

പത്തനംതിട്ട: വൈദ്യുതി ബിൽ അടയ്ക്കാതിരുന്നതിനാൽ കണക്ഷൻ വിച്ഛേദിക്കാനാണ് ലൈൻമാൻ ബിനീഷ് എത്തിയത്. വീട്ടിൽ ആരും ഇല്ലായിരുന്നു. വൈദ്യുതി വിച്ഛേദിക്കാൻ മീറ്ററിന് അടുത്തേക്ക് എത്തിയ ബിനീഷിന്റെ കണ്ണിൽ പതിഞ്ഞത് ഒരു കത്തിലായിരുന്നു. ഫ്യൂസ് ഊരരുത് എന്ന അഭ്യർത്ഥനയായിരുന്നു അതിൽ. കത്ത് വൈറലായതോടെ പുറത്തുവന്നത് അനിലിന്റേയും രണ്ട് പെൺമക്കളുടേയും ദുരിത ജീവിതമാണ്.
‘സാർ, ഫ്യൂസ് ഊരരുത്, പൈസ ഇവിടെ വച്ചിട്ടുണ്ട്. ഞങ്ങൾ സ്കൂളിൽ പോകുവാ സാർ.’- എന്നാണ് എഴുതിയിരുന്നത്. കത്തിലുണ്ടായിരുന്ന നമ്പറിലേക്ക് വിളിച്ചപ്പോൾ അനിലാണ് ഫോൺ എടുത്തത്. ബിൽ തുകയായ 500 രൂപ അവിടെ വച്ചിട്ടുണ്ടെന്ന് പറഞ്ഞു. ബിൽതുക വരവുവച്ച് വൈദ്യുതി വിച്ഛേദിക്കാതെയാണ് ബിനീഷ് മടങ്ങിയത്. തുടർന്ന് ബിനീഷ് തന്നെയാണ് കത്തിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
കോഴഞ്ചേരി ചെറുകോൽ പഞ്ചായത്തിൽ അരീക്കലാണ് അനിലും രണ്ട് മക്കളും താമസിക്കുന്നത്. തയ്യൽക്കടയാണ് അനിലിന്. എന്നാൽ അതിൽനിന്ന് കാര്യമായ വരുമാനമില്ല. ഏഴാം ക്ലാസിലും പ്ലസ്വണ്ണിലും പഠിക്കുന്ന പെൺകുട്ടികളാണ് അനിലിനുള്ളത്. ബില്ലടയ്ക്കാൻ പണമില്ലാതെ വരുമ്പോൾ വൈദ്യുതി വിച്ഛേദിക്കുന്നതിനാൽ, പലപ്പോഴും ദിവസങ്ങളോളം ഇരുട്ടത്ത് കഴിയേണ്ടിവരും. അതിനാലാണ് കുറിപ്പ് എഴുതി വച്ചത് എന്നാണ് കുട്ടികൾ പറയുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നാലു വർഷമായി പത്തനംതിട്ട കോഴഞ്ചേരി സബ്ഡിവിഷനിലെ ലൈൻമാനാണ് ബിനീഷ്. സാമ്പത്തികപ്രശ്നം മൂലം പലപ്പോഴും വൈദ്യുതി ബിൽ അടയ്ക്കാനാവാത്തയാളാണ് അനിൽ എന്നാണ് അദ്ദേഹം പറയുന്നത്. പിന്നീട് പണം കിട്ടുമ്പോൾ അവർ അടയ്ക്കുകയാണ് പതിവ്. വളരെ ശോചനീയാവസ്ഥയിലാണ് ആ വീട്. വീടിന് വാതിൽ ഇല്ലെന്നും ഷാളുപയോഗിച്ചാണ് മുറി മറച്ചിരിക്കുന്നതെന്നും ബിനീഷ് പറയുന്നു. സംഭവം ചർച്ചയായതോടെ നിരവധി പേരാണ് സഹായ വാഗ്ദാനങ്ങളുമായി എത്തുന്നത്. കുട്ടികളുടെ അഞ്ചു വർഷത്തെ പഠനച്ചെലവും വീടിന്റെ രണ്ടു വർഷത്തെ വൈദ്യുതി ബിൽ തുകയും ഏറ്റെടുക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates