കോഴിക്കോട് : എടിഎം കാര്‍ഡ് വിവരങ്ങളും പിന്‍നമ്പറും ചോര്‍ത്തി അക്കൗണ്ട് ഉടമകളറിയാതെ ലക്ഷങ്ങള്‍ തട്ടിയ രണ്ട് എഞ്ചിനീയറിങ് ബിരുദധാരികള്‍ അറസ്റ്റില്‍. വില്യാപ്പളളി സ്വദേശി ജുബൈര്‍, കായക്കൊടി സ്വദേശി ഷിബിന്‍ എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ ഉത്തരേന്ത്യന്‍ സ്വദേശികളായ മൂന്ന് പ്രധാന പ്രതികളെ പിടികൂടാനുണ്ട്. ഇരുപത്തിഅഞ്ച് പേരുടെ അക്കൗണ്ടില്‍ നിന്നായി അഞ്ച് ലക്ഷത്തി പതിനായിരം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്.
മാര്‍ച്ച് 23 മുതലാണ് വടകരയിലെ രണ്ട് എടിഎം കൗണ്ടറുകളില്‍ നിന്നായി അക്കൗണ്ട് ഉടമകള്‍ക്ക് പണം നഷ്ടപ്പെട്ട് തുടങ്ങിയത്. വടകര ബൈപ്പാസില്‍ എആര്‍എ ബേക്കറിക്ക് സമീപത്തെ എസ്ബിഐ കൗണ്ടര്‍, പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ പിഎന്‍ബി ബാങ്ക് എടിഎം കൗണ്ടര്‍ എന്നിവിടങ്ങളിലെ എടിഎം യന്ത്രത്തില്‍ സ്‌കിമ്മറും രഹസ്യക്യാമറയും സ്ഥാപിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. എടിഎമ്മില്‍ നിന്ന് പണമെടുക്കുമ്പോള്‍ സ്‌കിമ്മര്‍ വഴി ഡാറ്റകള്‍ ശേഖരിക്കും. പുറത്ത് ഘടിപ്പിച്ച ക്യാമറ വഴി പിന്‍ വിവരം കൂടി ശേഖരിച്ചാണ് തട്ടിപ്പ് നടത്തി വന്നിരുന്നത്.
ഉത്തരേന്ത്യന്‍ സ്വദേശികളായ മൂന്ന് പേരാണ് തട്ടിപ്പിന്റെ സൂത്രധാരന്മാര്‍. ഇവര്‍ക്ക് സഹായം ചെയ്തുവന്ന രണ്ട് പേരാണ് പോലീസ് പിടിയിലായത്. അറസ്റ്റിലായ ജുബൈര്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്ങിലും ഷിബിന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങിലും ബിടെക് ബിരുദധാരികളാണ്. ഇരുവരും വടകരയില്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് സ്ഥാപനം നടത്തി വരികയായിരുന്നു.
വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് ഇവര്‍ ഉത്തരേന്ത്യന്‍ തട്ടിപ്പു സംഘവുമായി ബന്ധം സ്ഥാപിച്ചത്. എടിഎം കൗണ്ടറുകളില്‍ സ്‌കിമ്മര്‍ ഉപയോഗിച്ച് ചോര്‍ത്തുന്ന വിവരങ്ങള്‍ ഡീ കോഡ് ചെയ്ത് കൊടുത്തിരുന്നത് ഇവരാണെന്ന് കണ്ടെത്തി. ഇതിന് പകരമായി തട്ടുന്ന പണത്തിന്റെ ഒരു വിഹിതം ഇവര്‍ക്ക് ലഭിക്കും. ഗൂഗിള്‍ പേ വഴി ഇവര്‍ക്ക് പണം ലഭിച്ചതിന്റെ തെളിവും പൊലീസിന് ലഭിച്ചു.
ഇവര്‍ കൊടുക്കുന്ന വിവരങ്ങള്‍ വെച്ച് ഉത്തരേന്ത്യന്‍ സ്വദേശികള്‍ ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് നിര്‍മ്മിച്ച് അവിടെ വെച്ചു തന്നെയാണ് പണം പിന്‍വലിച്ചുകൊണ്ടിരുന്നത്. ഒരാഴ്ച കൊണ്ട് ഒട്ടേറെ പേരുടെ എടിഎം കാര്‍ഡ് വിവരങ്ങള്‍ ഇവര്‍ ചോര്‍ത്തിയതായാണ് സൂചന. ഉത്തരേന്ത്യയില്‍ നിന്നുള്ള മുഖ്യ പ്രതികള്‍ തട്ടിപ്പ് ആസൂത്രണം ചെയ്യുന്നതിന് ഫെബ്രുവരി പത്ത് മുതല്‍ വടകരയില്‍ വന്ന് താമസിച്ചിരുന്നു.ഫെബ്രുവരി 10 മുതല്‍ ഇവിടെ ഇടപാടുകള്‍ നടത്തിയവര്‍ പിന്‍ നമ്പര്‍ മാറ്റണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates