

കൊച്ചി: വയനാട്ടിലെ ബത്തേരി പൊലീസ് സ്റ്റേഷനിലെ പ്രോപ്പര്‍ട്ടി റൂമില്‍ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ ഏഴ് ചാക്കുകള്‍ മോഷണം പോയ സംഭവത്തില്‍ ഒളിവിലായിരുന്ന പൊലീസുകാരന്‍ സാബിത്ത് പിടിയില്‍. സുല്‍ത്താന്‍ ബത്തേരി സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ടി സബിത്തിനെ എറണാകുളം കളമശ്ശേരിയില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഒരാഴ്ചയായി ഇയാള്‍ ഒളിവിലായിരുന്നു.
സാബിത്തിന്റെ കാര്‍ കോഴിക്കോടു നിന്നും നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. കഴിഞ്ഞ ജൂണ്‍ പൊലീസ് പിടികൂടി ബത്തേരി സ്റ്റേഷനില്‍ സൂക്ഷിച്ച ഏഴു ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങളാണ് സാബിത്ത് കടത്തിയത്. സെപ്റ്റംബര്‍ 10 ന് പ്രോപ്പര്‍ട്ടി റൂം വൃത്തിയാക്കാനായി തുറന്നപ്പോഴാണ് തൊണ്ടിമുതല്‍ നഷ്ടമായത് വെളിപ്പെട്ടത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കളവ് ബോധ്യപ്പെട്ടത്.
സ്റ്റേഷനിലെ റൈറ്ററുടെ മേശപ്പുറത്തിരുന്ന താക്കോല്‍ ഉപയോഗിച്ച് സാബിത്ത് മുറി തുറന്ന് ചാക്കുകെട്ടുകള്‍ സ്വന്തം വാഹനത്തിലേക്ക് മാറ്റിയെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. തനിക്കെതിരെ അന്വേഷണം തിരിഞ്ഞുവെന്ന് വ്യക്തമായതോടെ സാബിത്ത് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് സെപ്റ്റംബര്‍ 12 മുതല്‍ ഒളിവിലായിരുന്നു. സംഭവത്തില്‍ ബത്തേരി ഡിവൈഎസ്പി അബ്ദുള്‍ കരീം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വയനാട് ജില്ലാ പൊലീസ് മേധാവി ദേവമനോഹര്‍ സബിത്തിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates