കൊച്ചി: മലയാളത്തിന്റെ മഹാ നടൻ മമ്മൂട്ടിയ്ക്ക് ഇന്ന് 70ാം പിറന്നാൾ. അമ്പത് ആണ്ടുകളായി വേഷപ്പകർച്ചകളിലൂടെ മലയാളികളടക്കം ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളെ അമ്പരപ്പിക്കുന്ന മെഗാ സ്റ്റാറാണ് അദ്ദേഹം. സിനിമ ഒടിടിയിലെത്തിയ കാലത്തും പ്രായത്തെ വെല്ലുന്ന കഥാപാത്രങ്ങളിലൂടെ മമ്മൂട്ടി സജീവമായി തന്നെ നിറഞ്ഞാടുന്നു.
71ൽ പുറത്തിറങ്ങിയ അനുഭവങ്ങൾ പാളിച്ചകളിൽ തുടങ്ങി മമ്മൂട്ടി അഭിനയിച്ചതൊക്കെയും മലയാളിയുടെ ജീവിതമായിരുന്നു. 73ൽ കാലചക്രത്തിലെ വള്ളക്കാരനിലൂടെ മമ്മൂട്ടി സിനിമയിലെ ആദ്യ ഡയലോഗ് പറഞ്ഞു. ജീവിതം തേടി മലയാള സിനിമയിലെത്തിയ പലരും കാലിടറി വീണപ്പോഴും രാകിമിനുക്കിയ അഭിനയ പാടവത്തിലൂടെ, സ്വയം നവീകരണത്തിലൂടെ മമ്മൂട്ടി തലമുറകൾ കടന്നു.
87ൽ പുറത്തിറങ്ങിയ ന്യൂഡൽഹിയും തനിയാവർത്തനവും നടനെ പ്രതിഷ്ഠിച്ചു. യവനികയും യാത്രയും അതിരാത്രവുമൊക്കെ മമ്മൂട്ടിയെന്ന നടനെ വലിയ ചുവടുവയ്പ്പുകളിലേക്ക് പാകപ്പെടുത്തി. സിബിഐ സീരീസിലെ സേതുരാമയ്യരും, ഒരു വടക്കൻ വീരഗാഥയിലെ ചന്തുവും, വിധേയനും പൊന്തൻമാടയുമെല്ലാം ആ നടന്റെ വ്യത്യസ്ത മുഖങ്ങളായിരുന്നു.
ധ്രുവം, ദി കിങ്ങ്, രാജമാണിക്യം, പ്രാഞ്ചിയേട്ടൻ തുടങ്ങി ആരാധകർ ഏറ്റെടുത്ത ചിത്രങ്ങളുടെയിടയിൽ അംബേദ്ക്കറും വൈഎസ്ആറുമായും മമ്മൂട്ടി പുനർജനിച്ചു. കഥാപാത്രങ്ങളുടെ വൈവിധ്യത്തിനപ്പുറം നടന്റെ ഡയലോഗ് ഡെലിവറിക്കും ഭാഷാ വൈദഗ്ധ്യത്തിനും ആസ്വാദകർ എക്കാലവും കൈയടിച്ചു. മലയാള ഭാഷയുടെ വ്യത്യസ്ത ശൈലികൾ വെള്ളിത്തിരയിൽ പകർന്നാടിയ മറ്റൊരു നടനും മലയാളിയ്ക്കില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates