

കല്‍പ്പറ്റ: വയനാട്ടിലെ ജനവാസ മേഖലയില്‍ കടുവ സാന്നിധ്യമുള്ളതിനാല്‍, പനമരം ഗ്രാമപഞ്ചായത്തിലെ 6, 7, 8, 9, 14, 15 വാര്‍ഡുകളിലും, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 5 ,6, 7, 19, 20 വാര്‍ഡുകളിലും അംഗന്‍വാടികളും, മദ്രസകളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പരീക്ഷകള്‍ക്കും അവധി ബാധകമാണെന്ന് കലക്ടര്‍ അറിയിച്ചു.
അതേസമയം, പച്ചിലക്കാട് പടിക്കംവയല്‍ ജനവാസകേന്ദ്രത്തില്‍ തിങ്കളാഴ്ച എത്തിയ കടുവയെ ആവശ്യമെങ്കില്‍ മയക്കുവെടി വയ്ക്കാന്‍ ഉത്തരവിട്ടു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍ ഉത്തരവിട്ടത്. കടുവ സ്വാഭാവികമായി വനത്തിലേക്ക് തിരിച്ചുകയറാതെ ജനജീവിതത്തിന് ഭീഷണിയായി അടിയന്തര സാഹചര്യമുണ്ടായാല്‍ മാത്രമേ വെടിവയ്ക്കാന്‍ ഉത്തരവില്‍ അനുമതിയുള്ളൂ.
തിങ്കള്‍ രാത്രി വയലിലൂടെ രണ്ടുകിലോമീറ്ററോളം സഞ്ചരിച്ചാണ് കടുവ പുളിക്കലില്‍ എത്തിയത്. തെര്‍മല്‍ ഡ്രോണ്‍ ഉപയോഗിച്ച് ചലനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. വയനാട് വന്യജീവി സങ്കേതത്തില്‍ ഡാറ്റബേസിലുള്ള 'ഡബ്ല്യുഡബ്ല്യുഎല്‍ 112' കടുവയാണിതെന്ന് വനപാലകര്‍ തിരിച്ചറിഞ്ഞു. പാതിരി വനമേഖലയുടെ ഭാഗമായ നീര്‍വാരം വനത്തില്‍ നിന്നുമെത്തിയ കടുവ തിരിച്ച് കാടുകയറുമെന്ന നിഗമനത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. ഇതുവരെ ആളുകളെയോ വളര്‍ത്തുമൃഗങ്ങളെയോ ആക്രമിച്ചിട്ടില്ലാത്ത കടുവയാണിതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കടുവ നിലയുറപ്പിച്ച പ്രദേശത്തിനുചുറ്റും നൂറിലധികം ആര്‍ആര്‍ടി സംഘത്തെ വിന്യസിച്ച് നീര്‍വാരം വനത്തിലേക്കുള്ള വഴിമാത്രം തുറന്നിട്ട് ജനവാസ മേഖലയെ സുരക്ഷിതമാക്കിയുള്ള ദൗത്യമാണ് രണ്ടാം ദിനം നടത്തിയത്. അടിയന്തരഘട്ടമുണ്ടായാല്‍ മയക്കുവെടി വയ്ക്കുന്നതിന് ഉള്‍പ്പെടെയുള്ള മുന്‍കരുതലുകളുടെ ഭാഗമായി ഡോ. അജേഷ് മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള വെറ്ററിനറി ഡോക്ടര്‍മാരും പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ചൊവ്വ രാവിലെ മുത്തങ്ങയില്‍നിന്ന് രണ്ട് കുങ്കി ആനകളെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. പുളിക്കലില്‍ കടുവയ്ക്കായി കൂടും സ്ഥാപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates