കോട്ടയം; പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. തൃക്കൊടിത്താനം കിളിമല തടത്തിൽ അനീഷ് (പ്രാവ് അനീഷ്– 32) ആണ് അറസ്റ്റിലായത്. കോട്ടയം പായിപ്പാട് സ്വദേശിനിയായ യുവതിയാണ് ആക്രമണത്തിനിരയായത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവമുണ്ടായത്. ആ സമയത്ത് യുവതിയുടെ ഭർത്താവ് ജോലിക്കു പോയിരുന്നു. ഭർതൃമാതാവും പിതാവും വീട്ടിലുണ്ടായിരുന്നില്ല. വാഷിങ് മെഷിനിൽ വസ്ത്രം കഴുകുന്നതിനിടയിൽ കോളിങ് ബെൽ അടിക്കുന്നതു കേട്ട് മാതാപിതാക്കൾ ആയിരിക്കുമെന്നു കരുതി യുവതി വാതിൽ തുറന്നെങ്കിലും അപരിചിതനായ ആളെക്കണ്ട് വാതിലടച്ച് അകത്തേക്കു കയറിപ്പോയി. വർക് ഏരിയയിൽ തിരികെയെത്തി തുണികൾ കഴുകുന്ന ജോലികൾ തുടർന്നെങ്കിലും പിൻവശത്തു കൂടി എത്തിയ അക്രമി യുവതിയുടെ മുഖം പൊത്തിപ്പിടിച്ചു.
കുതറിമാറി അകത്തേക്ക് ഓടിക്കയറി വാതിൽ അടയ്ക്കാൻ യുവതി ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലുടെ ഇയാൾ വാതിൽ തള്ളിത്തുറന്നു യുവതിയെ മർദിക്കുകയായിരുന്നു. ആക്രമണത്തിൽ യുവതിയുടെ ബോധം നഷ്ടപ്പെട്ടിരുന്നു. വീട്ടുകാർ തിരികെ എത്തിയപ്പോൾ ശരീരത്തിൽ മർദനമേറ്റ് അവശനിലയിൽ, വസ്ത്രങ്ങൾ വലിച്ചുകീറിയ അവസ്ഥയിലാണു യുവതിയെ കണ്ടത്. യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.
ലൈംഗിക കുറ്റകൃത്യങ്ങളിൽ പ്രതികളായവരുടേതായി പൊലീസിന്റെ കൈവശമുള്ള ചിത്രങ്ങളിൽ നിന്നാണ് ഈ സംഭവത്തിലെ പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്. സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ നേരത്തേ കേസുകൾ ഉണ്ടായിട്ടുണ്ട്. ആരമല ഭാഗത്തു പ്രതിയെക്കണ്ട നാട്ടുകാർ ഇയാളെ തടഞ്ഞുവയ്ക്കുകയും പൊലീസിൽ ഏൽപിക്കുകയും ആയിരുന്നു. കഞ്ചാവ് ഉപയോഗിച്ചതിനും നേരത്തേ ഇയാൾക്കെതിരെ കേസുള്ളതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
