ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള 30 ജില്ലകളില്‍ പത്തും കേരളത്തില്‍; വയനാട് 13-ാം സ്ഥാനത്ത്; പശ്ചിമഘട്ടം എട്ട് ഹോട്ട്‌സ്‌പോട്ടുകളില്‍ ഒന്ന്

കേരളത്തിലെ എല്ലാ ഉരുള്‍പൊട്ടല്‍ ഹോട്ട്സ്പോട്ടുകളും പശ്ചിമഘട്ട മേഖലയിലാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു
wayanad landslide
വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ എഎൻഐ
Updated on
2 min read

തിരുവനന്തപുരം: ഇന്ത്യയില്‍ കൂടുതല്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള 30 ജില്ലകളില്‍ 10 എണ്ണം കേരളത്തിലാണെന്ന് പഠനങ്ങൾ. പട്ടികയില്‍ വയനാട് 13-ാം സ്ഥാനത്താണ്. പശ്ചിമഘട്ടത്തിലെയും കൊങ്കണ്‍ കുന്നുകളിലെയും (തമിഴ്‌നാട്, കേരളം, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര) 0.09 ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതായി ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ (ഐഎസ്ആര്‍ഒ) നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്റര്‍ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ അറ്റ്ലസിൽ വ്യക്തമാക്കുന്നു

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വയനാട്ടിലെ ഉരുൾപൊട്ടൽ
വയനാട്ടിലെ ഉരുൾപൊട്ടൽ പിടിഐ

പരിസ്ഥിതി ദുര്‍ബലമായ പശ്ചിമഘട്ടത്തിലെ അധിവാസവും കെട്ടിടങ്ങളും മേഖലയെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുന്നു. പ്രത്യേകിച്ചും, കേരളത്തില്‍ പശ്ചിമഘട്ട മേഖലയില്‍ ജനസാന്ദ്രതയും ഗാര്‍ഹിക സാന്ദ്രതയും വളരെ ഉയര്‍ന്ന നിലയിലാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 2021-ല്‍ സ്പ്രിംഗര്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, കേരളത്തിലെ എല്ലാ ഉരുള്‍പൊട്ടല്‍ ഹോട്ട്സ്പോട്ടുകളും പശ്ചിമഘട്ട മേഖലയിലാണെന്ന് വ്യക്തമാക്കുന്നു. അത് ഇടുക്കി, എറണാകുളം, കോട്ടയം, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

വനം കുറഞ്ഞു, തോട്ടങ്ങൾ കൂടി

കേരളത്തിലെ മൊത്തം ഉരുള്‍പൊട്ടലിന്റെ 59 ശതമാനവും തോട്ടം മേഖലകളിലാണ് സംഭവിച്ചത്. വയനാട്ടിലെ വനവിസ്തൃതി കുറയുന്നത് സംബന്ധിച്ച് 2022-ല്‍ നടത്തിയ ഒരു പഠനം കാണിക്കുന്നത് 1950-നും 2018-നുമിടയില്‍ ജില്ലയിലെ 62 ശതമാനം വനങ്ങളും അപ്രത്യക്ഷമായപ്പോള്‍, തോട്ടങ്ങളുടെ വിസ്തൃതി 1,800 ശതമാനത്തോളം ഉയര്‍ന്നു എന്നാണ്. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ റിസര്‍ച്ച് ആന്‍ഡ് പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പഠന പ്രകാരം 1950-കള്‍ വരെ വയനാട്ടിലെ മൊത്തം വിസ്തൃതിയുടെ 85 ശതമാനവും വനമേഖലയായിരുന്നു.

കാലാവസ്ഥാ വ്യതിയാനം പശ്ചിമഘട്ടത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ലോകത്തിലെ ജൈവ വൈവിധ്യത്തിന്റെ എട്ട് 'സുപ്രധാന ഹോട്ട്‌സ്‌പോട്ടുകളില്‍' ഒന്നാണിതെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. അറബിക്കടലില്‍ ചൂട് കൂടുന്നത് മേഘസംഘാതത്തിന് വഴിയൊരുക്കുകയും, അത് ചുരുങ്ങിയ സമയത്തിനുള്ളില്‍ അതിതീവ്ര മഴ പെയ്യാന്‍ കാരണമാകുകയും ചെയ്യുന്നു. ഇതുമൂലം മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത വര്‍ധിപ്പിക്കുന്നതായും കുസാറ്റ് കാലാവസ്ഥ വിഭാഗം ഗവേഷണ ഡയറക്ടര്‍ എസ് അഭിലാഷ് പറയുന്നു.

തെര്‍മോഡൈനാമിക് അസ്ഥിരത

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ചൂട് കൂടുന്നത് കേരളമുള്‍പ്പെടെയുള്ള പ്രദേശത്തിന് മുകളിലെ അന്തരീക്ഷം തെര്‍മോഡൈനാമിക് അസ്ഥിരമാകാന്‍ കാരണമാകുന്നു. ഈ അന്തരീക്ഷ അസ്ഥിരത, മേഘങ്ങള്‍ രൂപപ്പെടാന്‍ അനുവദിക്കുന്നു, ഇത് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. നേരത്തെ ഈ പ്രതിഭാസവും പെട്ടെന്നുള്ള അതിതീവ്രമഴയും മംഗലാപുരത്തിന് വടക്കുള്ള വടക്കന്‍ കൊങ്കണ്‍ മേഖലയിലാണ് സാധാരണയായി കണ്ടിരുന്നതെന്നും എസ് അഭിലാഷ് പറയുന്നു.

വയനാട്ടിലെ ഉരുൾപൊട്ടൽ ദൃശ്യം
വയനാട്ടിലെ ഉരുൾപൊട്ടൽ ദൃശ്യം എപി

2022-ല്‍ എന്‍പിജെ ക്ലൈമറ്റ് ആന്‍ഡ് അറ്റ്മോസ്‌ഫെറിക് സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണത്തില്‍, ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് മഴമേഘങ്ങൾ കൂടുതൽ കൂട്ടമായി മാറുന്നതായി കണ്ടെത്തിയതായി അഭിലാഷും മറ്റ് ശാസ്ത്രജ്ഞരും അഭിപ്രായപ്പെട്ടിരുന്നു. ഇത്തരം മഴയുടെ സവിശേഷത പലപ്പോഴും ഒരു ചെറിയ പ്രദേശത്ത് വളരെപ്പെട്ടെന്ന് തീവ്രമായ മഴയും ഇടിമിന്നലും ഉണ്ടാക്കുന്നു.

അഭിലാഷും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജിയിലെയും ഇന്ത്യാ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിലെയും ശാസ്ത്രജ്ഞര്‍ നടത്തിയ മറ്റൊരു പഠനത്തില്‍, കൊങ്കണ്‍ മേഖലയിലെ കനത്ത മഴയുടെ ഹോട്ട്സ്പോട്ടുകളില്‍ ഒന്ന് മാരകമായ പ്രത്യാഘാതങ്ങളോടെ തെക്കോട്ട് മാറിയതായി കണ്ടെത്തി. മഴയുടെ തീവ്രത കൂടുന്നത് വര്‍ഷകാലത്ത് കിഴക്കന്‍ കേരളത്തിലെ പശ്ചിമഘട്ടത്തിന്റെ ചരിവുകളില്‍ ഉരുള്‍പൊട്ടലിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. പഠനം പറയുന്നു. പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിലും ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരുന്നു.

wayanad landslide
ഉരുള്‍പൊട്ടല്‍ കൂടുതലും മനുഷ്യ ഇടപെടലില്ലാത്ത കാടുകളില്‍, കാരണം തീവ്ര മഴയെന്ന് വിദഗ്ധര്‍

കാലാവസ്ഥ വ്യതിയാനത്തിനൊപ്പം പരിസ്ഥിതിയെ മറന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളുടേയും പരിണിതഫലമാണ് വയനാട്ടിലുണ്ടായ വന്‍നാശം വിതച്ച ഉരുള്‍പൊട്ടലെന്ന് പഠനങ്ങള്‍. കാലാവസ്ഥാ വ്യതിയാനം, ഭൂപ്രദേശത്തിന്റെ അതിലോലാവസ്ഥ, വനമേഖലയുടെ നഷ്ടം എന്നിവ വയനാട് ജില്ലയിലെ പ്രകൃതി ദുരന്തത്തിന് വഴിയൊരുക്കിയതായും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com