

മലപ്പുറം: വഖഫ് ബോർഡിൽ അമുസ്‌ലിംകളെ അംഗങ്ങളാക്കുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാർ സ്വീകരിച്ച നിലപാട് സുപ്രീം കോടതിയിൽ നിലനിൽക്കുന്ന കേസിനെ ദുർബലപ്പെടുത്താൻ ഇടയാക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഭേദഗതി ചെയ്ത വഖഫ് നിയമത്തിനെതിരായ നിയമപോരാട്ടത്തിൽ സർക്കാർ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മലപ്പുറത്ത് സിപിഎം സംഘടിപ്പിച്ച ‘വഖഫ് നിയമവും യുഡിഎഫിന്റെ കീഴടങ്ങലും’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി. അമുസ്‌ലിംകളെ വഖഫ് ബോർഡിൽ അംഗങ്ങളാക്കുന്ന കാര്യത്തിൽ സുപ്രീം കോടതി വിധി വരുന്നതുവരെ തീരുമാനമെടുക്കില്ലെന്ന സർക്കാരിന്റെ പുതിയ നിലപാടിനെ അദ്ദേഹം വിമർശിച്ചു. കോടതിയിലെ കേസ് ദുർബലപ്പെടുത്തുന്ന തരത്തിലുള്ള കുറുക്കുവഴികൾ സർക്കാർ സ്വീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
വ്യാപക പ്രതിഷേധത്തെ തുടർന്ന് സർക്കാർ നേരത്തെയുള്ള നിലപാടിൽ ചെറിയ മാറ്റം വരുത്തിയെങ്കിലും ഇതിന് പിന്നിൽ ദുരുദ്ദേശമുണ്ടോയെന്ന സംശയം നിലനിൽക്കുന്നതായി പിണറായി പറഞ്ഞു. ‘ഇതിന് പിന്നിൽ എന്തെങ്കിലും ദുരുദ്ദേശമുണ്ടോയെന്ന സംശയമുണ്ട്. നേരത്തെ വിവിധ വിഷയങ്ങളിൽ സർക്കാർ സ്വീകരിച്ച നിലപാടുകൾ ഈ സംശയത്തിന് കൂടുതൽ ബലം നൽകുന്നു‘- അദ്ദേഹം പറഞ്ഞു.
മുസ്‌ലിം മതസ്ഥാപനങ്ങളുടെ ഭരണനിർവഹണത്തിൽ മറ്റ് മതവിഭാഗങ്ങളിൽപ്പെട്ടവർക്ക് ഇടപെടേണ്ടതിന്റെ യുക്തിയും പിണറായി ചോദ്യം ചെയ്തു. ‘എല്ലാ മതവിഭാഗങ്ങൾക്കും അവരുടേതായ സ്ഥാപനങ്ങളുണ്ട്. അത്തരം സ്ഥാപനങ്ങളുടെ ഭരണത്തിൽ മറ്റ് മതങ്ങളിൽപ്പെട്ടവർ ഇടപെടണമോ?‘- പിണറായി ചോദിച്ചു.
രണ്ട് അമുസ്‌ലിംകളെ വഖഫ് ബോർഡുകളിൽ അംഗങ്ങളാക്കാൻ വഴിയൊരുക്കുന്ന തരത്തിൽ നിയമം ഭേദഗതി ചെയ്ത കേന്ദ്രസർക്കാർ നടപടി പരസ്യമായ വർഗീയ സമീപനമാണെന്നും പിണറായി ആരോപിച്ചു. സർക്കാർ നാമനിർദേശം ചെയ്യുന്ന അംഗങ്ങളും അമുസ്‌ലിംകളായാൽ ബോർഡുകളുടെ ഘടന തന്നെ മാറാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭേദഗതിയെ എതിർത്ത് എൽഡിഎഫ് സർക്കാർ നിയമസഭയിൽ പ്രമേയം പാസാക്കുകയും സുപ്രീം കോടതി നടപടികളിൽ കക്ഷിചേരുകയും ചെയ്തതായി പിണറായി ചൂണ്ടിക്കാട്ടി. എന്നാൽ ബിജെപി നേതാവ് ഷോൺ ജോർജ് നൽകിയ ഹർജിയിൽ യുഡിഎഫ് സർക്കാർ പിന്നീട് വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചതെന്നും അമുസ്‌ലിംകളെ വഖഫ് ബോർഡിൽ അംഗങ്ങളാക്കാമെന്ന നിലപാടാണ് സർക്കാർ കോടതിയിൽ സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
‘സർക്കാരിന് എങ്ങനെയാണ് ഇത്തരമൊരു നിലപാട് സ്വീകരിക്കാൻ കഴിയുക? വകുപ്പ് മന്ത്രിയായ, മുസ്‌ലിം ലീഗ് പ്രതിനിധി കൂടിയായ മന്ത്രിക്ക് ഇക്കാര്യങ്ങളെക്കുറിച്ച് അറിയില്ലെന്ന് പറയാനാകില്ല‘- പിണറായി പറഞ്ഞു.
സർക്കാർ സുപ്രീം കോടതിയിൽ സ്വീകരിക്കുന്ന നിലപാട് കേസിനെ പ്രതികൂലമായി ബാധിക്കാമെന്നും കേസ് ദുർബലപ്പെടാതിരിക്കാൻ സർക്കാർ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, സിപിഎം സെമിനാറിൽ സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിന്റെ പങ്കാളിത്തവും ശ്രദ്ധേയമായി. വഖഫ് വിഷയത്തിൽ ബിജെപി നേതാവ് ഷോൺ ജോർജിനെ അനുകൂലിച്ച് സർക്കാർ ഹൈക്കോടതിയിൽ വാദിച്ചെന്ന് ഉമർ ഫൈസി ആരോപിച്ചു. രണ്ട് ആർഎസ്എസ് അംഗങ്ങളെ വേണമെങ്കിൽ വഖഫ് ബോർഡിൽ ഉൾപ്പെടുത്താമെന്നും അതിലൂടെ മതപരമായ നിലപാട് തകരുന്നതിൽ പ്രശ്നമില്ലെന്നുമാണ് സർക്കാർ സ്വീകരിച്ച നിലപാടെന്നും അദ്ദേഹം ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates