

തിരുവനന്തപുരം: കൂടത്തായി മോഡൽ കൊലപാതക പരമ്പര തിരുവനന്തപുരത്ത് കരമനയിലും നടന്നതായി സൂചന. ദുരൂഹ സാഹചര്യത്തിൽ മരിച്ചത് ഒരു കുടുംബത്തിലെ ഏഴു പേർ. കരമന കാലടി കൂടത്തിൽ കുടുംബത്തിലെ ഏഴ് പേരാണ് മരിച്ചത്. ഈ മരണങ്ങൾ കൊലപാതകങ്ങൾ ആണെന്നും 50 കോടിയുടെ സ്വത്ത് തട്ടിയെടുക്കാനെന്നുമാണ് പരാതി. ദുരൂഹ മരണങ്ങളിൽ കുടുംബത്തിലെ കാര്യസ്ഥന് പങ്കെന്നും ആരോപണമുണ്ട്. പരാതിയിൽ കരമന പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. മരണങ്ങളിൽ ദുരൂഹതയുണ്ടെന്ന് ജില്ലാ ക്രൈംബ്രാഞ്ചും കണ്ടെത്തിയിട്ടുണ്ട്. ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് വീണ്ടും അന്വേഷിക്കുന്നത്.
ഗോപിനാഥൻ നായർ, ഭാര്യ സുമുഖിഅമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണൻ, ജയപ്രകാശ്, ഗോപിനാഥൻ നായരുടെ സഹോദരൻ വേലുപ്പിള്ളയുടെ മകൻ ഉണ്ണികൃഷ്ണൻ നായർ, ഗോപിനാഥൻ നായരുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകൻ ജയമാധവൻ എന്നിവരാണ് മരിച്ചത്. സ്വത്തുക്കൾക്ക് അന്തര അവകാശികൾ ഇല്ല എന്ന കാര്യം ഒറ്റ നോട്ടത്തിൽ തന്നെ പൊലീസിന് മനസിലായി. അതുകൊണ്ട് തന്നെ വിൽപത്രത്തിൽ പേരുള്ള രവീന്ദ്രൻ നായരെന്ന കോടതി ഗുമസ്തൻ നിരീക്ഷണത്തിലായി.
നഗരത്തിന്റെ കണ്ണായ ഇടങ്ങളിൽ കോടികളുടെ വസ്തുവകയുള്ള കുടുംബമായിരുന്നു കാലടിയിലെ 'കൂടത്തിൽ' കുടുംബം. പക്ഷെ കുടുംബത്തിലെ ആർക്കും ഒന്നും വച്ചനുഭവിക്കാൻ ഭാഗ്യമുണ്ടായില്ല. എല്ലാവരും മരിച്ചു. ഒരേ ലക്ഷണങ്ങളോടെ മരിച്ചത് ഏഴു പേരാണെന്ന് നടുക്കത്തോടെ ഓർത്തെടുക്കുന്നു നാട്ടുകാരനും പൊതുപ്രവർത്തകനുമായ ആർ അനിൽകുമാർ. സ്വത്തുക്കൾ സർക്കാരിലേക്ക് കണ്ടുകെട്ടണം എന്നും മരണങ്ങളെ കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് അനിൽ കുമാർ ക്രൈംബ്രാഞ്ചിനെ സമീപിച്ചു. കേസന്വേഷിച്ചിറങ്ങിയ ക്രൈം ബ്രാഞ്ച് സംഘത്തിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു.
അന്വേഷണത്തിന്റെ അന്തിമ ഘട്ടത്തിലെത്തും മുൻപ് അന്വേഷണ ഉദ്യോഗസ്ഥരുടെ മേൽ അതിഭീകര സമ്മർദ്ദം. ഇതിനിടെ സ്വത്തുക്കൾ ഇപ്പോൾ വച്ചനുഭവിക്കുന്നവരിൽ ആരും മരിച്ചവരുമായി രക്തബന്ധമോ അടുപ്പമോ ഇല്ലാത്തവരാണെന്നായിരുന്നു ആ കണ്ടെത്തൽ. വിശദമായ അന്വേഷണത്തിലേക്കും അറസ്റ്റിലേക്കും കാര്യങ്ങൾ നീങ്ങുന്നതിനിടെ എല്ലാം അവസാനിപ്പിക്കേണ്ട അവസ്ഥയിലെത്തിയ ക്രൈം ബ്രാഞ്ചിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
ഒടുവിൽ രണ്ട് വർഷത്തിന് ശേഷം കരമന പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് വീണ്ടും അന്വേഷണം തുടങ്ങി. കരമനയിൽ സംഭവിച്ചത് കൂടത്തായി മോഡൽ കൂട്ടക്കൊലയാണോ എന്നതടക്കം ചോദ്യങ്ങൾ നിരവധിയാണ്. പൊലീസ് അന്വേഷണത്തിൽ കൃത്യമായ ഉത്തരം കിട്ടുമെന്ന് തന്നെയാണ് ബന്ധുക്കളുടെ പ്രതീക്ഷ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates