരുവരുടേയും പരിക്ക് ഗുരുതരമല്ല. ഇവര്‍ അമിതമായി ചില ഗുളികകള്‍ കഴിച്ചിരുന്നതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ബ്ലേഡ് ഉപയോഗിച്ചാണ് ഇവര്‍ മുറിവുണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നാണ് അമ്മൂമ്മ പറഞ്ഞത്.
ആന്റണി ടിജിന്‍ കസ്റ്റഡിയില്‍
അതിനിടെ, കുട്ടിക്കും അമ്മയ്ക്കുമൊപ്പം താമസിച്ചിരുന്ന മാതൃസഹോദരിയെയും പങ്കാളി ആന്റണി ടിജിനെയും മൈസൂരുവില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പുലര്‍ച്ചെ മൈസൂരു ടൗണില്‍ അശോക റോഡിലെ എജെ പാലസ് ഹോട്ടലില്‍ നിന്നാണ് ഇവര്‍ തൃക്കാക്കര പൊലീസിന്റെ പിടിയിലായത്. യുവതിയുടെ പത്തു വയസ്സുള്ള ആണ്‍കുട്ടിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് പൊലീസിനോട് പറഞ്ഞ ഇവര്‍, നാടുവിടുകയായിരുന്നു. ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ മൈസൂരുവിലേക്ക് കടന്നതായി കണ്ടെത്തിയത്. കാര്‍ വല്ലാര്‍പാടത്ത് പാര്‍ക്ക് ചെയ്തശേഷം, ട്രെയിനിലും ബസിലുമായാണ് മൈസൂരുവിലെത്തിയത്. കുട്ടിയെ മര്‍ദ്ദിച്ചിട്ടില്ലെന്ന് ഇവര്‍ യാത്രാമധ്യേ പൊലീസിനോട് ആവര്‍ത്തിച്ചു.
കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി
കസ്റ്റഡിയിലായ പുതുവൈപ്പ് സ്വദേശി ആന്റണി ടിജിനെതിരെ പൊലീസ് കേസെടുത്തിട്ടില്ല. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുള്ളതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കണ്ണുകള്‍ തുറക്കാനും പ്രതികരിക്കാനും കഴിയുന്നുണ്ടെന്ന് മെഡിക്കല്‍ സൂപ്രണ്ട് ഡോ. സോജന്‍ ഐപ്പ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates