

കണ്ണൂര്‍: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ പാര്‍ട്ടി കേരള ഘടകവും കേന്ദ്ര നേതൃത്വവുമായി ഭിന്നതയില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പിബിയും സംസ്ഥാന ഘടകവും തമ്മില്‍ പരസ്പരവിരുദ്ധമായ നിലപാടില്ല. അനാവശ്യ ചോദ്യങ്ങള്‍ വേണ്ട. അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തരുതെന്നും യെച്ചൂരി കണ്ണൂരില്‍ പറഞ്ഞു.
സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹമെന്ന് മുതിര്‍ന്ന പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ളയും അഭിപ്രായപ്പെട്ടു. പിണറായി വിജയനും യെച്ചൂരിയും താനും ഒരേ അഭിപ്രായമാണ് പറയുന്നത്. പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതിയും പാരിസ്ഥിതികാനുമതിയും വേണം. ഇപ്പോള്‍ നടക്കുന്ന സാമൂഹികാഘാത പഠനത്തില്‍ സിപിഎമ്മിന് ശുഭപ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസുമായുള്ള ബന്ധത്തെക്കുറിച്ച് പാര്‍ട്ടിയില്‍ ഒരു തര്‍ക്കവുമില്ല. ഇക്കാര്യത്തില്‍ രാഷ്ട്രീയപ്രമേയത്തില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതില്‍ത്തന്നെയാണ് പാര്‍ട്ടി നില്‍ക്കുന്നത്. സിപിഎം തികഞ്ഞ ജനാധിപത്യ പാര്‍ട്ടിയാണ്. എല്ലാ നയങ്ങളും തീരുമാനിക്കുന്നത് പാര്‍ട്ടി അംഗങ്ങളാണ്.
എല്ലാ നേതൃത്വത്തെയും തീരുമാനിക്കുന്നത് പാര്‍ട്ടി അംഗങ്ങളാണ്. എല്ലാ വിഷയത്തിലും തുറന്ന് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുന്ന സമ്പ്രദായമാണ് സിപിഎമ്മിനുള്ളത്. ബന്ധം വേണോയെന്നത് കോണ്‍ഗ്രസ് തീരുമാനിക്കേണ്ട വിഷയമാണെന്നും എസ്ആര്‍പി പറഞ്ഞു. രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമമാണ് ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്.
നവ ഉദാരവത്കരണ സാമ്പത്തിക നയങ്ങള്‍ ആക്രമോത്സുകമായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കുകയാണ്. സ്വതന്ത്രമായ വിദേശനയവും ഉപേക്ഷിച്ചിരിക്കുന്നു. ഇക്കാര്യങ്ങളില്‍ ആരൊക്കെ ബിജെപിയെ എതിര്‍ക്കാന്‍ തയ്യാറുണ്ടോ, അവരോടൊപ്പം പ്രക്ഷോഭങ്ങളിലും സമരങ്ങളിലും സിപിഎം ഉണ്ടാകുമെന്നും രാമചന്ദ്രന്‍ പിള്ള പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates