

തലസ്ഥാനത്ത് ഇത്തവണയും വാശിയേറിയ പോരാട്ടമാണ്. ഒന്നാഞ്ഞുപിടിച്ചാല്‍ ഒപ്പം പോരുമെന്ന് ബിജെപിയും കൈവിടില്ലെന്ന് കോണ്‍ഗ്രസും ജനകീയനായ 'അട്ടിമറി'ക്കാരനെ തന്നെ സിപിഐയും രംഗത്തിറക്കിയതോടെ മൂന്നുപേര്‍ക്കും തുല്യ ജയസാധ്യത. ഒന്നാമതെത്തുന്നതുപോലെ തന്നെ പ്രധാനമാണ് മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത് എത്തുകയെന്നതും. കൂടുതല്‍ തവണ വലതുമുന്നണിക്ക് ഒപ്പം നിന്നതാണ് തെരഞ്ഞെടുപ്പ് ചരിത്രമെങ്കിലും ഇടതുമുന്നണിയെയും ചേര്‍ത്തുനിര്‍ത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാമതുള്ള മണ്ഡലവും തിരുവനന്തപുരമാണ്. ആടിയുലയുന്ന മനസാണ് അവരുടെത്. അതുകൊണ്ടുതന്നെ വിജയി ആരെന്ന് അറിയാന്‍ ഫലപ്രഖ്യാപനം വരെ കാത്തിരിക്കേണ്ടിവരും.
മണ്ഡലം കോണ്‍ഗ്രസിന്റെ സുരക്ഷിത ഇടമായാണ് കണക്കാക്കുന്നത്. കോണ്‍ഗ്രസിനെ വേണ്ടപ്പോള്‍ ശിക്ഷിക്കാനും അല്ലാത്തപ്പോള്‍ ചേര്‍ത്തുനിര്‍ത്താനും മടികാണിക്കാത്ത മണ്ഡലമായി തിരുവനന്തപുരത്തെ കാണാം. 1980 മുതല്‍ 12 തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ജയിച്ചത് ഒന്‍പത് തവണ. ഇടതുപക്ഷം ജയിച്ചത് നാലുതവണ. 2009ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശിതരൂരിന് 99,998 വോട്ടുകളുടെ വിജയം സമ്മാനിച്ചശേഷം 2014ല്‍ 15,470 വോട്ടുകളായി ഭൂരിപക്ഷം കുറച്ച്, ഒരു ഘട്ടത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലിനു വലിയ വിജയപ്രതീക്ഷ നല്‍കിയ മണ്ഡലം.
2019ല്‍ തരൂരിന്റെ ഭൂരിപക്ഷം ഒരുലക്ഷത്തിന് അടുത്തായിട്ടും ബിജെപി രണ്ടാമതെത്തിയ മണ്ഡലം. 1977ല്‍ സിപിഐ നേതാവ് എംഎന്‍ ഗോവിന്ദന്‍ നായര്‍ക്ക് 69,822 വോട്ടുകളുടെ ഭൂരിപക്ഷം നല്‍കി തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെടുത്തിയ മണ്ഡലം. ജയിച്ചത് കോണ്‍ഗ്രസ്സിലെ നീലലോഹിതദാസന്‍ നാടാര്‍, ഭൂരിപക്ഷം 1,07,057 വോട്ടുകള്‍. കെ കരുണാകരന്‍ കൊണ്ടുവന്ന എ ചാള്‍സിനെ മൂന്നു തവണ വിജയിപ്പിച്ച മണ്ഡലം. മണ്ഡലം പിടിക്കാന്‍ 1989ല്‍ കവി ഒഎന്‍വി കുറുപ്പിനെപ്പോലും എല്‍ഡിഎഫ് രംഗത്തിറക്കിയെങ്കിലും ഫലം കണ്ടില്ല.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
1984, 1989, 1991 വര്‍ഷങ്ങളില്‍ എ ചാള്‍സിനെ കരുണാകരന്‍ അപ്രതീക്ഷിതമായി സ്ഥാനാര്‍ത്ഥിയാക്കിയതോടെ നാടാര്‍ വോട്ടുകള്‍ വിഭജിച്ചു. 1996ല്‍ സിപിഐയുടെ കെവി സുരേന്ദ്രനാഥിലൂടെ എല്‍ഡിഎഫ് മണ്ഡലം തിരിച്ചു പിടിച്ചു. 1998ല്‍ കെ കരുണാകരനിലൂടെയും 1999ല്‍ വിഎസ് ശിവകുമാറിലൂടെയും മണ്ഡലം കോണ്‍ഗ്രസ് നിലനിര്‍ത്തി. 2004ല്‍ സിപിഐയുടെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പികെ വാസുദേവന്‍ നായരാണ് വിജയിച്ചത്. അദ്ദേഹത്തിന്റെ നിര്യാണത്തെത്തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്‍ വിജയിച്ചു.
2009ലും 2014ലും 2019ലും ജയം കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനൊപ്പം. എ ചാള്‍സിനുശേഷം മണ്ഡലത്തിലെ ഹാട്രിക് വിജയം. തിരുവനന്തപുരം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, നേമം, കോവളം, നെയ്യാറ്റിന്‍കര, പാറശാല എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് തിരുവനന്തപുരം ലോക്സഭാ മണ്ഡലം.
1984ലെ തെരഞ്ഞെടുപ്പില്‍ ഇടുതു വലതുരാഷ്ട്രീയത്തെ പിടിച്ചുകുലുക്കി ഹിന്ദു മുന്നണി സ്ഥാനാര്‍ഥി പി കേരളവര്‍മ രാജ തന്റെ സ്ഥാനാര്‍ഥിത്വം ശ്രദ്ധേയമാക്കി. അന്ന് ഒരു ലക്ഷത്തിലേറെ വോട്ട് പിടിച്ച കേരളവര്‍മ രാജ അടുത്ത തെരഞ്ഞടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായെങ്കിലും ഹിന്ദുമുന്നണി നേടിയ വോട്ട് നേടാനായില്ല. 1998ല്‍ കേരളവര്‍മ രാജ ബിജെപിക്കായി ഒരുലക്ഷത്തിനടുത്ത് വോട്ട് പിടിച്ചു. 99ല്‍ ഒ രാജഗോപാല്‍ ബിജെപിയുടെ വോട്ടുവിഹിതം ഒന്നരലക്ഷത്തിലധികമാക്കി. 2004ലും രാജഗോപാല്‍ തന്നെ മത്സരിച്ചു. വോട്ട് വര്‍ധിച്ച് രണ്ട് ലക്ഷത്തിന് മുകളിലെത്തി.
2005ലെ ഉപതിരഞ്ഞെടുപ്പില്‍ സികെ പദ്മനാഭന്‍ കേവലം മുപ്പത്തിയാറായിരം വോട്ടുമായി മൂന്നാംസ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 2009ലെ തെരഞ്ഞെടുപ്പിലും ബിജെപിക്ക് രാജഗോപാലിന്റെ നേട്ടം നിലനിര്‍ത്താനായില്ല. ബിജെപി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2014ല്‍ വീണ്ടും രാജഗോപാല്‍ മത്സരിക്കുകയും ബിജെപിയെ വിജയത്തിനരികെ എത്തിക്കുകയും ചെയ്തു. 2019ല്‍ കുമ്മനം മത്സരിച്ചെങ്കിലും രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു.
കഴിഞ്ഞ രണ്ടുതെരഞ്ഞെടുപ്പുകളിലായി മൂന്നാം സ്ഥാനത്താണ് സിപിഐ. ഒരിക്കല്‍ കൂടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയെന്നത് സിപിഐക്കാര്‍ക്ക് ആലോചിക്കാനേ വയ്യ. അതുകൊണ്ടുതന്നെയാണ് പഴയ പടക്കുതിരയെ വീണ്ടും രംഗത്തിറക്കിയത്. ഇതിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പ് പ്രചാരണത്തിലും പ്രകടമാണ്. തീരദേശമേഖലയുടെ അകമഴിഞ്ഞ പിന്തുണയാണ് കോണ്‍ഗ്രസിന്റെ വിജയരഹസ്യം. ആരും വന്നാലും സിറ്റിങ് എംപിക്ക് വെല്ലുവിളിയാകില്ലെന്നാണ് കോട്ടകാക്കുന്നവര്‍ പറയുന്നത്. ഇത്തവണ വിജയിച്ചേ മടങ്ങുവെന്ന് ബിജെപിയും പറയുന്നു. തലസ്ഥാനത്ത് നിന്ന് രാജ്യതലസ്ഥാനത്തേക്ക് ആരെ കയറ്റിവിടും. അറിയാന്‍ കാത്തിരിക്കുക തന്നെ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates