

കോഴിക്കോട്: വടകര എംഎല്‍എ കെ കെ രമയ്ക്ക് എതിരെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. വടകരയിലെ എംഎല്‍എ സ്ഥാനം ഒറ്റിക്കൊടുക്കലിന് പകരമായി കിട്ടിയതാണെന്ന് പി മോഹന്‍ പറഞ്ഞു. കെ കെ രമയ്ക്ക് എതിരെ എളമരം കരീം പറഞ്ഞത് നൂറു ശതമാനം ശരിയാണ്. ആര്‍എംപി ഒഞ്ചിയത്തെ വിപ്ലവ പൈതൃകത്തെ ഒറ്റിക്കൊടുത്തെന്നും അദ്ദേഹം ആരോപിച്ചു.
'രക്തസാക്ഷികളുടെ പാരമ്പര്യം ആര്‍എംപി കളങ്കപ്പെടുത്തി. പത്ത് രക്തസാക്ഷികളുടെ ത്രസിപ്പിക്കുന്ന വിപ്ലവ പാരമ്പര്യമാണ് ഒഞ്ചിയത്തിനുള്ളത്. അത് കളഞ്ഞു കുളിച്ചു. എക്കാലത്തും ആര്‍എംപി നോേതൃത്വത്തിന് മേലുള്ള മായ്ച്ച് കളയാന്‍ പറ്റാത്ത കളങ്കമാണ്ത്. കോണ്‍ഗ്രസ് പരിശ്രമിച്ചത് ഒഞ്ചിയത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കാനാണ്. അതിന് കോടാലി കൈകളായി ഇവര്‍ നിന്നുകൊടുത്തു. അതിനുള്ള പ്രതിഫലം തന്നെയാണ് വടകര എംഎല്‍എ സ്ഥാനം' മോഹനന്‍ പറഞ്ഞു.
കെകെ രമ ഒറ്റുകാരിയാണെന്നും അതിനുകിട്ടിയ പാരിതോഷികമാണ് എംഎല്‍എ സ്ഥാനമെന്നും എംഎല്‍എ സ്ഥാനം കിട്ടിയതുകൊണ്ട് അഹങ്കരിക്കരുത് എന്ന് സിപിഎം രാജ്യസഭ എംപി എളമരം കരീം പറഞ്ഞിരുന്നു. ഒഞ്ചിയത്ത് നടന്ന സി.എച്ച്.അശോകന്‍ അനുസ്മരണത്തിലായിരുന്നു കരീമിന്റെ പരാമര്‍ശം. വര്‍ഗ ശത്രുക്കളുമായി ചേര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വെല്ലുവിളിക്കുകയാണ് രമ. കുറച്ച് ആളുകളെ തെറ്റിദ്ധരിപ്പിച്ച് കൂടെ നിര്‍ത്താന്‍ കഴിഞ്ഞുവെന്ന അഹങ്കാരത്തില്‍ വലിയ പ്രകടനങ്ങള്‍, സമ്മേളനങ്ങള്‍ ഒക്കെ നടത്തുകയാണ്. റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണത്രേ. എന്താണ് റെവല്യൂഷനറി? ഈ വലിയ പ്രസ്ഥാനത്തെ ഒറ്റിക്കൊടുത്തതിന്റെ പാരിതോഷികമായി കിട്ടിയതാണ് എംഎല്‍എ സ്ഥാനം എന്നെങ്കിലും ധരിക്കണം. ആ സ്ഥാനമുപയോഗിച്ച് അഹങ്കരിക്കണ്ട. അതൊന്നും വലിയ സ്ഥാനമാണെന്ന് തെറ്റിദ്ധരിക്കുകയും വേണ്ട. ആ സംഘത്തിന്റെ നിഗൂഢമായ ചതി പ്രയോഗത്തിന്റെ രക്തസാക്ഷിയാണ് സിഎച്ച് അശോകനെന്നും കരീം പറഞ്ഞു. ടിപി വധക്കേസിലെ ഒന്‍പതാം പ്രതിയായിരുന്നു സിഎച്ച് അശോകന്‍.
ഉഷയെ കുറിച്ചുള്ള ആശങ്ക അവസാനിച്ചു
പി ടി ഉഷയെ കുറിച്ചുള്ള ആശങ്ക അവസാനിച്ചെന്നും മോഹനന്‍ കൂട്ടിച്ചേര്‍ത്തു. ഉഷ സംഘപരിവാര്‍ പാളയത്തില്‍ അകപ്പെടരുത് എന്ന് സിപിഎം ആഗ്രഹിച്ചു. ഉഷ തന്നെ വിശദീകരിച്ചതോടെ ആ ആശങ്ക അവസാനിച്ചെന്നും മോഹനന്‍ പറഞ്ഞു. തനിക്ക് രാഷ്ട്രീയമില്ലെന്നും രാജ്യസഭ നാമനിര്‍ദേശം കായിക രംഗത്തിനുള്ള അംഗീകാരമാണ്. എളമരം കരീം താന്‍ ബഹുമാനിക്കുന്ന ജനകീയ നേതാവാണെന്നും വിമര്‍ശിക്കാനുള്ള അധികാരമുണ്ടെന്നും ഉഷ പറഞ്ഞിരുന്നു.
'ഇപ്പോള്‍ കേരളത്തില്‍നിന്ന് ഒരാളെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്തിട്ടുണ്ടല്ലോ. അതിന് തനിക്ക് യോഗ്യതയുണ്ടെന്ന് കുറച്ചുകാലമായി അവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏഷ്യാഡ് യോഗ്യതയ്ക്കുപുറമേയുള്ള യോഗ്യതയാണു തെളിയിച്ചത്'എന്നായിരുന്നു ഉഷയുടെ പേര് പറയാതെ കരീം പറഞ്ഞത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates