

തൃശൂർ: പുല്‍തൈലം വില്‍ക്കാനെന്ന വ്യാജേന വീട്ടിലെത്തി സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസില്‍ രണ്ട് സ്ത്രീകൾ അറസ്റ്റിൽ. സര്‍പ്പദോഷമുണ്ടെന്ന് പറഞ്ഞ് വീട്ടുകാരെ ഭയപ്പെടുത്തിയാണ് ഇവർ ആറരപ്പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുത്തത്. പടിഞ്ഞാറേ വെമ്പല്ലൂര്‍ സ്വദേശിനി കൊള്ളിപറമ്പില്‍ വീട്ടില്‍ സുജാത, പാപ്പിനിവട്ടം സ്വദേശിനി നടവരമ്പത്ത് വീട്ടില്‍ റോജ എന്നിവരെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഓഗസ്റ്റ് 6 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മണലൂര്‍ വല്ലത്തുപറമ്പില്‍ വീട്ടില്‍ 70 വയസുള്ള സ്വര്‍ണ്ണലതയാണ് തട്ടിപ്പിന് ഇരയായത്.
പുല്‍തൈലം വില്‍ക്കാനെന്ന വ്യാജേന പരാതിക്കാരിയുടെ വീട്ടിലെത്തിയ പ്രതികള്‍, വീടിരിക്കുന്ന സ്ഥലത്തിന് സര്‍പ്പദോഷമുണ്ടെന്നും രണ്ട് ദിവസത്തിനകം ആവലാതിക്കാരിയുടെ രണ്ടാമത്തെ മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്ന് പറഞ്ഞ് ഭയപ്പെടുത്തുകയായിരുന്നു. സര്‍പ്പകോപം തീര്‍ക്കാനായി സ്വര്‍ണം കൊണ്ട് നാഗത്തിന്റെ മുട്ടയും ശിലയും തയ്യാറാക്കി സമര്‍പ്പിക്കണമെന്ന് വിശ്വസിപ്പിച്ചു.
ഇത് വിശ്വസിച്ച് പരാതിക്കാരി തന്റെ കയ്യിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും മൂത്ത മരുമകളുടെ മാലയും ഉള്‍പ്പെടെയുള്ള ആറര പവനോളം സ്വര്‍ണവും 6,500 രൂപയും വഴിപാടിനായി പ്രതികള്‍ക്ക് കൈമാറി. കബളിപ്പിക്കപ്പെട്ടതായി മനസ്സിലായതിനെ തുടര്‍ന്ന് അന്തിക്കാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. മോഷണ മുതലായ 48 ഗ്രാം സ്വര്‍ണ്ണം പ്രതികള്‍ വില്‍പ്പന നടത്തിയ ചെന്ത്രാപ്പിന്നിയിലെ ജ്വല്ലറിയില്‍ നിന്ന് പൊലീസ് വീണ്ടെടുത്തു.
അന്തിക്കാട് പൊലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ കേഴ്‌സണ്‍ എസ് ഐ മാരായ ഹാഷിഷ്, റിജി, ഋഷിപ്രസാദ്, സി പി ഒ മാരായ രേഷ്മ, കിരണ്‍, ശ്രീജിന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates