

രാത്രി അത്താഴം കഴിഞ്ഞ ശേഷം രാജുമോള്‍ അയ്യപ്പന്‍ ഏകദേശം എട്ട് മണിയോടെ മരക്കോണി കേറി വീടിന്റെ മേല്‍ക്കൂരയില്‍ കയറും. അവിടെ മേല്‍ക്കൂരയില്‍ നിര്‍മ്മിച്ച ഒരു താല്‍ക്കാലിക കുടിലിലാണ് പിന്നെ ഉറക്കം. ചിന്നക്കനാലിലെ 301 കോളനി നിവാസിയായ രാജുമോള്‍ ഇങ്ങനെ ചെയ്യുന്നത് കാട്ടാനകളെ പേടിച്ചാണ്. കഴിഞ്ഞ മാസവും കാട്ടാനകള്‍ രാജു മോളുടെ വീട് ആക്രമിച്ചിരുന്നു.
2002 ല്‍ എ കെ ആന്റണിയുടെ സര്‍ക്കാരിന്റെ കാലത്ത് 301 ഓളം ഭൂരഹിത ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിച്ച ഈ കോളനിയില്‍ ഇപ്പോഴത്തെ സ്ഥിതി ഇതാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ചിന്നക്കനാലില്‍ രണ്ട് പ്രധാന സംഭവങ്ങളാണ് ഉണ്ടായത്. ഒന്ന് കാട്ടാനയായ 'അരിക്കൊമ്പനെ' ഇവിടെ നിന്ന് മാറ്റിയതും 'മുറിവാളന്‍' എന്ന ആനയുടെ മരണവും. കാട്ടുമൃഗ ആക്രമണങ്ങളെ നേരിടാന്‍ ഇന്ന് ആദിവാസി കുടുംബങ്ങള്‍ പഠിച്ചു.
തുടര്‍ച്ചയായ ആനകളുടെ ആക്രമണത്തെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ കോളനി വിട്ടുപോയെങ്കിലും, 10 കുടുംബങ്ങളില്‍ താഴെയുള്ള ചുരുക്കം ചില കുടുംബങ്ങള്‍ മാത്രമേ ഈ പ്രദേശത്ത് താമസമാക്കിയിട്ടുള്ളൂ. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറിക്കൊണ്ടിരിക്കുകയാണ്, കൂടുതല്‍ കുടുംബങ്ങള്‍ 301 കോളനിയിലേക്ക് മടങ്ങിയെത്തുകയാണ്. ചിലര്‍ വീടുകളില്‍ തന്നെ താമസിക്കുന്നുണ്ടെങ്കിലും, മറ്റുള്ളവര്‍ സര്‍ക്കാര്‍ അനുവദിച്ച ഒരു ഏക്കറില്‍ കൃഷി ചെയ്യുന്നു.
'അരിക്കൊമ്പന്‍ പ്രശ്‌നത്തിനുശേഷം, വനം വകുപ്പ് ആദിവാസികളെ കുടിയിറക്കി പ്രദേശം ആന സങ്കേതമാക്കി മാറ്റാന്‍ പോകുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. മാത്രമല്ല, ആനത്താരയായി ഇത് നിലനിര്‍ത്തണമെന്ന വന്യജീവി വിദഗ്ധരുടെ നിര്‍ദ്ദേശവും താമസക്കാരില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്, ഇപ്പോള്‍ ഇവര്‍ തങ്ങള്‍ക്ക് അനുവദിച്ച ഭൂമി നഷ്ടപ്പെടാതിരിക്കാന്‍ തിരിച്ചെത്തുകയാണ്.' കോളനി നിവാസിയായ മണികണ്ഠന്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
'ആദിവാസികള്‍ ഏലം, കുരുമുളക് തുടങ്ങിയ നാണ്യവിളകള്‍ കൃഷി ചെയ്യുന്നുണ്ടെങ്കിലും, കാട്ടുമൃഗങ്ങളില്‍ നിന്ന് വിളകളെ സംരക്ഷിക്കുന്നത് ഒരു വെല്ലുവിളി നിറഞ്ഞ ജോലിയാണ്. പക്ഷേ, ആനകളെ മനസിലാക്കാന്‍ ഞങ്ങള്‍ പഠിച്ചിട്ടുണ്ട്. അവ കൃഷിയിടത്തിലേക്ക് അലഞ്ഞുതിരിയുകയാണെങ്കില്‍, ശബ്ദമുണ്ടാക്കി അവയെ പിന്തിരിപ്പിക്കും. അവയെ ഒരിക്കലും ഉപദ്രവിക്കില്ല' റാപ്പിഡ് റെസ്പോണ്‍സ് ടീം (ആര്‍ആര്‍ടി) അംഗം കൂടിയായ ആദിവാസി നിവാസിയായ നടരാജന്‍ പറഞ്ഞു. കാട്ടാനകളുടെ സഞ്ചാര വിവരങ്ങള്‍ അപ്ഡേറ്റുകള്‍ നല്‍കുന്നതിനായി പ്രദേശവാസികളെ ഉള്‍പ്പെടുത്തി വകുപ്പ് ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. ജനവാസ മേഖലയിലേക്ക് നുഴഞ്ഞുകയറുന്ന ആനകളെ തുരത്താന്‍ എട്ട് അംഗ ആര്‍ആര്‍ടി സംഘം 24 മണിക്കൂറും പട്രോളിംഗ് നടത്തുന്നുണ്ട്,' അദ്ദേഹം പറഞ്ഞു.
ആരും വീടുകളില്‍ ഇല്ലെന്ന് കണ്ടെത്തിയാല്‍ മാത്രമേ കാട്ടാനകള്‍ വീടുകള്‍ ആക്രമിക്കുകയുള്ളൂ.കഴിഞ്ഞ മാസം ചക്കക്കൊമ്പന്‍ എന്ന ആന ഭക്ഷണസാധനങ്ങള്‍ മോഷ്ടിക്കാന്‍ എന്റെ അടുക്കളയുടെ മതില്‍ പൊളിച്ചുമാറ്റി. ഞാന്‍ രാത്രി പട്രോളിങ് ഡ്യൂട്ടിക്കായി പോയപ്പോഴാണ് ആക്രമണം ഉണ്ടായത്, എന്റെ ഭാര്യയും വീട്ടിലില്ലായിരുന്നു,' എന്ന് നടരാജന്‍ പറഞ്ഞു.
കാട്ടാനകള്‍ എത്തുന്നത് അറിയാന്‍ ഇവിടുത്തുകാര്‍ വിടിന് പുറത്ത് കയറുകളില്‍ ഗ്ലാസ് കുപ്പികള്‍ തൂക്കിയിട്ടിട്ടുണ്ട്, അതിനാല്‍ ആനകള്‍ ഇവയില്‍ തട്ടുമ്പോള്‍ കുപ്പികള്‍ പരസ്പരം കൂട്ടിമുട്ടുന്ന ശബ്ദം കേള്‍ക്കുന്നത് ഇവര്‍ക്ക് അപകട മുന്നറിയിപ്പാണ്. 'കുപ്പികളുടെ ശബ്ദം കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ വേഗത്തില്‍ മേല്‍ക്കൂരകളിലേക്ക് നീങ്ങും. അയല്‍ക്കാരെ വിവരമറിയിക്കുകയും ആനകളെ ഒരുമിച്ച് ജനവാസ മേഖലയില്‍ നിന്ന് തിരികെ ഓടിക്കുകയും ചെയ്യും,' നടരാജന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates