ആളും ആരവങ്ങളുമില്ല; നിയന്ത്രണങ്ങളോടെ തൃശൂർ പൂരം ഇന്ന്

ആളും ആരവങ്ങളുമില്ല; നിയന്ത്രണങ്ങളോടെ തൃശൂർ പൂരം ഇന്ന്
പൂര വിളംബരം/ ടെലിവിഷൻ ദൃശ്യം
പൂര വിളംബരം/ ടെലിവിഷൻ ദൃശ്യം
Updated on
1 min read

തൃശൂർ: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ആളില്ലാതെ, ആരവമില്ലാതെ നിയന്ത്രണങ്ങളോടെ തൃശൂർ പൂരം ഇന്ന്. ഇന്നലെ നെയ്തലക്കാവിലമ്മയുടെ തിടമ്പുമായി കൊമ്പൻ എറണാകുളം ശിവകുമാർ തെക്കെ ​ഗോപുര നട തുറന്ന് പൂര വിളംബരം നടത്തി. 

ഇന്ന് രാവിലെ ഏഴ് മണിയോടെ കണിമംഗലം ശാസ്താവ് പൂരപ്പറമ്പിലെഴുന്നള്ളി പൂരത്തെ വിളിച്ചുണർത്തും. ഇതോടെ ഘടക പൂരങ്ങളുടെ വരവ് ആരംഭിക്കും. ഒരാനപ്പുറത്ത് എഴുന്നള്ളിച്ചാണ് ഇത്തവണ ഘടക പൂരങ്ങളെത്തുക. പാസ് ലഭിച്ച സംഘാടകർ മാത്രമാകും ഒപ്പം.

11നു പഴയ നടക്കാവിൽ മഠത്തിൽ വരവ് പഞ്ചവാദ്യത്തിനു കോങ്ങാട് മധു പ്രമാണിയാകും. 12.30നു പാറമേക്കാവ് അമ്പലത്തിനു മുന്നിൽ ഭഗവതിയെ പുറത്തേക്കെഴുന്നള്ളിക്കുന്ന ചടങ്ങിനൊപ്പം പെരുവനം കുട്ടൻമാരാരുടെ ചെമ്പട മേളം.  രണ്ട് മണിയോടെ വടക്കുന്നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെ  ഇലഞ്ഞിത്തറയിൽ ലോകപ്രശസ്തമായ ഇലഞ്ഞിത്തറ മേളം. 2.45നു ശ്രീമൂലസ്ഥാനത്തു കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രമാണത്തിൽ  തിരുവമ്പാടിയുടെ പാണ്ടി മേളം അരങ്ങേറും. 

വൈകീട്ട് 4.30ന് ഇലഞ്ഞിത്തറ മേളം കലാശിച്ച് 5.30നു തെക്കേ ഗോപുര നടയിൽ വിശ്വപ്രസിദ്ധമായ കുടമാറ്റം ചടങ്ങായി മാത്രം നടക്കും. പാറമേക്കാവ് വിഭാഗം 15 ആനകളെ അണിനിരത്തും. 25  സെറ്റ് കുട മാറും. തിരുവമ്പാടി വിഭാഗം ഒരാനപ്പുറത്ത് ചടങ്ങിനു മാത്രം കുടമാറ്റത്തിനു നിന്നു മടങ്ങും.  രാത്രി 11നു പാറമേക്കാവ് വിഭാഗത്തിന്റെ പഞ്ചവാദ്യത്തിനു പരയ്ക്കാട് തങ്കപ്പൻ മാരാർ പ്രമാണിയാകും.  പുലർച്ചെ മൂന്നിന് വെടിക്കെട്ട്. 

നാളെ രാവിലെ ഒൻപതിന് ശ്രീമൂലസ്ഥാനത്ത് പൂരം വിടചൊല്ലിപ്പിരിയും. കാണികൾക്കു പ്രവേശനം കർശനമായി നിരോധിച്ചിട്ടുള്ളതിനാൽ നഗരത്തിലേക്കുള്ള വഴികൾ പൊലീസ് അടയ്ക്കും. പാസ് ലഭിച്ച സംഘാടകർക്കു മാത്രമാവും പ്രവേശനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com