

തിരുവനന്തപുരം; കരമന കൂടത്തില്‍ കുടുംബത്തിലെ ഏഴുപേര്‍ മരിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം. കേസിലെ പരാതിക്കാരിലൊരാളായ അനിലാണ് ആരോപണവുമായി രംഗത്തെത്തിയത്. കൂടത്തില്‍ കുടുംബത്തിന്റെ സ്വത്തുക്കളില്‍ ചിലത് ഇപ്പോള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടേയും ചില രാഷ്ട്രീയ പാര്‍ട്ടികളുടേയും കൈവശമാണെന്നാണ് അനില്‍ പറയുന്നത്. അതിനാല്‍ അന്വേഷണ സംഘത്തില്‍ മാറ്റം വരുത്തണമെന്നും മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ പറയുന്നു.
കൂടത്തില്‍ കുടുംബത്തിന്റെ സ്വത്തുക്കള്‍ വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തവയില്‍ ചിലത് ഇപ്പോള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഉടമസ്ഥതയിലായതിനാല്‍ കേസ് ദുര്‍ബലപ്പെടുത്താന്‍ ശ്രമം നടക്കുന്നുണ്ട്. കുടുംബത്തിന്റെ സ്വത്തുക്കള്‍ വ്യാജരേഖയുണ്ടാക്കി ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു കൈമാറിയതിനാല്‍ അവരുടെ സമ്മര്‍ദവും അന്വേഷണത്തെ ബാധിക്കുന്നു. കൈവശമുള്ള തെളിവുകളും മൊഴികളിലെ വൈരുധ്യവും ഉപയോഗപ്പെടുത്താന്‍ അന്വേഷണ സംഘം തയാറാകുന്നില്ലെന്നും പരാതിയില്‍ പറയുന്നു.
പ്രതികളില്‍ പലരും സമൂഹത്തില്‍ ഉന്നത സ്ഥാനങ്ങളിലുള്ളവരും റവന്യൂ, കോടതി വ്യവഹാരങ്ങള്‍ അറിയാവുന്നവരുമാണ്. അവരെ പ്രതിസ്ഥാനത്തു നിര്‍ത്തി തെളിവു ശേഖരിക്കാന്‍ കഴിയാത്തതു കേസിനെ ബാധിക്കുന്നു. വ്യക്തമായ തെളിവുകളുണ്ടായിട്ടും അനാവശ്യ കാരണങ്ങള്‍ പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥര്‍ ദിവസങ്ങള്‍ തള്ളിനീക്കുകയാണ്. വ്യാജരേഖ ചമച്ചു കൈക്കലാക്കിയ സ്വത്തുക്കളില്‍ റിയല്‍ എസ്‌റ്റേറ്റ് മാഫിയ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുന്നതു കേസ് ഒതുക്കി തീര്‍ക്കുന്നതിന്റെ തെളിവാണെന്നും അനില്‍ ആരോപിച്ചു. കരമന പൊലീസും ജില്ലാ െ്രെകംബ്രാഞ്ചുമാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്.
'കൂടത്തില്‍' തറവാട്ടിലെ ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ഗോപിനാഥന്‍ നായരുടെ ജ്യേഷ്ഠന്‍മാരായ നാരായണപിള്ളയുടെയും വേലുപ്പിള്ളയുടേയും മക്കളായ ജയമാധവന്‍, ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവരാണ് നിശ്ചിത ഇടവേളകളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. 20 വര്‍ഷത്തിനിടെ മരിച്ച കുടുംബാംഗങ്ങളില്‍ ഗൃഹനാഥന്‍ ഗോപിനാഥന്‍ നായരും അദ്ദേഹത്തിന്റെ മൂത്ത സഹോദരന്റെ മകന്‍ ഉണ്ണികൃഷ്ണനും പെടും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates