സെമിനാറില്‍ പോലും രാഷ്ട്രീയം കളിക്കുന്നു; കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ ആകില്ലെന്ന് കേരളഘടകം; കരട് രാഷ്ട്രീയ പ്രമേയത്തില്‍ ചര്‍ച്ച ഇന്ന് അവസാനിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th April 2022 07:35 AM  |  

Last Updated: 08th April 2022 07:35 AM  |   A+A-   |  

rajeev

പാർട്ടി കോൺ​ഗ്രസിൽ പി രാജീവ് സംസാരിക്കുന്നു/ട്വിറ്റർ

 

കണ്ണൂര്‍: കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ ആവില്ലെന്ന് പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഎം കേരളഘടകം.  കോണ്‍ഗ്രസ് സഹകരണം ചര്‍ച്ച ചെയ്ത് സമയം പാഴാക്കേണ്ടതുണ്ടോ എന്ന്  കേരളത്തില്‍ നിന്ന് ആദ്യം ചര്‍ച്ചയില്‍ പങ്കെടുത്ത പി രാജീവ് ചോദിച്ചു. സെമിനാറിനു വിളിച്ചാല്‍ പോലും രാഷ്ട്രീയം കളിക്കുന്നവരുമായി എന്തിന് സഹകരണമെന്നും പൊതു ചര്‍ച്ചയില്‍ രാജീവ് ആരാഞ്ഞു. 

പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ ശശി തരൂരിനെയും കെവി തോമസിനെയും ക്ഷണിച്ചു. എന്നാല്‍ സെമിനാറില്‍ പങ്കെടുക്കരുതെന്ന് സോണിയ ഗാന്ധി നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി. അങ്ങനെയുള്ള പാര്‍ട്ടിയെ വിശാല മതേരര സഖ്യത്തില്‍ എന്തിന് പ്രതീക്ഷിക്കണം. ബിജെപിയെ ചെറുക്കാന്‍ ഇപ്പോള്‍ കഴിയുന്നത് പ്രാദേശിക പാര്‍ട്ടികള്‍ക്കാണ്. ഈ കക്ഷികളെ കൂട്ടിയോജിക്കാനും സ്വന്തം ശക്തി കൂട്ടാനും പാര്‍ട്ടിക്കു കഴിയണമെന്നും രാജീവ് പറഞ്ഞു. 

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെയും ബിജെപിയേയും എതിര്‍ക്കുന്ന നിലപാടാണ് ബംഗാള്‍ ഘടകം പൊതു ചര്‍ച്ചയില്‍ സ്വീകരിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് എതിരാളികളെ ഇല്ലാതാക്കുന്ന ഫാസിസ്റ്റ് നയമാണ് സ്വീകരിക്കുന്നതെന്നും ബംഗാള്‍ പ്രതിനിധികള്‍ പറഞ്ഞു. കോണ്‍ഗ്രസ് ഉള്‍പ്പെട്ട സഖ്യത്തെ എതിര്‍ക്കാത്ത നിലപാടാണ് തമിഴ്‌നാട് ഉള്‍പ്പടെ മറ്റു സംസ്ഥാന ഘടകങ്ങള്‍ സ്വീകരിച്ചത്.

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കരട് രാഷ്ട്രീയ പ്രമേയത്തിന്‍മേലുള്ള ചര്‍ച്ച ഇന്ന് അവസാനിക്കും.  അഭിപ്രായങ്ങളിലും നിര്‍ദ്ദേശങ്ങളിലും വിമര്‍ശനങ്ങളിലും ഉച്ചയോടെ കേന്ദ്ര നേതൃത്വം മറുപടി നല്‍കും. ബിജെപി വിരുദ്ധ ബദല്‍ എങ്ങനെ വേണം അതില്‍ കോണ്‍ഗ്രസിന്റെ പങ്ക് എന്നിവയിലടക്കം പാര്‍ട്ടി കോണ്‍ഗ്രസ് അന്തിമ തീരുമാനമെടുക്കും. ഉച്ചക്ക് ശേഷം പ്രകാശ് കാരാട്ട് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

ഈ വാര്‍ത്ത കൂടി വായിക്കാം

കെ വി തോമസ് ഇന്ന് കണ്ണൂരിലേക്ക്; പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാര്‍ നാളെ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ