കെ വി തോമസ് ഇന്ന് കണ്ണൂരിലേക്ക്; പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാര്‍ നാളെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th April 2022 07:10 AM  |  

Last Updated: 08th April 2022 07:17 AM  |   A+A-   |  

thomas_new

ഫയല്‍ ചിത്രം

 

കൊച്ചി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാനായി കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് ഇന്ന് കൊച്ചിയില്‍ നിന്നും കണ്ണൂരിലേക്ക് തിരിക്കും. നാളെയാണ് പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാര്‍. കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ സംബന്ധിച്ച സെമിനാറില്‍ പങ്കെടുക്കാനാണ് കെ വി തോമസിനെ സിപിഎം ക്ഷണിച്ചിട്ടുള്ളത്. 

സിപിഎം സെമിനാറില്‍ പങ്കെടുക്കേണ്ടെന്നാണ് കോണ്‍ഗ്രസ് നേതൃത്വം നിലപാടെടുത്തത്. എന്നാല്‍ വിലക്ക് ലംഘിച്ച് സെമിനാറില്‍ പങ്കെടുക്കുമെന്ന് കെ വി തോമസ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ബിജെപിയെ എതിര്‍ക്കുന്നവര്‍, വര്‍ഗീയതയെ എതിര്‍ക്കുന്നവര്‍ ഒറ്റക്കെട്ടായി നില്‍ക്കണം. സെമിനാറില്‍ പങ്കെടുക്കേണ്ടത് ഇന്നത്തെ സാഹചര്യത്തില്‍ അനിവാര്യമാണെന്ന് കെ വി തോമസ് പറഞ്ഞു.

അതേസമയം സെമിനാറില്‍ പങ്കെടുത്താല്‍ കെ വി തോമസിനെതിരെ കോണ്‍ഗ്രസ് അച്ചടക്ക നടപടി എടുക്കും. അച്ചടക്കം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും, സെമിനാറില്‍ പങ്കെടുത്താല്‍ നടപടി നേരിടേണ്ടി വരുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. 

കെ വി തോമസിനെതിരായ നടപടി കെപിസിസിക്ക് തീരുമാനിക്കാമെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. കെപിസിസി തീരുമാനം അംഗീകരിക്കുമെന്നും ഹൈക്കമാന്‍ഡ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം

മുല്ലപ്പെരിയാര്‍: സുപ്രീംകോടതി വിധി ഇന്ന്; മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കിയേക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ