കണ്ണടയേയല്ല പ്രശ്‌നം: പി ഗീത

സര്‍ക്കാര്‍ ജീവനക്കാരുടെ കണ്ണട റി  ഇമ്പേഴ്‌സ്‌മെന്റ് തുകയെക്കുറിച്ചുള്ള വിവാദത്തില്‍ വിശദീകരണമായെത്തിയിരിക്കുകയാണ് സാമൂഹ്യപ്രവര്‍ത്തകയും അധ്യാപികയുമായ ഡോക്ടര്‍ പി ഗീത.
കണ്ണടയേയല്ല പ്രശ്‌നം: പി ഗീത
Updated on
2 min read

ര്‍ക്കാര്‍ ജീവനക്കാരുടെ കണ്ണട റി  ഇമ്പേഴ്‌സ്‌മെന്റ് തുകയെക്കുറിച്ചുള്ള വിവാദത്തില്‍ വിശദീകരണമായെത്തിയിരിക്കുകയാണ് സാമൂഹ്യപ്രവര്‍ത്തകയും അധ്യാപികയുമായ ഡോക്ടര്‍ പി ഗീത. ശ്രീരാമകൃഷ്ണനെപ്പോലെ ഇത്ര ജനകീയനും ജനപ്രിയനുമായ ഒരു ജന പ്രതിനിധിക്കു പോലും ഇത്തരം ആരോപനങ്ങള്‍ക്കു വിധേയനാകേണ്ടി വരുന്നുവെന്നത് അത്യധികമായ ഉത്കണ്ഠയോടെയും ഖേദത്തോടെയുമാണ് ഞാന്‍ കണ്ടു കൊണ്ടിരിക്കുന്നതെന്ന് ഗീത ടീച്ചര്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ രാഷ്ട്രപതി ഉപരാഷ്ട്രപതിമാര്‍ക്കുള്ള ശമ്പള വര്‍ധന പ്രഖ്യാപിച്ചപ്പോള്‍ രാഷ്ടീയ ബോധമുള്ള ആരെയും അത് അദ്ഭുതപ്പെടുത്തുന്നില്ല. പക്ഷേ അങ്ങനെയല്ല മുണ്ടു മുറുക്കിയുടുക്കാന്‍ പ്രത്യക്ഷ ആഹ്വാനങ്ങള്‍ നടത്തുന്ന ഒരിടതുപക്ഷ സര്‍ക്കാരിനെ ജനം ഉറ്റുനോക്കുക. അവരുടെ വ്യക്തിപരമായ ജീവിത ശൈലി തന്നെ വിമര്‍ശന വിധേയമാകും- ടീച്ചര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും തമ്മിലുള്ള വ്യത്യാസമെങ്കിലും തിരിച്ചറിയാന്‍ ആകുന്നില്ലല്ലോ. തിരുത്തപ്പെടേണ്ടതുണ്ട് എന്നംഗീകരിക്കാന്‍ കഴിയാതെ ഫാസിസത്തിനെതിരായ ഐക്യമുന്നണി സാധ്യമാകില്ല. ഉന്നയിക്കപ്പെടുന്ന ഫാസിസ്റ്റു വിരുദ്ധ വാദത്തില്‍പ്പോലുമുണ്ട് ഫാസിസം എന്നതാണ് രസകരം- ടീച്ചര്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കണ്ണടയേയല്ല പ്രശ്നം.

കാലം മാറിയെങ്കിലും സർക്കാർ ജീവനക്കാരുടെ കണ്ണട റി - ഇമ്പേഴ്സ്മെന്റ് തുക പഴയ പടി തുടരുകയാണ്. അതിനാൽ രാഷ്ട്രീയ പാർട്ടി പ്രവർത്തനത്തിലൂടെ സർക്കാർ / സർക്കാർ ജീവനക്കാരായി മാറിയവർ ഒഴിച്ചുള്ള ഞാനറിയുന്ന മിക്കവാറും സർക്കാർ ജീവനക്കാർ പൊതുവേ ശമ്പളത്തിൽ നിന്നെടുത്താണ് കണ്ണട വാങ്ങാറ്. അങ്ങനെയല്ലാത്ത അപൂർവം പേരെ മാത്രമേ ഞാനെന്റെ ഔദ്യോഗിക ജീവിതത്തിൽ ഇതുവരെ കണ്ടിട്ടുള്ളു.

ഇവിടെയും പ്രശ്നം അതു തന്നെയാണ്. ഏതുതരം കണ്ണട ധരിക്കണമെന്ന് ഡോക്ടറുടെ നിർദേശാനുസരണം അവരവർക്കു തീരുമാനിക്കാം. സാങ്കേതിക സംവിധാനങ്ങൾക്കനുസൃതമായി വ്യത്യസ്ത യിനം കണ്ണടകൾ ഇപ്പോഴുണ്ടെന്ന് എല്ലാവർക്കുമറിയാം. യാത്ര ആക്സിഡൻറ്, കമ്പ്യൂട്ടർ മൊബൈൽ ഫോൺ വെയിൽ പ്രതിരോധം റേഡിയേഷൻ പ്രതിരോധം എന്നിങ്ങനെ... അത് പക്ഷേ നമ്മൾ സ്വയം ചെലവു വഹിക്കേണ്ട ലക്ഷ്വറി ആണ്. ഇത്തരം ഒരു പൊതുബോധത്തിലേക്ക് ജനാധിപത്യ പ്രത്യേകിച്ച് ഇടതുപക്ഷമെന്നു സ്വയം അഭിമാനിക്കുന്ന സർക്കാരുകൾ വളരാതിരിക്കുന്നതാണ് പ്രശ്നം. നിങ്ങൾ സ്വയം വഹിക്കേണ്ടതും ഞങ്ങളുടെ അതായത് ജനങ്ങളുടെ തലയിൽ വെച്ചു തരേണ്ടതും തമ്മിൽ വലിയ അന്തരമുണ്ട്.
ശ്രീരാമകൃഷ്ണനെപ്പോലെ ഇത്ര ജനകീയനും ജനപ്രിയനുമായ ഒരു ജന പ്രതിനിധിക്കു പോലും ഇത്തരം ആരോപനങ്ങൾക്കു വിധേയനാകേണ്ടി വരുന്നുവെന്നത് അത്യധികമായ ഉത്കണ്ഠയോടെയും ഖേദത്തോടെയുമാണ് ഞാൻ കണ്ടു കൊണ്ടിരിക്കുന്നത്. എന്തു കൊണ്ടെന്നാൽ എന്റെ നാട്ടുകാരായ ശ്രീരാമകൃഷ്ണനും ശശികുമാറും സലിമുമുൾപ്പടെയുള്ള ഇടതുപക്ഷ സുഹൃത്തുക്കളെ എനിക്ക് വലിയ മതിപ്പും മമതയുമുണ്ട്. അവർ വ്യക്തിപരമായി ഏറെ നന്മകൾ ഉള്ളവരാണ് എന്നാണ് എന്റെ അനുഭവം. അതു കൊണ്ടു കൂടിയാണ് ഇത് എന്റെ ആത്മവിചാരം തന്നെയായിരിക്കുന്നത്.

കേന്ദ്ര സർക്കാർ ബജറ്റിൽ രാഷ്ട്രപതി ഉപരാഷ്ട്രപതിമാർക്കുള്ള ശമ്പള വർധന പ്രഖ്യാപിച്ചപ്പോൾ രാഷ്ടീയ ബോധമുള്ള ആരെയും അത് അദ്ഭുതപ്പെടുത്തുന്നില്ല. കാരണം അത്തരം കാര്യങ്ങൾ നയങ്ങൾ ഒക്കെ രാഷ്ടീയമായാണ് നേരിടേണ്ടവയാണ്. അതിനാൽ പലപ്പോഴും വിമർശിക്കാൻ പോലും തയ്യാറാകാറില്ല.

പക്ഷേ അങ്ങനെയല്ല മുണ്ടു മുറുക്കിയുടുക്കാൻ പ്രത്യക്ഷ ആഹ്വാനങ്ങൾ നടത്തുന്ന ഒരിടതുപക്ഷ സർക്കാരിനെ ജനം ഉറ്റുനോക്കുക. അവരുടെ വ്യക്തിപരമായ ജീവിത ശൈലി തന്നെ വിമർശന വിധേയമാകും. അതിനു കാരണം ഇടതുപക്ഷ ലേബലാണ്. അതു കീറിക്കളഞ്ഞാൽ പിന്നെ ആരും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയേ ഇല്ല. മൺപാത്രങ്ങൾ മാത്രം സ്വയം വരിച്ച മഹാരാജവംശപരമ്പരയിലെ കണ്ണിയാകാൻ ഈ ജനാധിപത്യ ഭരണക്കാലത്ത് ഒരു ഭരണാധികാരിയോടും സ്വബോധമുള്ളവർ ആവശ്യപ്പെടുകയില്ല.

അതെ സഖാക്കളേ സ്വയം പ്രഖ്യാപിത വീരവാദങ്ങൾ തന്നെയാണു പ്രശ്നം. യഥാർഥ ജീവിതവും ജനങ്ങളോടുള്ള സമീപനവും തമ്മിലുള്ള വൈരുധ്യം ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യില്ലേ? ആ ചോദ്യം ചെയ്യലിനെ ചായ പരിപ്പുവട വാദം ' നിയമം നിയമത്തിന്റെ വഴി വാദം തുടങ്ങിയവ കൊണ്ടുള്ള നേരിടൽ അതീവ ദയനീയവും പരിഹാസ്യവുമാക്കുന്നു.

വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും തമ്മിലുള്ള വ്യത്യാസമെങ്കിലും തിരിച്ചറിയാൻ ആകുന്നില്ലല്ലോ. തിരുത്തപ്പെടേണ്ടതുണ്ട് എന്നംഗീകരിക്കാൻ കഴിയാതെ ഫാസിസത്തിനെതിരായ ഐക്യമുന്നണി സാധ്യമാകില്ല. ഉന്നയിക്കപ്പെടുന്ന ഫാസിസ്റ്റു വിരുദ്ധ വാദത്തിൽപ്പോലുമുണ്ട് ഫാസിസം എന്നതാണ് രസകരം.

അതിനാൽ സ്നേഹപൂർവം തന്നെ പറയാനാവുന്നു,
എനിക്കു സംശയമേയില്ല
പ്രശ്നം കണ്ണടയല്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com