"അവിടെ പാലു കാച്ച്, ഇവിടെ കല്യാണം", ഉപതെരഞ്ഞെടുപ്പ് ചൂടിൽ പാർട്ടികൾ, ബി ജെ പി പ്രസിഡന്റ് സിംഗപ്പൂരിൽ

"അവിടെ പാല് കാച്ച്, ഇവിടെ കല്യാണം" എന്ന അഴകിയ രാവണൻ സിനിമയിലെ ശ്രീനിവാസന്റെ ഡയലോഗ് പോലെയാണ് ഇവിടുത്തെ (നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ബി ജെ പിയിലെസ്ഥിതി) കാര്യങ്ങളെന്ന് , നേരത്തെ ലൂസിഫർ സിനിമയിലെ ടൊവിനോ തോമസിന്റെ ഡയലോഗ് പ്രസംഗിച്ച, സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരിനെ പരിഹസിച്ചുകൊണ്ട് ഒരു ബി ജെ പി നേതാവ് സമകാലിക മലയാളത്തോട് പറഞ്ഞു.
Rajeev Chandrasekhar, BJP State President, Nilambur by election
Nilambur by election: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് ചൂടേറുമ്പോൾ തീരുമാനമെടുക്കാതെ ബി ജെ പി-വിൻസെന്റ് പുളിക്കൽ, ന്യൂ ഇന്ത്യൻ എക്സ് പ്രസ് -ഫയൽ
Updated on
2 min read

യുഡിഎഫും എൽഡിഎഫും നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് (Nilambur by election) പ്രചാരണം ശക്തമാക്കിയിരിക്കെ, ബിജെപിയോ അവരുടെ ഏതെങ്കിലും മുന്നണി പങ്കാളികളോ തെരഞ്ഞെടുപ്പിൽ മത്സരിക്കണോ എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഈ വിഷയത്തിൽ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയുമായി ചർച്ച നടത്താൻ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെ നേതൃയോഗം ചുമതലപ്പെടുത്തി.

അതേസമയം, ഏഷ്യ ടെക് എക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ബി ജെ പി സംസ്ഥാന പ്രസിഡ​ന്റ് രാജീവ് ചന്ദ്രശേഖർ സിംഗപ്പൂരിലേക്ക് പോയിരിക്കുകയാണ്. അദ്ദേഹം തിരിച്ചെത്തിയതിന് ശേഷമായിരിക്കും ചർച്ച. രാജീവും തുഷാറും തമ്മിലുള്ള ചർച്ച അവസാനിച്ചുകഴിഞ്ഞാൽ ബിഡിജെഎസ് സംസ്ഥാന നേതൃയോഗവും ഈ വിഷയം ചർച്ച ചെയ്യും.

ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനത്തിലെത്താൻ പോലും ബി ജെ പിക്കും എൻ ഡി എയ്ക്കും സാധിച്ചിട്ടില്ല. രാജീവ് ചന്ദ്രശേഖർ പ്രസിഡന്റ് സ്ഥാനത്ത് വന്നശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ്. എന്നാൽ, ഈ തെരഞ്ഞെടുപ്പിനെ അദ്ദേഹം ഗൗരവത്തോടെ കാണുന്നില്ലെന്നാണ് ബി ജെ പി ക്കുള്ളിൽ തന്നെയുള്ള പരാതി. വൈകിയവേളയിൽ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത് അനാവശ്യമാണെന്ന് നേരത്തെ രാജീവ് ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടിരുന്നു.

"അവിടെ പാലു കാച്ച്, ഇവിടെ കല്യാണം" എന്ന അഴകിയ രാവണൻ സിനിമയിലെ ശ്രീനിവാസന്റെ ഡയലോഗ് പോലെയാണ് ഇവിടുത്തെ (നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ബി ജെ പിയിലെസ്ഥിതി) കാര്യങ്ങളെന്ന്, സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെ പരിഹസിച്ചുകൊണ്ട് ഒരു ബി ജെ പി നേതാവ് സമകാലിക മലയാളത്തോട് പറഞ്ഞു.

ഇത് ഉപതെരഞ്ഞെടുപ്പാണെങ്കിലും വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിനും അതിന് തൊട്ടുപിന്നാലെ വരുന്ന പൊതുതെരഞ്ഞെടുപ്പിനും മുന്നേയുള്ള ഒന്നാണ്. അതുകൊണ്ട് തന്നെ മത്സരിക്കാതിരിക്കുന്നത് അബദ്ധമാണെന്ന അഭിപ്രായമാണ് ബി ജെ പിക്കുള്ളിൽ പലർക്കുമുള്ളത്. മത്സരത്തിൽ നിന്നും മാറി നിന്നാൽ, വോട്ട് കച്ചവടം എന്ന ആരോപണമാകും പാർട്ടിക്കെതിരെ വരുക. അത് ഭാവിയിൽ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഇരുമുന്നണികളും പരസ്പരം ഈ ആരോപണം ഉന്നയിക്കും. മത്സരിക്കാതിരുന്നാൽ അത് ആളുകൾ വിശ്വസിക്കുകയും ചെയ്യും.

താൻ പ്രസിഡന്റായ ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ തിരിച്ചടി നേരിടുമോ എന്ന ഭയമാണ് രാജീവ് ചന്ദ്രശേഖറിനെ പിന്നോട്ടു വലിക്കുന്നതെന്ന സംശയവും ബി ജെ പി നേതാക്കളിൽ ചിലർ ഉന്നയിക്കുന്നുണ്ട്. ഇതിൽ നിന്ന് മാറി നിന്നാൽ തോൽവി എന്ന ചീത്തപ്പേര് ഒഴിവാക്കാം എന്നാണ് അദ്ദേഹം കണക്കുകൂട്ടുന്നതെങ്കിൽ അതിനേക്കാൾ വലിയ ചീത്തപ്പേരാണ് വോട്ട് കച്ചവടം എന്നത്- അവർ പറയുന്നു.

നിലമ്പൂരിൽ തോൽവി സംഭവിച്ചാൽ അത് പാ‍‍ർട്ടി പ്രവർത്തകരുടെ ആത്മവീര്യം കെടുത്തുമെന്ന് ധരിക്കേണ്ട കാര്യമൊന്നുമില്ല. പ്രധാനമായും അത് ബി ജെ പിക്ക് അത്ര സ്വാധീനമുള്ള മണ്ഡലമല്ല, പക്ഷേ കഴിഞ്ഞ രണ്ട് ലോകസഭാ തെരഞ്ഞെടുപ്പിലും ഈ മണ്ഡലത്തിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ ബി ജെ പിക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ ബി ജെ പി ക്ക് ലഭിച്ച വോട്ടും ജയിച്ച സ്ഥാനാർത്ഥിക്ക് ലഭിച്ച ഭൂരിപക്ഷവും കണക്കുകൂട്ടിയാൽ, നിലമ്പൂരിൽ ആര് ജയിക്കണം എന്ന് തീരുമാനിക്കനുള്ള ശേഷി ബി ജെ പിക്കുണ്ടെന്ന് വ്യക്തമാകും. എന്നാൽ, ബി ജെ പി സംസ്ഥാന നേതൃത്വമോ എൻ ഡി എയോ ഇത്തരം കാര്യങ്ങൾ ഗൗരവമായി കാണുന്നില്ല.

ഇനി നിലമ്പൂരിൽ ബി ജെ പി മത്സരിക്കുന്നില്ലെങ്കിൽ ഘടകകക്ഷികയായ ബി ഡി ജെ എസ്സിനോട് മത്സരിക്കാനുള്ള തീരുമാനം എടുക്കാൻ പറയേണ്ടതുണ്ട്. ബി ജെ പി ഇവിടെ വൈകുന്ന ഓരോ ദിവസവും സംഘടനാപരമായി ദൗ‍ർബല്യമായിട്ടായിരിക്കും പൊതുജനങ്ങൾ വിലയിരുത്തുക- ബി ജെ പിയുടെ സംസ്ഥാന നേതൃത്വത്തിലുണ്ടായിരുന്ന നേതാവ് അഭിപ്രായപ്പെട്ടു.

അതേ സമയം, രാജീവ് ചന്ദ്രശേഖറിനെ അനുകൂലിക്കുന്ന ഒരു നേതാവ് അവകാശപ്പെടുന്നത്, നിലമ്പൂരിൽ സ‍ർജിക്കൽ സ്ട്രൈക്കായിരിക്കും രാജീവ് നടത്തുക എന്നാണ്.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ബി ജെ പി ഔദ്യോ​ഗിക നേതൃത്വത്തി​ന്റെ നിലപാട് അറിയുന്നതിനായി രാജീവ് ചന്ദ്രശേഖറെ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com