

കൊച്ചി: കാന്‍സര്‍ മരുന്നിന്റെ വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടും കേസ് വിധി വരാതെ യുവതി മരിച്ചതിനെത്തുടര്‍ന്ന് രാഷ്ട്രപതിക്കും സുപ്രീംകോടതിക്കും കത്ത്. ജ്യോത്സന സിങ്, കെ എം ഗോപകുമാര്‍ എന്നിവരാണ് ഇക്കാര്യത്തില്‍ അടിയന്തരമായി തീരുമാനമെടുക്കണമെന്ന് അപേക്ഷിച്ച് കത്ത് അയച്ചത്.
മാസം ഏതാണ്ട് 1.5 ലക്ഷം രൂപയോളം വിലവരുന്ന രണ്ട് കാന്‍സര്‍ മരുന്നുകളുടെ വില കുറയ്ക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് 2022-ലാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. നാല് വര്‍ഷങ്ങളും 57 വാദങ്ങളും കഴിഞ്ഞു. എന്നാല്‍ അന്തിമ തീരുമാനമുണ്ടായില്ല. അവര്‍ ഈ അടുത്ത് മരിക്കുകയും ചെയ്തു. എന്നാല്‍ ആ കേസ് ഇപ്പോഴും ജീവനോടെയുണ്ടെന്നും അടിയന്തരമായി വാദം കേള്‍ക്കണമെന്നുമാവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും രാഷ്ട്പതി ദ്രൗപദി മുര്‍മുവിനും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും കത്തയച്ചിരിക്കുകയാണ്.
'ഈ പോരാട്ടം തുടങ്ങിയ ആള്‍ ഇന്ന് നമ്മളോടൊപ്പമില്ല. ജീവന്‍ രക്ഷാ മരുന്നുകളുടെ കാര്യത്തില്‍ ഉണ്ടാകുന്ന കാലതാമസം എത്രത്തോളം മാരകമാകാം എന്നാണ് ഈ വസ്തുത കാണിക്കുന്നത്', കത്തില്‍ പറയുന്നു. ഈ കേസില്‍ വേഗത്തില്‍ ഒരു തീരുമാനമുണ്ടായാല്‍ മരിച്ച സ്ത്രീക്ക് നീതി ലഭിക്കുമെന്നും രോഗത്തോട് പോരാടുന്ന കോടതിയെ എങ്ങനെ സമീപിക്കണമെന്ന് അറിയാത്ത ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് വെളിച്ചമാകുമെന്നും കത്തില്‍ അഭ്യര്‍ഥിക്കുന്നു.
മാസത്തില്‍ 78,468 രൂപ വിലവരുന്ന 'റിബോസിക്ലിബ്' പ്രതിമാസം 47,752 രൂപ മുതല്‍ 95,504 രൂപ വരെ വിലവരുന്ന 'അബെമാസിക്ലിബ്' എന്നീ മരുന്നുകളുടെ വില കുറയ്ക്കണമെന്നായിരുന്നു യുവതി ആവശ്യപ്പെട്ടത്. സ്തനാര്‍ബുദമായിരുന്നു യുവതിക്ക് ബാധിച്ചത്. ഈ മരുന്നുകള്‍ കുറഞ്ഞ വിലയില്‍ ഇന്ത്യയില്‍ തന്നെ ഉത്പാദിപ്പിക്കാന്‍ അനുമതി നല്‍കുന്ന തരത്തില്‍ ഒരു നിയമം നിര്‍മിക്കാനാണ് അവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
2022ല്‍ ഇന്ത്യയില്‍ ഏകദേശം 1.9 ലക്ഷം പുതിയ സ്തനാര്‍ബുദ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 98,337 സ്ത്രീകള്‍ മരണപ്പെട്ടു. ഇന്ത്യയിലെ കാന്‍സര്‍ മരണങ്ങളില്‍ കൂടുതലും സത്‌നാര്‍ബുദം ബാധിച്ചവരാണ്.
2026 ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയത് ഈ കണക്ക് 2.4 ലക്ഷമായി ഉയര്‍ന്നേക്കാം എന്നാണ്. ഈ അവസ്ഥയിലും അടിയന്തര പ്രാധാന്യമുള്ള ആരോഗ്യവിഷയങ്ങളില്‍ സ്തനാര്‍ബുദത്തെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.
57 വാദങ്ങള്‍, എന്നിട്ടും തീരുമാനമില്ല
ഈ കേസില്‍ കോടതി ഇതുവരെ കേട്ടത് 57 വാദങ്ങളാണ്. കോടതിയെ സഹായിക്കാന്‍ അമിക്കസ് ക്യൂറിയെ സഹായിക്കാന്‍ നിയമിച്ചു. സര്‍ക്കാരിനോട് മറുപടി ആവശ്യപ്പെടുകയും മരുന്ന് കമ്പനികളെ വിളിപ്പിക്കുകയും ചെയ്തു.
പഴയ മരുന്ന് മതിയെന്ന് സര്‍ക്കാര്‍ വാദിച്ചപ്പോള്‍, പ്രാരംഭ ഘട്ടത്തിലുള്ള കാന്‍സറിന് പഴയ മരുന്ന് ഫലപ്രദമല്ലെന്ന് കോടതി നിയോഗിച്ച അഭിഭാഷകന്‍ കോടതിയില്‍ തെളിയിക്കുകയും ചെയ്തു. ഈ കേസ് മാത്രം കേള്‍ക്കുന്നതിനായി ശനിയാഴ്ചയിലും വാദം കേട്ടിരുന്നു.
2025 ഓടെ എല്ലാ വാദപ്രതിവാദങ്ങളും പൂര്‍ത്തിയായതാണ്. കേസ് പലതവണ 'വിധി പറയാന്‍ തയ്യാറായവയുടെ' പട്ടികയില്‍ വന്നെങ്കിലും ഓരോ തവണയും മാറ്റിവെക്കപ്പെട്ടു. ഏറ്റവും ഒടുവില്‍ ഈസ കേസ് പരിഗണനയില്‍ വന്നത് ജൂലൈ രണ്ടിനാണ്. അന്നും മാറ്റിവെച്ചു. അടുത്ത തവണ ലിസ്റ്റ് ചെയ്തിരിക്കുന്നത് ജൂലൈ 5നാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates