തിരുവനന്തപുരം: സോളർ കേസിൽ സരിതയുടെ പരാതി സ്വീകരിച്ച് ഉമ്മന്‍ചാണ്ടിക്കെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതു പോലെ സ്വപ്‌നയുടെ പരാതിയിന്മേലും സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്വർണക്കടത്ത് കേസിനു വിശ്വാസ്യതയുണ്ടാക്കിയത് സർക്കാരിന്റെ വെപ്രാളമാണ്. കാലം ഒന്നിനും കണക്ക് ചോദിക്കാതെ കടന്ന് പോയിട്ടില്ല. ഉമ്മന്‍ചാണ്ടിയെ അപമാനിച്ചതിന് കാലം കണക്ക് ചോദിക്കുകയാണ്.സ്വർണക്കടത്തു കേസിൽ നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പ്രതിപക്ഷം മുമ്പ് രണ്ടു തവണ നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാൽ ഇപ്പോള്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായിയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഈ ആരോപണങ്ങളില്‍ ഏതെങ്കിലും ഒരു കഥ യുഡിഎഫ് മെനഞ്ഞുണ്ടാക്കിയതാണെന്ന് പറയുമോ?. സ്വപ്‌ന പറയുന്നത് കള്ളമാണെന്ന് പറയാന്‍ ഇവരിറക്കിയ ആളുടെ പേര് കേട്ടാല്‍ തന്നെ ചിരിവരും. സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ വിശ്വാസ്യതയുള്ള ആളാണ് സരിതയെന്നും വി ഡി സതീശന്‍ പറഞ്ഞു.
പ്രതിപക്ഷം കൊണ്ടുവന്നതാണോ സ്വപ്‌ന സുരേഷിനെ?. മുഖ്യമന്ത്രിയുടെ ഓഫീസിലും വീട്ടിലും കയറി ഇറങ്ങി നടന്ന ആളല്ലേ സ്വപ്‌ന സുരേഷ്. സ്വന്തം ഓഫീസില്‍ ഏറ്റവും അധികാരങ്ങളുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കർ വൈകീട്ട് എങ്ങോട്ടാണ് പോയിരുന്നതെന്ന് മുഖ്യമന്ത്രി ഏതെങ്കിലും ദിവസം അന്വേഷിച്ചിട്ടുണ്ടോ?. എല്ലാ ദിവസവും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടുന്നയാളല്ലേ കേരളത്തിലെ മുഖ്യമന്ത്രി. ഒരുമിച്ച് യാത്ര ചെയ്യുകയും ഒരുമിച്ച് നടക്കുകയും ഒരുമിച്ച് ഉണ്ണുകയും ചെയ്തിരുന്ന അവർ രാത്രി രണ്ടു മണി വരെ രാമായണം വായിക്കുകയായിരുന്നോയെന്ന് സതീശൻ ചോദിച്ചു.
സ്വര്‍ണക്കടത്ത് കേസിലെ ഒരു പ്രതിയായ ശിവശങ്കറിന് അനുഭവങ്ങൾ വെളിപ്പെടുത്താൻ പുസ്തകം എഴുതാൻ അനുവാദം കൊടുത്തു. ഇതുസംബന്ധിച്ച ചോദ്യത്തിന്, മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചത് നിങ്ങള്‍ക്ക് പൊള്ളുന്നുണ്ടോയെന്നാണ്. അതേ കേസിലെ സ്വപ്‌ന സുരേഷ് കോടതിക്ക് മുമ്പാകെ വെളിപ്പെടുത്തല്‍ നടത്തി. അതിന്റെ പേരില്‍ കലാപാഹ്വാനത്തിന് കേസെടുത്തു. ഒരേ കേസിലെ രണ്ടു പ്രതികള്‍ക്ക് രണ്ടുനീതിയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
കൂപമണ്ഡൂകം എന്നാല്‍ പൊട്ട കിണറ്റിലെ തവള എന്നത് അക്ഷരാര്‍ഥമാണ്. ഇടുങ്ങിയ ചിന്താഗതി എന്നാണ് ഉദ്ദേശിച്ചത്. അല്ലാതെ മുഖ്യമന്ത്രിയെ അപമാനിച്ചിട്ടില്ല. പേടി ഇല്ലെങ്കിൽ പിന്നെന്തിനാണ് എഡിജിപിയെ ഇടനിലക്കാരന്‍റെ അടുത്തേക്ക് പറഞ്ഞുവിട്ടത്. ഒരു ബന്ധവുമില്ലെങ്കിൽ ഗുരുതര ആരോപണം ഉന്നയിച്ച ഷ്ജ് കിരണിനെതിരെ കേസെടുക്കുന്നില്ല?. എന്തുകൊണ്ട് ഷാജിനെ അറസ്റ്റ് ചെയ്യുന്നില്ലെന്നും വി ഡി സതീശന്‍ ചോദിച്ചു. സ്വപ്നയുടെ അഭിഭാഷകൻ കൃഷ്ണരാജുമായി 32 വർഷത്തെ ബന്ധമുണ്ട്. ലോ കോളജിൽ ഒരേ ബാച്ചിൽ പഠിച്ചവരാണ്. കൂടെ പഠിച്ചവനെ അറിയില്ലെന്നു പറയാൻ കഴിയുമോയെന്നും വി.ഡി.സതീശൻ ചോദിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates