മലപ്പുറം : കനത്ത മഴയിലും ഉരുള്‍പൊട്ടലിലും കനത്ത നാശം വിതച്ച കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മണ്ണിനടിയില്‍ പുതഞ്ഞ രണ്ടു മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തു. ഇതോടെ കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 11 ആയി. പ്രദേശത്ത് കാണാതായ മുഴുവന്‍ ആളുകളെയും കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മണ്ണിനടിയില്‍ 20 കുട്ടികള്‍ അടക്കം 52 പേര്‍ മണ്ണിനിടയിയില്‍ ഉണ്ടെന്നാണ് സംശയിക്കപ്പെടുന്നത്.
ഇന്നുരാവിലെയാണ് സൈന്യത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ പുനരാരംഭിച്ചത്. മദ്രാസ് റെജിമെന്റിലെ 30 അംഗ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. മലയിലെ ഏറ്റവും ദുഷ്‌കരമായ മേഖലയിലാണ് സൈന്യം തിരച്ചില്‍ നടത്തുന്നത്. എന്‍ഡിആര്‍എഫിന്റെ 60 അംഗ സേനയും നാട്ടുകാരും തിരച്ചിലില്‍ പങ്കാളികളാകുന്നുണ്ട്.
അതേസമയം മേഖലയില്‍ വീണ്ടും മണ്ണിടിച്ചിലിനും ഉരുള്‍ പൊട്ടലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മണ്ണ് ശക്തമായി താഴേക്ക് തെന്നി നീങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അതൊന്നും വകവെയ്ക്കാതെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ പുത്തുമലയിലും തിരച്ചില്‍ തുടരുകയാണ്. പുത്തുമലയില്‍ നിന്നും ഒരു മൃതദേഹം കണ്ടെടുത്തു. സ്ത്രീയുടെ മൃതദേഹമാണ് കണ്ടെടുത്ത്. ഇതോടെ 10 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഇനി ഏഴുപേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിനായി തിരച്ചില്‍ തുടരുകയാണ്.
മണ്ണിടിഞ്ഞുവീണ മലപ്പുറം കോട്ടക്കുന്നിലും തിരച്ചില്‍ തുടരുകയാണ്. ഇവിടെ ഒരു സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഗീതു(22), മകന്‍ ധ്രുവന്‍ (2) എന്നിവരുടെ മൃതദേഹമാണ് കണ്ടെടുത്തത്. ഗീതുവിന്റെ ഭര്‍തൃമാതാവ് സരോജിനിയമ്മയെയാണ് ഇനി കണ്ടെത്താനുള്ളത്.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കനത്ത മഴയെത്തുടര്‍ന്ന് കോട്ടക്കുന്നില്‍ മണ്ണിടിഞ്ഞ് വീണത്. കോട്ടക്കുന്നില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു സരോജിനിയും കുടുംബവും. സരോജിനിയുടെ മകന്‍ ശരത് അപകടത്തില്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
മലപ്പുറം മുണ്ടേരിയില്‍ പ്രളയത്തില്‍ ഒറ്റപ്പെട്ടുപോയ ആദിവാസി കോളനികളിലുള്ളവര്‍ക്ക് സൈന്യത്തിന്റെ നേതൃത്വത്തില്‍ ഹെലികോപ്റ്ററിലൂടെ ഭക്ഷണം എത്തിച്ചു. വാണിയമ്പുഴ, ഇരുട്ടുകുത്തി, കുമ്പളപ്പാറ, തരിപ്പപ്പൊട്ടി ആദിവാസി കോളനികളിലുള്ളവരാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരെ ചാലിയാറിലൂടെ ബോട്ടുമാര്‍ഗം ഇക്കരെയെത്തിക്കാനും നടപടി ആരംഭിച്ചിട്ടുണ്ട്. മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ 68 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates