

തിരുവനന്തപുരം: കേരളത്തിന്റെ 'വിപ്ലവ നക്ഷത്രം' വി എസ് അച്യുതാനന്ദന്‍ നൂറാം വയസ്സിലേക്ക്. മുന്‍ മുഖ്യമന്ത്രിയും രാജ്യത്തെ ഏറ്റവും തലമുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന് ഇന്ന് 99 -ാം പിറന്നാള്‍. ജന്മദിനം പ്രമാണിച്ച് പ്രത്യേക ചടങ്ങുകളില്ല.
97 വയസ്സുവരെ കേരളത്തിന്റെ 'സമര യൗവന'മായി നിറഞ്ഞു നിന്ന വി എസ് ഇപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്ലില്‍ മകന്‍ വി എ അരുണ്‍കുമാറിന്റെ വീട്ടില്‍ പൂര്‍ണ വിശ്രമത്തിലാണ്.
2019 ഒക്ടോബര്‍ 24 മുതലാണ് ഡോക്ടര്‍മാര്‍ വിഎസിന് പൂര്‍ണ്ണ വിശ്രമം നിര്‍ദേശിച്ചത്. വിശ്രമത്തിലേക്ക് വഴുതിവീഴുന്നതുവരെ കേരളത്തിലെ ഏറ്റവും ഊര്‍ജസ്വലനായ നേതാവായിരുന്നു വി എസ് അച്യുതാനന്ദന്‍. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കൊപ്പം, പരിസ്ഥിതിയുടെ കാവലാളായും നിലകൊണ്ടു.
സ്വാതന്ത്ര്യസമരം തിളച്ചുമറിഞ്ഞ കാലത്തുതുടങ്ങിയ 82 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ ഉയര്‍ച്ചകളും തളര്‍ച്ചകളും തന്റെ സമരവീര്യത്തെ ബാധിക്കാതെ കാത്ത പോരാട്ടജീവിതം. സിപിഎമ്മിനകത്ത് കനത്ത വെല്ലുവിളികള്‍ നേരിട്ടപ്പോഴും, പുറത്ത് 'കണ്ണേ.. കരളേ...' എന്നു വിളിച്ച പ്രവര്‍ത്തകരായിരുന്നു എന്നും വിഎസിന്റെ സമരശൗര്യം.
ആലപ്പുഴ പുന്നപ്ര വെന്തലത്തറ വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബര്‍ 20 നായിരുന്നു വി എസിന്റെ ജനനം. വീട്ടിലെ മോശം സാഹചര്യങ്ങളെത്തുടര്‍ന്ന് ഏഴാം ക്ലാസ്സില്‍ പഠനം നിര്‍ത്തിയ വി എസ്, ആസ്പിന്‍ വാള്‍ കമ്പനിയില്‍ ജോലിക്ക് കയറി. പട്ടാളടെന്റ് തുന്നുമ്പോഴും പാവപ്പെട്ട തൊഴിലാളികളുടെ ഇഴയടുക്കാത്ത ജീവിതങ്ങളായിരുന്നു ആ മനസ്സിനെ മഥിച്ചത്.
1939ല്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്ന വി എസ് 1940ല്‍ പതിനേഴാം വയസ്സിലാണ് കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായത്. കമ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ത്താനായി പി കൃഷ്ണപിള്ളയാണ് വിഎസിനെ കുട്ടനാട്ടിലേക്ക് വിടുന്നത്. ഐതിഹാസികമായ പുന്നപ്ര വയലാര്‍ സമര നായകനാണ്. സമരത്തിനിടെ പിടിയിലായ വിഎസ് പൊലീസിന്റെ കൊടിയ പീഡനത്തിനും ഇരയായി.
1964 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോന്ന് സി പി എം രൂപീകരിച്ച നേതാക്കളില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏക നേതാവും വിഎസ് അച്യുതാനന്ദനാണ്. സിപിഎമ്മിന്റെ സ്ഥാപകനേതാവായ വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഭരണപരിഷ്‌കാര കമീഷന്‍ അധ്യക്ഷന്‍, സിപിഎം പോളിറ്റ് ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി, ദേശാഭിമാനി പത്രാധിപര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates