

കൊച്ചി : ഐജി മനോജ് എബ്രാഹാമിനെ പൊലീസ് നായ എന്ന് അധിക്ഷേപിച്ച് ബിജെപി നേതാവ്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ബി ഗോപാലകൃഷ്ണനാണ് മനോജ് എബ്രഹാമിനെ അവഹേളിച്ചത്. ബിജെപിയുടെ ആഭിമുഖ്യത്തില്‍ എറണാകുളം റേഞ്ച് ഐജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലായിരുന്നു വിവാദ പരാമര്‍ശം.
'' മനോജ് എബ്രഹാം എന്ന പൊലീസ് നായയാണ് ശബരിമലയില്‍ അക്രമം ഉണ്ടാക്കിയത്. സാധാരണ പൊലീസ് നായയ്ക്ക് ഒരു അന്തസ്സുണ്ട്. എന്നാല്‍ അന്തസ്സില്ലാത്ത പൊലീസ് നായ ആണ് മനോജ് എബ്രഹാം. ഞങ്ങള്‍ വെറുതേ വിടില്ല. തോളില്‍ ഐപിഎസ് ഉണ്ടല്ലോ. ഇനി ഒരു പ്രമോഷന്‍ കിട്ടണം എങ്കില്‍ സെന്‍ട്രല്‍ ട്രിബ്യൂണില്‍ അയാള്‍ക്ക് പോകേണ്ടി വരും. മനോജ് എബ്രഹാമിന് എതിരെ പരാതി കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു. നിങ്ങള്‍ 25000 പൊലീസുകാരെ കൊണ്ടുവരാന്‍ തീരുമാനിച്ചാല്‍ അന്‍പതിനായിരം വിശ്വാസികള്‍ ശബരിമലയില്‍ എത്തും. തടയാന്‍ പറ്റുമെങ്കില്‍ തടഞ്ഞോ...'' ബി ഗോപാലകൃഷ്ണന്‍ വെല്ലുവിളി മുഴക്കി.
സംസ്ഥാനത്തെ മുഖ്യ ചട്ടമ്പി പിണറായി വിജയനാണ്. പിണറായിയുടെ ശരീരത്തില്‍ വെള്ളമാണോ രക്തമാണോ എന്ന് അമേരിക്കയിലെ ഡോക്ടര്‍മാര്‍ക്കേ അറിയൂ. അമിത് ഷായുടെ തടിയും ബുദ്ധിയും അളക്കാനുള്ള അളവുകോല്‍ ഇക്കൂട്ടര്‍ക്ക് ഇല്ല. മാരിചന്‍ വേഷം കെട്ടിയ പ്രതിലോമ ശക്തിയാണ് സിപിഎമ്മെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
കേരളത്തിലെ നവോത്ഥാനത്തില്‍ സിപിഎമ്മിന് ഒരു പങ്കുമില്ല. ശ്രീനാരായണ ഗുരുവിനെ ബൂര്‍ഷ്വ ഗുരു എന്ന് വിളിച്ച് അധിക്ഷേപിച്ച ഇക്കൂട്ടര്‍ക്ക് ഗുരുശാപം ഉണ്ടായിരിക്കുന്നു. പൊലീസിനെ ഉപയോഗിച്ച് അയ്യപ്പ ഭക്തരുടെ വികാരങ്ങളെ ചവിട്ടിമെതിച്ച് നരനായാട്ട് നടത്തി ശബരിമലയെ മറ്റൊരു ടിയാനന്‍മെന്‍ സ്‌ക്വയറാക്കി മാറ്റാനാണ് ശ്രമം. സ്വരാജും സുധാകരനും പിണറായിക്ക് വേണ്ടി കുഴലൂതുന്നവരാണെന്നും ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
സ്വയം അടിവസ്ത്രം ധരിക്കാത്തവരാണ് മറ്റുള്ളവര്‍ അടിവസ്ത്രം ധരിക്കുന്നുണ്ടോ എന്ന് അന്വേഷിക്കുന്നത്. അവിശ്വാസികള്‍ പൂജാരിമാര്‍ അടിവസ്ത്രം ഇട്ടിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. യഥാര്‍ത്ഥ ഭക്തര്‍ ക്ഷേത്രത്തില്‍ പോകുന്നത് ഭഗവാനെ കാണാനാണ്. അയോധ്യയില്‍ അദ്വാനി നടത്തിയ രഥയാത്രയ്ക്ക് സമാനമായി നവംബര്‍ എട്ടുമുതല്‍ ബിജെപി കേരളത്തില്‍ നടത്തുന്ന രഥയാത്രയില്‍ സിപിഎം ചതഞ്ഞരയുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates