‘മുതിർന്ന പൗരന്മാരുടെ സംരക്ഷണം സംസ്‌കാരമാകണം’; വയോജന വകുപ്പുമായി 12 സ്ഥാപനങ്ങൾ ധാരണാപത്രം ഒപ്പുവെച്ചു

CM Satheesan
വി ഡി സതീശന്‍file
Edited By:
Updated on: 
2 min read

തിരുവനന്തപുരം: മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം ഒരു സാമൂഹിക സംസ്‌കാരമായി വളര്‍ത്തിയെടുക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. എന്‍ജിഒകളും മറ്റ് ഏജന്‍സികളും ഇതിനായി കൈകോര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അച്ഛനമ്മമാരെ ഉപേക്ഷിക്കുകയോ ഇറക്കിവിടുകയോ ചെയ്യുന്നവര്‍ക്കെതിരെ ടുത്ത നിയമനടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുമായുള്ള ധാരണാപത്രം ഒപ്പിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സീനിയര്‍ സിറ്റിസണുമായി 12 സ്ഥാപനങ്ങളാണ് ധാരണാപത്രം ഒപ്പുവച്ചത്.

മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും എന്‍ജിഒകളെയും ഏകോപിപ്പിച്ച് സമഗ്രമായ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓരോ പഞ്ചായത്തിലും പരിചരണം ആവശ്യമുള്ള മുതിര്‍ന്ന പൗരന്മാര്‍, അവരുടെ മാനസികാരോഗ്യം, രോഗബാധിതരുടെ വിവരങ്ങള്‍ എന്നിവ അടങ്ങിയ കൃത്യമായ ഡാറ്റ ശേഖരിക്കും. ഈ വിവരങ്ങള്‍ കാലാനുസൃതമായി പുതുക്കിക്കൊണ്ടിരിക്കും. കൃത്യമായ ഡാറ്റ ലഭ്യമാകുന്നതോടെ പുതിയ ക്ഷേമപദ്ധതികള്‍ എളുപ്പത്തില്‍ ആസൂത്രണം ചെയ്യാന്‍ സാധിക്കും.

മുതിര്‍ന്ന പൗരന്മാര്‍ക്ക് പരിചരണം ഫലപ്രദമായി നടപ്പിലാക്കാനുള്ള 'കെയര്‍ ഗീവേഴ്‌സ്' കോഴ്‌സിനായി സിലബസ് ചിട്ടപ്പെടുത്തുകയാണ്. ജര്‍മ്മനി, യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ സിലബസുകള്‍ പഠിച്ച് കേരളത്തിന്റെ സാഹചര്യത്തിന് അനുയോജ്യമായാണ് തയ്യാറാക്കുന്നത്. നഴ്സിങ്ങിന് തൊട്ടുതാഴെ വരുന്ന ഒരുവര്‍ഷത്തെ പ്രായോഗിക കോഴ്സായായിരിക്കും ഇത്.

സര്‍ക്കാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, എന്‍.ജി.ഒകള്‍, സി.എസ്.ആര്‍ ഫണ്ടുകള്‍ എന്നിവ ഏകോപിപ്പിച്ച് കെയര്‍ ഗീവേഴ്സിനെ നിയമിക്കും. പ്ലസ് ടു വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ഒരു 'വോളണ്ടിയര്‍ കോര്‍' രൂപീകരിക്കും. വിദ്യാര്‍ത്ഥികള്‍ പ്രായമായവരെ സന്ദര്‍ശിച്ച് ക്ഷേമാന്വേഷണം നടത്തുന്നത് അവരുടെ ഏകാന്തത മാറ്റാനും ജീവിതാശ വര്‍ധിപ്പിക്കാനും സഹായിക്കും. പരിചരണം നല്‍കുന്നതിനൊപ്പം സില്‍വര്‍ ഇക്കോണമിയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം. റിട്ടയര്‍ചെയ്ത വ്യക്തികളുടെ പരിചയസമ്പത്തും അറിവും പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ക്കും വ്യവസായങ്ങള്‍ക്കും മെന്ററിങ്ങിനായി പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമരംഗത്ത് അക്കാദമിക, ഗവേഷണ, സാങ്കേതിക, സ്ഥാപനതല സഹകരണത്തിനായി സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 12 സ്ഥാപനങ്ങളുമായാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സീനിയര്‍ സിറ്റിസണ്‍ ധാരണാപത്രം ഒപ്പുവച്ചത്. ഈ സ്ഥാപനങ്ങള്‍ അവയുടെ വൈദഗ്ധ്യത്തിനനുസരിച്ച് തെരഞ്ഞെടുത്ത വിഷയമേഖലകളില്‍ വകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ് (ഇംഹാന്‍സ്), ഡിമെന്‍ഷ്യ ഇന്ത്യ അലയന്‍സ്, പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍, ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍, രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ്, കേരള അസോസിയേഷന്‍ ഓഫ് പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ്, ലയോള കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ്, സ്വസ്തി ദ ഹെല്‍ത്ത് കാറ്റലിസ്റ്റ്, സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ്, സെന്റര്‍ ഫോര്‍ സോഷ്യോ ഇക്കണോമിക് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ്, ഭാരത മാതാ എക്സ്റ്റന്‍ഷന്‍ ഫോര്‍ ഓര്‍ഗാനിക് റിസര്‍ച്ച് ആന്‍ഡ് എന്‍വയോണ്‍മെന്റ്, നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് (നുവാല്‍സ്) എന്നിവയാണ് ധാരണാപത്രം ഒപ്പുവെച്ച സ്ഥാപനങ്ങള്‍.

CM Satheesan
'നമ്മുടെ കുട്ടികള്‍ സ്വന്തം നാട്ടില്‍ പഠിച്ച് ലോകത്തോട് മത്സരിക്കുന്നതില്‍ എന്തിനാണ് അസഹിഷ്ണുത?, സിപിഎമ്മിന്റേത് ഇരട്ടത്താപ്പ്'
CM Satheesan
'മുഖ്യമന്ത്രി വകുപ്പുമന്ത്രിക്കും മുകളില്‍, ജിഎന്‍എ വൈദ്യുതി വാങ്ങില്ലെന്നറിഞ്ഞത് മാധ്യമങ്ങളിലൂടെ'
CM Satheesan
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ബാർ ലൈസൻസ് റദ്ദാക്കി സർക്കാർ; മുൻ എക്സൈസ് കമ്മിഷണറുടെ ഉത്തരവ് തിരുത്തി
Summary

Kerala Chief Minister VD Satheesan announced comprehensive elderly care initiatives and signed MoUs with 12 institutions

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER